പിഎംസി തട്ടിപ്പ്: ജോയ് തോമസ് മതം മാറിയത് പേഴ്സണല്‍ അസിസ്റ്റന്റിനെ വിവാഹം ചെയ്യാന്‍

മുംബൈ: മഹാരാഷ്ട്ര പഞ്ചാബ് സഹകരണബാങ്ക് സാമ്പത്തിക തട്ടിപ്പ് കേസില്‍ പോലീസ് കസ്റ്റഡിയിലെടുത്തപിഎംസി മുന്‍ എംഡിയും മലയാളിയുമായ ജോയ് തോമസ് മതം മാറി ജുനൈദ് ഖാന്‍ ആയത് പേഴ്സണല്‍ അസിസ്റ്റന്റിനെ വിവാഹം ചെയ്യാനാണെന്ന് വെളിപ്പെടുത്തല്‍.

രണ്ടാമത്തെ ഭാര്യയായ ഇവരുടെ പേരില്‍ പൂനെയില്‍ ഒമ്പത് ഫ്ളാറ്റുകള്‍ രജിസ്റ്റര്‍ ചെയ്തതായും കേസന്വേഷണ സംഘം കണ്ടെത്തി. 2005ലാണ് മതം മാറി വിവാഹം ചെയ്തതെന്ന് ചോദ്യം ചെയ്യലിനിടെ ജോയ് തോമസ് സമ്മതിച്ചു.രണ്ട് ഭാര്യമാരുണ്ടായിരുന്നുവെന്നും ഇവരോടൊപ്പം കുടുംബജീവിതം നയിച്ചിരുന്നുവെന്നും ജോയ് തോമസ് അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു വിവാഹം ചെയ്ത് കുടുംബജീവിതം നയിക്കുന്നതിനിടെയാണ് പേഴ്‌സണല്‍ അസിസ്റ്റന്റിനോട് അടുപ്പം തോന്നിയത്. മുസ്ലിം സ്ത്രീയായ ഇവരെ വിവാഹം ചെയ്യുന്നതിനായാണ് 2005ല്‍ മതം മാറി ജുനൈദ് ഖാന്‍ എന്ന പേര് സ്വീകരിച്ചത്. പേര് മാറ്റിയതിന് സാമ്പത്തിക തട്ടിപ്പുമായി ബന്ധമില്ല.ഇടപാടുകളുമായി ബന്ധപ്പെട്ട രേഖകളിലൊന്നും ജുനൈദ് ഖാന്‍ എന്ന പേരില്ലെന്ന് ജോയ് തോമസ് സമ്മതിച്ചതായും പോലീസ് ഉദ്യോഗസ്ഥന്‍ കൂട്ടിച്ചേര്‍ത്തു.

നേരത്തെ ജോയ് തോമസിന്റെ പേരില്‍ മുംബൈയിലും താണെയിലുമുള്ള നാല് ഫ്ളാറ്റുകള്‍ പോലീസ് കണ്ടുകെട്ടിയിരുന്നു. ഇതില്‍ ഒരു ഫ്ളാറ്റ് ജോയ് തോമസിന്റെ ആദ്യ ഭാര്യയിലുള്ള മകന്റെ പേരിലാണ്. പൂനെയിലുള്ള ഫ്‌ളാറ്റുകള്‍ ഇരുവരുടേയും പേരിലാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.ജോയ് തോമസും രണ്ടാമത്തെ ഭാര്യക്കും പത്ത് വയസ്സുള്ള മകനും പതിനൊന്ന് വയസുള്ള ദത്തുപുത്രിയുമുണ്ട്. ജോയ് തോമസിന്റെ രണ്ടാം ഭാര്യയെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നതോടെ ആദ്യഭാര്യ വിവാഹമോചന കേസ് ഫയല്‍ ചെയ്തതായി ടൈസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.

മഹാരാഷ്ട്ര പഞ്ചാബ് സഹകരണബാങ്കില്‍ നിന്നും 4355 കോടി രൂപ സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസിലാണ് 62കാരനായ ജോയ് തോമസിനെ പോലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ഇയാളെക്കൂടാതെ റിയല്‍ എസ്റ്റേറ്റ് കമ്പനിയായഎച്ച്.ഡി.എല്ലിന്റെ പ്രൊമോട്ടര്‍മാരായ രാകേഷ് വദാവ, മകന്‍ സാരംഗ്, പിഎംസി ബാങ്ക് മുന്‍ ചെയര്‍മാന്‍ വര്യം സിങ് എന്നിവര്‍ക്കും സാമ്പത്തിക തിരിമറി കേസുമായി ബന്ധമുണ്ടെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്.

Top