പിഎന്‍ബി തട്ടിപ്പ് ; മെഹുല്‍ ചോക്‌സി കരീബിയന്‍ ദ്വീപിലേക്ക് കടന്നതായി സൂചന

Mehul Choksy

ന്യൂഡല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്ക് സാമ്പത്തിക തട്ടിപ്പ് കേസിലെ മുഖ്യപ്രതികളിലൊരാളായ വ്യവസായി മെഹുല്‍ ചോക്‌സി കരീബിയന്‍ ദ്വീപിലേക്ക് കടന്നതായി സൂചന. ദേശീയ വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐയാണ് ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. ചോക്‌സിക്ക് വ്യാജ പാസ്‌പോര്‍ട്ട് ലഭിച്ചതായും വിവരമുണ്ട്.

അതേസമയം ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിക്കപ്പെട്ടതിന് പിന്നാലെ രാജ്യത്തേക്ക് തിരികെ വന്നാല്‍ ആള്‍ക്കൂട്ടം തല്ലിക്കൊല്ലുമോയെന്ന് ഭയമുണ്ടെന്ന് മെഹുല്‍ ചോക്‌സി തന്റെ അഭിഭാഷകന്‍ മുഖേന മുംബൈയിലെ പ്രത്യേക സിബിഐ കോടതിയില്‍ പറഞ്ഞിരുന്നു. രാജ്യത്ത് വിവിധയിടങ്ങളില്‍ ആള്‍ക്കൂട്ടം ആളുകളെ തല്ലിക്കൊന്ന കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ജയിലിനുള്ളില്‍പ്പോലും കുറ്റാരോപിതനായ ഒരാള്‍ കൊല്ലപ്പെട്ട സാഹചര്യവും ഉണ്ടായിട്ടുണ്ട്. രാജ്യത്ത് ആള്‍ക്കൂട്ടക്കൊലയുടെ എണ്ണം ദിവസം തോറും വര്‍ധിക്കുകയാണ്. വഴിയില്‍വെച്ച് ജനക്കൂട്ടം ശിക്ഷ വിധിക്കുന്നതായാണ് കാണാന്‍ കഴിയുന്നത്. അതിനാല്‍ത്തന്നെ കേസില്‍ വാദം നടക്കുന്നില്ലെന്നും ചോക്‌സിയുടെ ഹര്‍ജിയില്‍ പറഞ്ഞിരുന്നു.

അതേസമയം, ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കഴിയാത്തതിന്റെ കാരണങ്ങള്‍ നിരത്തി സിബിഐക്ക് ഗീതാജ്ഞലി ഗ്രൂപ്പ് ഉടമ മെഹുല്‍ ചോക്‌സി കത്തയച്ചിരുന്നു. ദൂരയാത്ര ചെയ്യാന്‍ പറ്റിയ ആരോഗ്യസ്ഥിതിയിലല്ല താനെന്നും ചോക്‌സി പറഞ്ഞു. ഹൃദയസംബന്ധ ശസ്ത്രക്രിയ ഫെബ്രുവരി ആദ്യം നടന്നിരുന്നു. അതുസംബന്ധിച്ച തുടര്‍ചികിത്സ ഇനിയും പൂര്‍ത്തിയായിട്ടില്ല. നാല് മുതല്‍ ആറ് മാസം വരെ യാത്ര ചെയ്യരുതെന്നാണ് ഡോക്ടറുടെ നിര്‍ദേശമെന്നും ചോക്‌സി അവകാശപ്പെടുന്നു. ഇന്ത്യയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ തനിക്ക് മതിയായ ചികിത്സ ലഭിക്കുമോ എന്ന കാര്യത്തില്‍ ആശങ്കയുണ്ടെന്നും ചോക്‌സി പറഞ്ഞിട്ടുണ്ട്. താന്‍ നേരിടാനിടയുള്ള മാധ്യമവിചാരണയും തന്റെ വീട്ടുകാര്‍ സുരക്ഷിതരായിരിക്കില്ല എന്ന കാര്യവും ഇന്ത്യയിലേക്ക് മടങ്ങുന്നതില്‍ നിന്നും പിന്തിരിപ്പിക്കുന്നു എന്നും കത്തില്‍ പറയുന്നുണ്ട്.

പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും 12,600 കോടിയുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയതിനാണ് മെഹുല്‍ ചോക്‌സിയെയും അനന്തരവന്‍ നീരവ് മോദിയെയും സിബിഐയും എന്‍ഫോഴ്‌സ്‌മെന്റും കേസെടുത്ത് അന്വേഷണം നടത്തുന്നത്. ഇതിന്റെ ഭാഗമായി മെഹുല്‍ ചോക്‌സിയുടെ സ്വത്തുവകകള്‍ എന്‍ഫോഴ്‌സ്‌മെന്റ് കണ്ടുകെട്ടിയിരുന്നു. മുംബൈയിലെയും ഹൈദരാബാദിലെയും ഫ്‌ളാറ്റുകള്‍ അടക്കം 1217 കോടി വിലമതിക്കുന്ന സ്വത്തുവകകളാണ് കണ്ടുകെട്ടിയത്.

ഗീതാഞ്ജലി ജെംസ് പ്രമോട്ടറായ മെഹുല്‍ ചോക്‌സിയുടെ മുംബൈയിലെ 15 ഫ്‌ലാറ്റുകള്‍, 17 ഓഫീസ് സമുച്ചയങ്ങള്‍, കൊല്‍ക്കത്തയിലെ മാള്‍, ഹൈദരാബാദിലെ 500 കോടി വിലമതിക്കുന്ന 170 ഏക്കര്‍ പാര്‍ക്ക്, മഹാരാഷ്ട്രയിലെ ബോറിവാലിയിലെ നാല് ഫ്‌ലാറ്റുകള്‍, സാന്റാക്രൂസിലെ ഖേമു ടവേഴ്‌സിലെ ഒമ്പത് ഫ്‌ലാറ്റുകള്‍ തുടങ്ങിയവ പിടിച്ചെടുത്തതില്‍ ഉള്‍പ്പെടുന്നു. ക്രിമിനല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ ഇരുവരും രാജ്യം വിടുകയായിരുന്നു.

Top