പ്രധാനമന്ത്രിയുടെ സുരക്ഷാ വീഴ്ച; മുന്‍ ജഡ്ജിയുടെ നേതൃത്വത്തില്‍ അന്വേഷണത്തിന് സുപ്രീംകോടതി ഉത്തരവ്

ന്യൂഡല്‍ഹി: നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രചരണ പരിപാടകള്‍ക്കായി പഞ്ചാബില്‍ എത്തിയ പ്രധാനമന്ത്രിക്ക് സുരക്ഷ നല്‍കുന്നതില്‍ വീഴ്ച വരുത്തിയ സംഭവം മുന്‍ ജഡ്ജിയുടെ നേതൃത്വത്തില്‍ അന്വേഷിക്കാന്‍ ഉത്തരവ്. സുപ്രീംകോടതിയാണ് ഉത്തരവിട്ടത്. ഇതിനായി മൂന്ന് അംഗ സമിതിയെ നിയോഗിച്ചു.

വിരമിച്ച സുപ്രീം കോടതി ജഡ്ജി അധ്യക്ഷന്‍ ആയുള്ള സമിതിയില്‍ എന്‍ ഐ എ ഡി ജി, എഡിജി ഇന്റലിജന്‍സ് പഞ്ചാബ് എന്നിവര്‍ ആണ് അംഗങ്ങള്‍. സ്വതന്ത്ര സമിതി മതിയെന്ന് പഞ്ചാബ് കോടതിയില്‍ പറഞ്ഞു.എന്നാല്‍ സുപ്രീംകോടതി മുന്‍ ജഡ്ജിയുടെ നേതൃത്വത്തില്‍ അന്വേഷണം ആവാമെന്ന് ചീഫ് ജസ്റ്റിസ് നിലപാട് എടുക്കുകയായിരുന്നു.

നടപടികള്‍ കോടതി മരവിപ്പിച്ച ശേഷം കേന്ദ്രം കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയെന്ന് പഞ്ചാബ് സുപ്രീം കോടതിയെ അറിയിച്ചു. എന്നാല്‍ നോട്ടീസ് നല്‍കിയത് കോടതി തീരുമാനത്തിനു മുമ്പെന്ന് കേന്ദ്രം വ്യക്തമാക്കി. എസ്പിജി നിയമം നിര്‍ദ്ദേശിക്കുന്ന സുരക്ഷയില്‍ വീഴ്ച വന്നെന്ന് കേന്ദ്രം കോടതിയെ അറിയിച്ചു. പ്രധാനമന്ത്രിയുടെ കാര്‍ മേല്‍പാലത്തില്‍ എത്തിയതു വരെ വഴിതടയലിനെക്കുറിച്ച് വിവരം കിട്ടിയില്ല. ഇത് പഞ്ചാബ് സര്‍ക്കാര്‍ സ്വയം ന്യായീകരിക്കുന്നത് വിചിത്രമെന്നും കേന്ദ്രം പറഞ്ഞു.

വീഴ്ച വന്നത് എവിടെയെന്ന് കേന്ദ്ര സമിതി അന്വേഷിക്കണമെന്ന് സോളിസിറ്റര്‍ ജനറല്‍ ആവശ്യപ്പെട്ടു. അന്വേഷണ സമിതി രൂപീകരിച്ച ശേഷം കാരണം കാണിക്കല്‍ നോട്ടീസ് എന്തിന് നല്‍കിയെന്ന് ചോദിച്ച കോടതി ഡിജിപി ഉത്തരവാദിയെന്ന് എങ്ങനെ നിശ്ചയിച്ചു എന്നും ചോദിച്ചു. എസ്പിജി നിയമപ്രകാമെന്ന് കേന്ദ്രം മറുപടി നല്‍കി. മൂന്നാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കാമെന്നും കേന്ദ്രം വ്യക്തമാക്കി.

Top