പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ്: മലയാളി ഉള്‍പ്പെടെ നാല് പേര്‍ അറസ്റ്റില്‍

pnb

ന്യൂഡല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്കിലെ 11,000 കോടിയുടെ തട്ടിപ്പുമായി ബന്ധപ്പെട്ട കേസില്‍ ഒരു മലയാളി ഉള്‍പ്പെടെ നാല് പേര്‍കൂടി അറസ്റ്റിലായി. രണ്ട് ബാങ്ക് ജീവനക്കാര്‍, നീരവ് മോദി ഗ്രൂപ്പിലെ ഓഡിറ്റര്‍, ഗീതാഞ്ജലി ഗ്രൂപ്പ് ഡയറക്ടര്‍ എന്നിവരെയാണ് സി.ബി.ഐ ഞായറാഴ്ച അറസ്റ്റ് ചെയ്തത്.

പാലക്കാട് സ്വദേശി അനിയത്ത് ശിവരാമന്‍ നായരാണ് അറസ്റ്റിലായ മലയാളി.നീരവ് മോദിയുടെ അമ്മാവന്‍ മെഹുല്‍ ചോക്‌സിയുടെ കമ്പനിയായ ‘ഗീതാഞ്ജലി ജെം’സിന്റെ ഡയറക്ടര്‍മാരില്‍ ഒരാളാണ് ശിവരാമന്‍ നായര്‍.

പത്താം പ്രതിയായ ഇയാളെ കേസുമായി ബന്ധപ്പെട്ട് നേരത്തെ സി.ബി.ഐ കസ്റ്റഡിയിലെടുത്തിരുന്നു.

അതേസമയം കേസില്‍ നിരപരാധികളാണെന്ന് ശിവരാമന്‍ നായരുടെ കുടുംബം നേരത്തെ വ്യക്തമാക്കിയിരുന്നു. ഗീതാഞ്ജലി ഗ്രൂപ്പ് കമ്പനിയുടെ ഡയറക്ടര്‍ സ്ഥാനം ശിവരാമന്‍ നായര്‍ വര്‍ഷങ്ങളായി വഹിക്കുകയാണ്. എന്നാല്‍ ക്രമക്കേട് നടന്ന വിവരം കേസ് വന്നശേഷം മാത്രമാണ് അറിയുന്നതെന്നായിരുന്നു കുടുംബം നല്‍കിയ വിശദീകരണം.

Top