നാളെ കേന്ദ്ര മന്ത്രിസഭാ യോഗം വിളിച്ച് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: കേന്ദ്രമന്ത്രിസഭാ യോഗം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ നാളെ ചേരും. രാജ്യത്തെ കോവിഡ് സ്ഥിതിവിശേഷങ്ങളും ചില മന്ത്രാലയങ്ങളുടെ പ്രവര്‍ത്തനങ്ങളും മന്ത്രിസഭാ യോഗത്തില്‍ അവലോകനം ചെയ്‌തേക്കും.

ബുധനാഴ്ച വൈകീട്ട് വെര്‍ച്വലായിട്ടാണ് പ്രധാനമന്ത്രി യോഗം വിളിച്ച് ചേര്‍ത്തിട്ടുള്ളത്. റോഡ്,ഗതാഗത മന്ത്രാലയം, സിവില്‍ ഏവിയേഷന്‍, ടെലികോം മന്ത്രാലയങ്ങള്‍ എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുമെന്ന് വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു. അതോടൊപ്പം തന്നെ കോവിഡ് സാഹചര്യങ്ങള്‍ സംബന്ധിച്ച് വിശദമായ ചര്‍ച്ചകളും നടത്തും. മന്ത്രിസഭാ പുനഃസംഘടനയുമായി ബന്ധപ്പെട്ട് അഭ്യൂഹങ്ങള്‍ നിലനില്‍ക്കവെയാണ് യോഗം.

വിവിധ മന്ത്രിമാരുടെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് കഴിഞ്ഞ ഒരാഴ്ചത്തോളം തുടര്‍ച്ചയായി പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ അവലോകന യോഗങ്ങള്‍ ചേര്‍ന്നിരുന്നു. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയും ബിജെപി അധ്യക്ഷന്‍ ജെ.പി.നഡ്ഡയുടെ വീടും കേന്ദ്രീകരിച്ചായിരുന്നു യോഗങ്ങള്‍ നടന്നിരുന്നത്. മന്ത്രിസഭാ വിപുലീകരണവും പുനഃസംഘടനയ്ക്കും ഒരുക്കം നടക്കുന്ന ഘട്ടത്തില്‍ നാളെ നടക്കുന്ന മന്ത്രിസഭാ യോഗത്തിന് വലിയ പ്രധാന്യമാണ് രാഷ്ട്രീയ നിരീക്ഷകര്‍ കല്‍പ്പിക്കുന്നത്.

 

Top