പ്രധാനമന്ത്രിയുടെ പഞ്ചാബ് സന്ദര്‍ശനം; മുഖ്യമന്ത്രിയുടെ ഹെലികോപ്റ്ററിന് അനുമതി നിഷേധിച്ചു

അമൃത്സര്‍: പഞ്ചാബില്‍ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ പ്രധാനമന്ത്രിക്കുള്ള സുരക്ഷ ക്രമീകരണങ്ങള്‍ കണക്കിലെടുത്ത് മുഖ്യമന്ത്രി ചരഞ്ജിത് സിങ് ചന്നിയുടെ ഹെലികോപ്ടറിന് അനുമതിയില്ല. ഇതോടെ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധി പങ്കെടുക്കുന്ന റാലിയില്‍ ചന്നിക്ക് പങ്കെടുക്കാന്‍ കഴിയില്ല.

ഹോഷിയാര്‍പൂരിലേക്കുള്ള മുഖ്യമന്ത്രിയുടെ യാത്ര കേന്ദ്രം തടഞ്ഞെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ രാഷ്ട്രീയ ഇടപെടലാണ് പിന്നിലെന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. പിന്നില്‍ രാഷ്ട്രീയ നീക്കമാണെന്നും എന്തുകൊണ്ട് തന്റെ ഹെലികോപ്ടറിന് അനുമതി നിഷേധിച്ചെന്ന് വ്യക്തമാക്കണമെന്നും മുഖ്യമന്ത്രി ചരഞ്ജിത് സിങ് ചന്നി ആവശ്യപ്പെട്ടു.

കര്‍ഷക സംഘടനകളുടെ പ്രതിഷേധ ഭീഷണിക്കിടെയാണ് പഞ്ചാബിലെ ജലന്ധറില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ റാലി നടക്കുന്നത്. ഇന്നും 16,17 തിയതികളിലുമായി മാള്‍വ, ദോബ, മജ എന്നീ മൂന്ന് മേഖലകള്‍ ഉള്‍ക്കൊള്ളുന്ന റാലികളിലാണ് നരേന്ദ്ര മോദി പങ്കെടുക്കുന്നത്. ഇന്ന് ജലന്തറിലും 16ന് പത്താന്‍ കോട്ടിലും 17ന് അബോഹറിലുമാണ് ആദ്യ റാലികള്‍. ജലന്തര്‍, കപൂര്‍ത്തല, ഭട്ടിന്‍ഡ എന്നീ മേഖലകളിലെ 27 നിയമസഭാ മണ്ഡലങ്ങളില്‍ ബുധനാഴ്ച നടത്താനിരുന്ന നരേന്ദ്ര മോദിയുടെ വെര്‍ച്വല്‍ റാലി റദ്ദാക്കിയ ശേഷമാണ് ഇന്നും 16,17 തിയതികളിലുമായി നടക്കുന്ന റാലികളില്‍ അദ്ദേഹം പങ്കെടുക്കുമെന്നറിയിച്ചത്.

കനത്ത സുരക്ഷയിലാണ് പ്രധാനമന്ത്രി പങ്കെടുക്കുന്ന റാലി നടക്കുക. റാലിക്കെത്തുന്ന പ്രധാനമന്ത്രിക്കതിരെ പ്രതിഷേധിക്കുമെന്ന് 23 കര്‍ഷ സംഘടനകള്‍ പ്രഖ്യാപിച്ചിച്ചുണ്ട്. ഈ സാഹചര്യത്തില്‍ സുരക്ഷക്രമീകരണങ്ങളുടെ ഭാഗമായി ഒരു വിഭാഗം കര്‍ഷക നേതാക്കളെ വീട്ടു തടങ്കലിലാക്കിയിരിക്കുകയാണ്. റാലി നടക്കുന്ന സ്ഥലത്തും പ്രധാനമന്ത്രിയെത്തുന്ന വഴികളിലും കറുത്ത കൊടി ഉയര്‍ത്തി പ്രതിഷേധമറിയിക്കുമെന്ന് കര്‍ഷകര്‍ അറിയിച്ചു.

Top