6500 കോടിയുടെ ക്രമക്കേട്; പി.എം.സി ബാങ്ക് മുന്‍ എം.ഡി ജോയ്​ തോമസ്​ അറസ്റ്റിൽ‌

മും​ബൈ : പ‍ഞ്ചാബ് മഹാരാഷ്ട്ര സഹകരണ ബാങ്ക് അഴിമതിക്കേസിൽ ബാങ്കിന്റെ മുൻ എംഡിയും മലയാളിയുമായ ജോയ് തോമസ് അറസ്റ്റിൽ. മുംബൈ പൊലീസിലെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗമാണ് ജോയ് തോമസിനെ അറസ്റ്റ് ചെയ്തത്.

ജോയ് തോമസിന്‍റെ സ്ഥാപനങ്ങളിലും വീടുകളിലും പൊലീസ് ഇന്ന് റെയ്ഡ് നടത്തിയിരുന്നു. കേസിൽ അറസ്റ്റിലായ റിയൽ എസ്റ്റേറ്റ് സ്ഥാപനം HDIL ന്‍റെ ഉടമകളും ജോയ് തോമസിന്‍റെ പങ്കിനെക്കുറിച്ച് മൊഴി നൽകിയതോടെ അറസ്റ്റ് ഉറപ്പായിരുന്നു.

ബാങ്കിന്‍റെ 70 ശതമാനത്തിനലധികം വായ്പയും HDIL ന് മാത്രമായി നൽകിയതാണ് ബാങ്കിനെ പ്രതിസന്ധിയിലാക്കിയത്. ഇത് കിട്ടാക്കടമായി. ഇതിന് പിന്നിൽ ജോയ് തോമസിനും മുൻ ബാങ്ക് ചെയ‍ർമാൻ വാര്യം സിംഗിനും പങ്കുണ്ടെന്നാണ് പൊലീസ് കണ്ടെത്തൽ.

ആകെ വായ്പയുടെ 20 ശതമാനം മാത്രമാണ് വായ്പ അനുവദിക്കാൻ പാടുള്ളു എന്ന വ്യവസ്ഥ മറികടന്നായിരുന്നു ഇത്. ഇത്രയും പണം കിട്ടാക്കടമായതോടെയാണ് ബാങ്ക് പ്രതിസന്ധിയിലായത്. എച്ച്.ഡി.ഐ.എല്‍ ഡയറക്ടർമാരായ സാരംഗ് വഥാവൻ രാകേഷ് വധാവൻ എന്നിവരും അറസ്റ്റിലായിരുന്നു.

റിസര്‍വ് ബാങ്ക് പി.എം.സി ബാങ്ക് പ്രവര്‍ത്തനം മരവിപ്പിച്ചതിനു പിന്നാലെ, ബാങ്ക് പ്രവര്‍ത്തനങ്ങളെ ന്യായീകരിച്ച് പത്രസമ്മേളനം നടത്തിയ ജോയ് തോമസ്, പിന്നീട് ബാങ്കില്‍ നടന്ന തട്ടിപ്പുകള്‍ വിശദീകരിച്ച് റിസര്‍വ് ബാങ്കിന് കത്തെഴുതി. പത്രസമ്മേളന സ്ഥലത്ത് രകേഷ് വര്‍ധ്വാന്റെ ആള്‍ക്കാര്‍ വട്ടമിട്ടതിനാല്‍ തുറന്നുപറയാനായില്ലെന്ന് പിന്നീട് അഭിമുഖങ്ങളില്‍ അദ്ദേഹം പറഞ്ഞിരുന്നു.

22,000 വ്യാജ അക്കൗണ്ടുകളിലൂടെ 2008 മുതല്‍ 6500 കോടി രൂപയോളം കിട്ടാക്കടം നല്‍കിയെന്നാണ് ജോയ് തോമസിന്റെ വെളിപ്പെടുത്തല്‍. വഴങ്ങാതിരുന്നപ്പോള്‍ ഭീഷണിപ്പെടുത്തിയാണ് രാകേഷ് വായ്പക്ക് സമ്മതിപ്പിച്ചതെന്നും അദ്ദേഹം പറയുന്നു. ബാങ്ക് ചെയര്‍മാന്‍ വാര്യം സിങ്ങും രാകേഷും സുഹൃത്തുക്കളും പല ബിസിനസ് പങ്കാളികളുമാണെന്നും ജോയ് തോമസ് ആരോപിച്ചിരുന്നു.

അതേസമയം, വ്യാഴാഴ്ച അറസ്റ്റിലായ രാകേഷ് വര്‍ധ്വാന്‍, മകന്‍ സാരംഗ് വര്‍ധ്വാന്‍ എന്നിവരെ കോടതി അടുത്ത ബുധനാഴ്ച വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. വായ്പ തട്ടിപ്പിനുപയോഗിച്ച 44 അക്കൗണ്ടുകളില്‍ പത്തെണ്ണം എച്ച്.ഡി.െഎ.എല്‍ കമ്പനിയുമായി ബന്ധപ്പെട്ടും ചിലത് അറസ്റ്റിലായവരുടെ പേരിലുമാണെന്ന് പൊലീസ് കോടതിയില്‍ പറഞ്ഞു.

Top