ആദ്യം ജനങ്ങളുടെ ജീവന്‍ രക്ഷിക്കണം, പിന്നീടാവാം കെ റെയില്‍; പിഎംഎ സലാം

കോഴിക്കോട്: കൊവിഡ് വ്യാപനം ശക്തമായിട്ടും കെ റെയില്‍ വിശദീകരണ യോഗങ്ങളും പാര്‍ട്ടി സമ്മേളനങ്ങളുമായി മുന്നോട്ട് പോകുന്ന സിപിഎമ്മിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം. കൊവിഡ് നിയന്ത്രണങ്ങളോട് ജനം സഹകരിക്കുന്നുണ്ടെന്നും സിപിഎമ്മാണ് സഹകരിക്കാതിരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

സിപിഎം സമ്മേളനങ്ങള്‍ മാറ്റാതെ പിടിവാശി കാണിക്കുന്നത് എന്തുകൊണ്ടാണെന്ന് സലാം ചോദിച്ചു. കാസര്‍കോട് ജില്ലാ കലക്ടര്‍ ഇറക്കിയ ഉത്തരവ് പോലും സിപിഎം സമ്മര്‍ദ്ദം ചെലുത്തി പിന്‍വലിപ്പിച്ചു. ജനങ്ങള്‍ക്ക് ഒരു നിയമവും സിപിഎമ്മുകാര്‍ക്ക് മറ്റൊരു നിയമവുമാണ് കേരളത്തില്‍. ആദ്യം ജനങ്ങളുടെ ജീവന്‍ രക്ഷിക്കണം, പിന്നീടാവാം കെ റെയില്‍ എന്നും ഇപ്പോള്‍ സര്‍ക്കാര്‍ നടത്തുന്ന കെ റെയില്‍ വിശദീകരണ യോഗങ്ങളെ വിമര്‍ശിച്ച് അദ്ദേഹം പറഞ്ഞു.

ഇതെല്ലാം സര്‍ക്കാരിന്റെ ധിക്കാരമാണെന്ന് പിഎംഎ സലാം കുറ്റപ്പെടുത്തി. സിപിഎം ലംഘിച്ചാല്‍ ബാക്കിയുള്ളവരും ലംഘിക്കും. സിപിഎം സമ്മേളനങ്ങള്‍ മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ട സലാം സംസ്ഥാന സര്‍ക്കാരിനെ സിപിഎം നേതാക്കള്‍ നിയന്ത്രിക്കുകയാണെന്നും കുറ്റപ്പെടുത്തി.

Top