പിഎന്‍ബി തട്ടിപ്പ്: നീരവ് മോദിയുടെ 56 കോടിയുടെ വസ്തുവകകള്‍ ദുബായിയില്‍ കണ്ടുകെട്ടി

Nirav MODI

ന്യൂഡല്‍ഹി: പിന്‍ബിയില്‍ നിന്ന് കോടികള്‍ വായ്പയെടുത്ത് ഇന്ത്യയില്‍ നിന്ന് മുങ്ങിയ വജ്രവ്യാപാരി നീരവ് മോദിയുടെ വസ്തുവകകള്‍ വീണ്ടും കണ്ടുകെട്ടി. 56 കോടി വിലമതിക്കുന്ന വസ്തുവകകളാണു ദുബായിയില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയതെന്നു പിടിഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. പിഎന്‍ബി ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് ഇതുവരെ 4800 കോടി രൂപയുടെ സ്വത്താണ് എന്‍ഫോഴ്മെന്റ് കണ്ടുകെട്ടിയത്.

കഴിഞ്ഞ മാസം നീരവ് മോദിയുടെ ഹോങ്കോംഗിലെ 255 കോടി വിലമതിക്കുന്ന ആഭരണങ്ങളും മറ്റും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പിടിച്ചെടുത്തിരുന്നു. ന്യുയോര്‍ക്കിലെ പ്രസിദ്ധമായ സെന്‍ട്രല്‍ പാര്‍ക്കിലുള്ള 216 കോടി രൂപ മൂല്യംവരുന്ന അപ്പാര്‍ട്ട്മെന്റുകള്‍, 278 കോടി രൂപയുടെ അഞ്ച് വിദേശ ബാങ്ക് അക്കൗണ്ടുകള്‍, ഹോങ്കോംഗിലെ 22.69 കോടി രൂപ വിലമതിക്കുന്ന വജ്രവ്യാപാരശാല, 57 കോടി മൂല്യമുള്ള ലണ്ടനിലെ ഫ്ളാറ്റ് എന്നിവ കണ്ടുകെട്ടിയവയില്‍ ഉള്‍പ്പെടുന്നു.

കേന്ദ്ര സര്‍ക്കാര്‍ പുറത്തുവിട്ട വിവരങ്ങള്‍ അനുസരിച്ച് പഞ്ചാബ് നാഷണല്‍ ബാങ്കില്‍നിന്ന് 13,700 കോടി രൂപയുടെ തട്ടിപ്പു നടത്തിയ മോദി ജനുവരിയില്‍ മുംബൈയില്‍നിന്ന് യുഎഇയിലേക്കു കടന്നതാണ്. ഇതേത്തുടര്‍ന്ന് മോദിയെ പിടികൂടാന്‍ സര്‍ക്കാര്‍ ഹോങ്കോംഗ് ഭരണകൂടത്തെ സമീപിച്ചതോടെ മോദി ലണ്ടനിലേക്കു കടന്നു.ഇപ്പോള്‍ ബെല്‍ജിയത്തിലാണ് നീരവ് മോദിയുള്ളതെന്നാണു അന്വേഷണ ഏജന്‍സികള്‍ക്കു ലഭിച്ചിരിക്കുന്ന സൂചന.

Top