കോവിഡ് പ്രതിസന്ധി മറികടക്കാന്‍ 20ലക്ഷം കോടിയുടെ പാക്കേജ് പ്രഖ്യാപിച്ച് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: കോവിഡ് പ്രതിസന്ധി മറികടന്ന് ഇന്ത്യയെ സ്വയം പര്യാപ്തമാക്കാന്‍ 20 ലക്ഷം കോടിയുടെ പാക്കേജ് പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ പത്ത് ശതമാനം വരും ഈ തുക. ഇന്ത്യ ലോകത്തെ ഏറ്റവും മികച്ച ഉല്‍പന്നങ്ങള്‍ നിര്‍മിക്കും. വിതരണ ശൃംഖലകള്‍ ആധുനീകരിക്കും. രാജ്യത്തിന് കഴിവും ശേഷിയുമുണ്ട്. ലോകം ഇപ്പോള്‍ ധനകേന്ദ്രീകൃത സ്ഥിതിയില്‍നിന്ന് മനുഷ്യ കേന്ദ്രീകൃതമായി മാറി.

ഭൂമി, തൊഴില്‍, ധനലഭ്യത തുടങ്ങിയ എല്ലാ ഘടകങ്ങളും പാക്കേജിന്റെ ഭാഗമാകും. തൊഴിലാളികള്‍ക്കും കര്‍ഷകര്‍ക്കും ഇടത്തരക്കാര്‍ക്കുമെല്ലാം പദ്ധതിയിലൂടെ നേട്ടമുണ്ടാകും. ഇതിന്റെ വിശദാംശങ്ങള്‍ നാളെ മുതല്‍ ധനമന്ത്രി പ്രഖ്യാപിക്കും. ജീവിതത്തിനായി പൊരുതുന്ന ലോകത്ത് ഇന്ത്യയുടെ മരുന്നുകള്‍ നല്‍കുന്നതു പുതിയ പ്രതീക്ഷയാണ്. ഈ നടപടികളിലൂടെ ഇന്ത്യയെ ലോകമാകെ അഭിനന്ദിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി തിങ്കളാഴ്ച ചര്‍ച്ച നടത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണു രാജ്യത്തെ അഭിസംബോധന ചെയ്യാന്‍ പ്രധാനമന്ത്രി തീരുമാനമെടുത്തത്.

Top