പ്രധാനമന്ത്രിയുടെ അക്കൗണ്ട് ഹാക്ക് ചെയ്ത സംഭവം; വിശദീകരണവുമായി ട്വിറ്റര്‍

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതില്‍ വിശദീകരണവുമായി ട്വിറ്റര്‍. നരേന്ദ്ര മോദിയുടെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതിനു പിന്നില്‍ ആഭ്യന്തര സാങ്കേതിക പ്രശ്‌നങ്ങളല്ലെന്ന് ട്വിറ്റര്‍ വിശദമാക്കി. പ്രധാനമന്ത്രിയുടെ അക്കൗണ്ട് മാത്രം ലക്ഷ്യമിട്ടാണ് ഹാക്കിങ് നടന്നതെന്നും ട്വിറ്റര്‍ വ്യക്തമാക്കി.

”പ്രധാനമന്ത്രിയുടെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടത് വ്യത്യസ്ത രീതിയിലാണ്. കഴിഞ്ഞ തവണ ലോകനേതാക്കളുടെ അക്കൗണ്ടുകള്‍ ഒരുമിച്ച് ഹാക്ക് ചെയ്യപ്പെട്ട സംഭവത്തില്‍ നിന്നും വ്യത്യസ്തമായി ഇത്തവണ ഒരു പ്രത്യേക അക്കൗണ്ട് മാത്രം ഉന്നം വെച്ചാണ് ഹാക്കിങ് നടന്നത്.” സംഭവത്തില്‍ പിഎംഒയുമായി പല തവണ ആശയ വിനിമയം നടത്തിയതായും ട്വിറ്റര്‍ വിശദീകരിച്ചു. ചുരുങ്ങിയ സമയത്തേക്കു മാത്രമാണ് പ്രധാനമന്ത്രിയുടെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതെന്നും ട്വിറ്റര്‍ വ്യക്തമാക്കി.

ഞായറാഴ്ച്ച രാവിലെയാണ് നരേന്ദ്ര മോദിയുടെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടത്. ഹാക്ക് ചെയ്യപ്പെട്ടതിനുശേഷം ക്രിപ്‌റ്റോകറന്‍സി സംബന്ധിച്ച ഒരു പ്രസ്താവന അക്കൗണ്ടില്‍ പോസ്റ്റ് ചെയ്യപ്പെട്ടിരുന്നു. സംഭവത്തില്‍ ഇലക്‌ട്രോണിക്‌സ് ആന്റ് ഇന്‍ഫോര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയം അന്വേഷണം ആരംഭിച്ചു.

Top