എല്‍ഡിഎഫ് ഭരണത്തില്‍ ഗുണ്ടകളുടെ പറുദീസയായി കേരളം മാറിയെന്ന് പിഎംഎ സലാം

കോഴിക്കോട്: എല്‍ഡിഎഫ് ഭരണത്തില്‍ ഗുണ്ടകളുടെ പറുദീസയായി കേരളം മാറിയെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ആക്ടിങ് ജനറല്‍ സെക്രട്ടറി പിഎംഎ സലാം. കാപ്പ ചുമത്തപ്പെട്ട ഒരു ഗുണ്ടാ നേതാവിന് ഒരു പ്രയാസവുമില്ലാതെ ഒരാളെ തല്ലിക്കൊന്ന് പൊലീസ് സ്‌റ്റേഷനിലെത്തി വീരവാദം മുഴക്കാനുള്ള ധൈര്യമുണ്ടായത് കേരളം ഭരിക്കുന്നത് പിണറായി വിജയന്‍ ആയതുകൊണ്ട് മാത്രമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഷാന്‍ ബാബുവിന്റെ കൊലപാതകത്തിന്റെ ഉത്തരവാദിത്തം ആഭ്യന്തര വകുപ്പിനാണ്. ഗുണ്ടകളെയും ക്വട്ടേഷന്‍ സംഘങ്ങളെയും തീറ്റിപ്പോറ്റാനും ജയിലിലുള്ളവരെ പാര്‍ട്ടിക്ക് ആവശ്യമുള്ളപ്പോള്‍ ഇറക്കിവിട്ട് വീണ്ടും കുറ്റകൃത്യങ്ങള്‍ക്ക് പ്രേരിപ്പിക്കാനുമാണ് പിണറായി വിജയന്‍ ആഭ്യന്തര വകുപ്പിന്റെ പിടിവിടാത്തതെന്ന് കേരളത്തിന് ബോധ്യമായിട്ടുണ്ട് പിഎംഎ സലാം പറഞ്ഞു.

സ്വന്തം മകനെ ഗുണ്ടാനേതാവ് തട്ടിക്കൊണ്ടുപോയിട്ടുണ്ടെന്ന് പേരും വിവരങ്ങളും സഹിതം പാവപ്പെട്ട ഒരു സ്ത്രീ പരാതി പറഞ്ഞിട്ടും പൊലീസ് അനങ്ങിയില്ല എന്നത് ഗൗരവമുള്ള കാര്യമാണ്. കാപ്പ ചുമത്തപ്പെട്ട ഒരാള്‍ക്ക് യഥേഷ്ടം നാട്ടിലിറങ്ങി കുറ്റകൃത്യം ചെയ്യാന്‍ കഴിയുന്ന അവസ്ഥയാണ് കേരളത്തിലുള്ളത്. ഗുണ്ടകളെ കയറൂരി വിടുന്ന സിപിഎമ്മും സര്‍ക്കാരുമാണ് ഈ ദുരവസ്ഥക്ക് കാരണം.

ടിപി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതി പരോളിലിറങ്ങി ലഹരിമരുന്ന് പാര്‍ട്ടി നടത്തിയത് കഴിഞ്ഞ ആഴ്ചയാണ്. കേരളം ഗുണ്ടകള്‍ക്ക് ഒരു കൂസലുമില്ലാതെ വിലസാനുള്ള നാടായി മാറിയിരിക്കുന്നുവെന്നും അദ്ദേഹം വിമര്‍ശിച്ചു. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ടവര്‍ തന്നെ ഗുണ്ടകളുടെ സംരക്ഷകരായി മാറിയിരിക്കുന്നു.

ഇത്രയും ഭീകരമായ സ്ഥിതിവിശേഷം ഇതിനുമുമ്പ് കേരളത്തിലുണ്ടായിട്ടില്ല. ഗുണ്ടകളെ നിലയ്ക്കുനിര്‍ത്താന്‍ ആഭ്യന്തര വകുപ്പ് തയ്യാറായില്ലെങ്കില്‍ ജനം സര്‍ക്കാരിനെ വേണ്ടപോലെ കൈകാര്യം ചെയ്യും പിഎംഎ സലാം വ്യക്തമാക്കി.

Top