PM to address top Commanders onboard INS Vikramaditya

ന്യൂഡല്‍ഹി: ലോകത്തിന്റെ കണ്ണുകള്‍ ചൊവ്വാഴ്ച കേരളത്തിലേക്ക്.

രാജ്യത്തെ കര-നാവിക-വ്യോമ സേനാ മേധാവികളും ഉന്നത ഉദ്യോഗസ്ഥരും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തില്‍ ആഴക്കടലില്‍ വിമാന വാഹിനിയായ ‘ഐഎന്‍എസ് വിക്രമാദിത്യ’ യില്‍ സമ്മേളിക്കുന്നതാണ് ലോക രാഷ്ട്രങ്ങള്‍ ഉറ്റു നോക്കുന്നത്. തീവ്രവാദ ആക്രമണങ്ങള്‍ ഉള്‍പ്പെടെ ഏത് അടിയന്തര സാഹചര്യം നേരിടുന്നതിനും സേനയെ സജ്ജമാക്കുന്നതിന് ആവശ്യമായ പുതിയ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും സുപ്രധാനമായ തീരുമാനങ്ങളും ആഴക്കടല്‍ യോഗത്തില്‍ ഉണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

modi 1

ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഡല്‍ഹിക്ക് പുറത്ത് മൂന്ന് സേനാ മേധാവികളുടെ നേതൃത്വത്തില്‍ പ്രധാനമന്ത്രിയുടെ സാന്നിധ്യത്തില്‍ യോഗം ചേരുന്നത്.

പ്രധാനമന്ത്രിയുടെ സുരക്ഷാ ചുമതലയുള്ള സ്‌പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പിന് പുറമെ കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിലേയും ഉന്നത ഉദ്യോഗസ്ഥര്‍ ആഴ്ചകള്‍ക്ക് മുമ്പ് തന്നെ കേരളത്തിലെത്തിയിരുന്നു.

ആഴക്കടല്‍ യോഗത്തിന്റെ പശ്ചാത്തലത്തില്‍ നാവിക-വ്യോമ സേനകളും കനത്ത സുരക്ഷയൊരുക്കിയിട്ടുണ്ട്.

modi 2

വന്‍കിട ലോക രാഷ്ട്രങ്ങളില്‍ ഉള്‍പ്പെടെ തീവ്രവാദ ആക്രമണം നിത്യ സംഭവമായി തുടരുകയും ഇന്ത്യയും ഐ.എസിന്റെ ടാര്‍ഗറ്റ് ആവുകയും ചെയ്ത സാഹചര്യത്തില്‍ കടുത്ത നിലപാടുകളിലേക്ക് നരേന്ദ്ര മോദി പോകുമെന്നാണ് അമേരിക്ക ഉള്‍പ്പെടെയുള്ള യൂറോപ്യന്‍ രാജ്യങ്ങള്‍ പ്രതീക്ഷിക്കുന്നത്. അതുകൊണ്ടുതന്നെ ചൊവ്വാഴ്ചത്തെ യോഗത്തിന് അമേരിക്കയും ബ്രിട്ടനും ഫ്രാന്‍സും റഷ്യയുമെല്ലാം വലിയ പ്രാധാന്യമാണ് നല്‍കുന്നത്.

ചൈനയും പാക്കിസ്ഥാനുമാകട്ടെ അതിര്‍ത്തി പ്രദേശങ്ങളിലെ ഇന്ത്യയുടെ നിലപാട് വെല്ലുവിളിയായതിനാല്‍ ആഴക്കടല്‍ യോഗ തീരുമാനം എന്തെന്നറിയാനുള്ള ആകാംക്ഷയിലാണ്.

modi 3

അതിര്‍ത്തിപ്രദേശങ്ങളായ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും ഇന്ത്യന്‍ മഹാ സമുദ്രത്തിലും സൈനിക സാന്നിധ്യം വര്‍ദ്ധിപ്പിക്കാന്‍ പ്രധാനമന്ത്രിയുടെ സാന്നിധ്യത്തില്‍ ചേരുന്ന യോഗത്തില്‍ തീരുമാനമാകുമെന്ന റിപ്പോര്‍ട്ടുകളാണ് ഇരു രാജ്യങ്ങളേയും ആശങ്കപ്പെടുത്തുന്നത്.

പ്രധാനമന്ത്രി പങ്കെടുക്കുന്ന കൊച്ചിയിലെ സായുധസേനാ യോഗം നടക്കുന്നത് കൊച്ചി തീരത്ത് നിന്ന് 40 കിലോമീറ്റര്‍ അകലെയുള്ള ആഴക്കടലില്‍ വച്ചാണ്.

modi 4

ചൊവ്വാഴ്ച രാവിലെ നാവികത്താവളത്തില്‍ മൂന്ന് സേനകളും ചേര്‍ന്ന് നല്‍കുന്ന ഗാര്‍ഡ് ഓഫ് ഓണര്‍ പരിശോധിച്ച ശേഷമാകും പ്രധാനമന്ത്രി ആഴക്കടലിലേക്ക് തിരിക്കുന്നത്. 9.15 ന് വ്യോമത്താവളത്തില്‍ നിന്ന് ഹെലികോപ്റ്ററില്‍ ‘ഐഎന്‍എസ്’ വിക്രമാദിത്യയിലെത്തും.

9.40 മുതല്‍ ഉച്ചയ്ക്ക് 1.15 വരെയായിരിക്കും യോഗം. കരസേനാ മേധാവി ജനറല്‍ ദല്‍ബീര്‍ സിങ് സുഹാഗ്, എയര്‍ ചീഫ് മാര്‍ഷല്‍ അരൂപ് റാഹ, നാവികസേനാ മേധാവി അഡ്മിറല്‍ ആര്‍ കെ ധവാന്‍ എന്നിവരുടെ നേതൃത്വത്തില്‍ മൂന്ന് സേനകളിലേയും ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുക്കും.

കഴിഞ്ഞ കാലയളവിലെ സേനകളുടെ പ്രവര്‍ത്തനങ്ങളും യോഗം വിലയിരുത്തും.

ഇതിന് ശേഷം ഉച്ചയ്ക്ക് 1.25 ന് ഹെലികോപ്റ്ററില്‍ തന്നെ പ്രധാനമന്ത്രി കരയിലേക്ക് മടങ്ങും.

Top