തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി മണിപ്പൂരില്‍ എത്തും

ഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി മണിപ്പൂര്‍ സന്ദര്‍ശിക്കും. ഫെബ്രുവരി 22ന് സംസ്ഥാനത്ത് എത്തുന്ന മോദി ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്കായി പ്രചാരണം നടത്തുമെന്ന് പാര്‍ട്ടി അധികൃതര്‍ അറിയിച്ചു. പ്രധാനമന്ത്രി ഇംഫാല്‍ ഈസ്റ്റ് ജില്ലയിലെ ലുവാങ്സംഗ്ബാം സ്പോര്‍ട്സ് കോംപ്ലക്സില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കും.

കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിന്‍ ഗഡ്കരി, കേന്ദ്ര തുറമുഖ, ഷിപ്പിംഗ്, ജലപാത മന്ത്രി സര്‍ബാനന്ദ സോനോവാള്‍ എന്നിവരും എത്തിയേക്കുമെന്ന് ബിജെപി മണിപ്പൂരിലെ നേതാക്കള്‍ അറിയിച്ചു. ത്രിപുര മുഖ്യമന്ത്രി ബിപ്ലപ് കുമാര്‍ ദേബും കേന്ദ്ര വനിതാ ശിശു വികസന മന്ത്രി സ്മൃതി ഇറാനിയും ഇംഫാല്‍ വെസ്റ്റ്, സേനാപതി, ജിരിബാം ജില്ലകളില്‍ ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്കായി പ്രചാരണം നടത്തുകയാണ്. വെള്ളിയാഴ്ച മണിപ്പൂര്‍ മുഖ്യമന്ത്രി എന്‍ ബിരേന്‍ സിംഗ്, ബിജെപി ദേശീയ വക്താവ് സംബിത് പത്ര, സ്ഥാനാര്‍ത്ഥികള്‍ മറ്റ് നേതാക്കള്‍ ഉള്‍പ്പെടെയുള്ളവരുടെ സമ്മേളനം നടത്തിയിരുന്നു.

തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുക്കാന്‍ മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ഫെബ്രുവരി 21 ന് എത്തും. സന്ദര്‍ശന വേളയില്‍ ഇംഫാലിലെ പാലസ് ഗേറ്റിലെ ഹഫ്ത കാങ്‌ജെയ്ബുങ് ഗ്രൗണ്ടില്‍ രാഹുല്‍ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യും. രാഹുല്‍ ഗാന്ധിയുടെ പ്രചാരണം മണിപ്പൂരിലെ കോണ്‍ഗ്രസ് അധ്യക്ഷന്‍ എന്‍ ലോകെന്‍ സിംഗ്, കോണ്‍ഗ്രസ് നിയമസഭാ കക്ഷി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഒ ഇബോബി സിംഗ് എന്നിവര്‍ നയിക്കും.

മുതിര്‍ന്ന നേതാവ് ജയറാം രമേശും മണിപ്പൂരിന്റെ കോണ്‍ഗ്രസ് ചുമതലയുള്ള ഭക്ത ചരണ്‍ ദാസും മറ്റ് നേതാക്കളും നിലവില്‍ തെരഞ്ഞെടുപ്പ് ആവശ്യങ്ങള്‍ക്കായി സംസ്ഥാനത്ത് ക്യാമ്പ് ചെയ്തിട്ടുണ്ട്. ഫെബ്രുവരി 28, മാര്‍ച്ച് 5 തീയതികളില്‍ 60 അംഗങ്ങളെ തെരഞ്ഞെടുക്കാന്‍ രണ്ട് ഘട്ടങ്ങളിലായി നടക്കുന്ന തെരഞ്ഞെടുപ്പില്‍ 17 വനിതകള്‍ ഉള്‍പ്പെടെ 265 സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കും. തെരഞ്ഞെടുപ്പ് ഫലം മാര്‍ച്ച് 10ന് പ്രഖ്യാപിക്കും.

 

Top