എട്ട് ഇന്ത്യക്കാരെ ഖത്തര്‍ ജയിലില്‍നിന്ന് മോചിപ്പിക്കാന്‍ പ്രധാനമന്ത്രി ഷാരൂഖ് ഖാനെ സമീപിച്ചു; സുബ്രഹ്‌മണ്യന്‍ സ്വാമി

ഡല്‍ഹി: വധശിക്ഷയില്‍നിന്ന് ഇളവുലഭിച്ച ഇന്ത്യയുടെ എട്ട് മുന്‍നാവികരെ ഖത്തര്‍ ജയിലില്‍നിന്ന് മോചിപ്പിക്കാന്‍ പ്രധാനമന്ത്രി ഷാരൂഖ് ഖാന്റെ സഹായം തേടിയെന്ന് ബി.ജെ.പി. നേതാവ് സുബ്രഹ്‌മണ്യന്‍ സ്വാമി. പ്രധാനമന്ത്രിയുടെ എക്സ് കുറിപ്പിന് താഴെയായാണ് സുബ്രഹ്‌മണ്യം സ്വാമിയുടെ പരാമര്‍ശം. മുന്‍നാവികരെ വിട്ടയക്കാന്‍ ഖത്തര്‍ ഷെയ്ഖുമാരെ സ്വാധീനിക്കുന്നതില്‍ വിദേശകാര്യമന്ത്രാലയവും ദേശീയ സുരക്ഷാ ഏജന്‍സിയും പരാജയപ്പെട്ടുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

പ്രധാനമന്ത്രി ഖത്തറും യു.എ.ഇയും സന്ദര്‍ശിക്കുന്നത് അറിയിച്ചുകൊണ്ടുള്ള പോസ്റ്റിന് താഴെയായിരുന്നു സുബ്രഹ്‌മണ്യന്‍ സ്വാമിയുടെ കമെന്റ്. ‘ഖത്തര്‍ ഷെയ്ഖുമാരില്‍ സ്വാധീനം ചെലുത്തുന്നതില്‍ വിദേശകാര്യമന്ത്രാലയവും ദേശീയ സുരക്ഷാ ഏജന്‍സിയും പരാജയപ്പെട്ടപ്പോള്‍, വിലയേറിയ ഒത്തുതീര്‍പ്പിലൂടെ നമ്മുടെ നാവികരെ മോചിപ്പിക്കാന്‍ ഇടപെട്ട സിനിമതാരം ഷാറൂഖ് ഖാനേയും മോദി ഖത്തര്‍ സന്ദര്‍ശനത്തില്‍ കൂടെക്കൂട്ടണം’, എന്നായിരുന്നു സുബ്രഹ്‌മണ്യന്‍ സ്വാമിയുടെ കമെന്റ്.

എട്ട് മുന്‍ നാവികരെ ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അലത്താനിയാണ് വിട്ടയക്കാന്‍ തീരുമാനിച്ചത്. ഇതോടെ മലയാളി ഉള്‍പ്പെടെ ഏഴുപേരും തിങ്കളാഴ്ച പുലര്‍ച്ചെ ഇന്ത്യയിലെത്തി. ക്യാപ്റ്റന്‍ നവ്‌തേജ് സിങ് ഗില്‍, ക്യാപ്റ്റന്‍ സൗരഭ് വസിഷ്ഠ്, ക്യാപ്റ്റന്‍ ബിരേന്ദ്ര കുമാര്‍ വര്‍മ, കമാന്‍ഡര്‍ സുഗുണാകര്‍ പകാല, കമാന്‍ഡര്‍ സഞ്ജീവ് ഗുപ്ത, കമാന്‍ഡര്‍ അമിത് നാഗ്പാല്‍, തിരുവനന്തപുരം സ്വദേശിയെന്ന് കരുതുന്ന നാവികന്‍ രാഗേഷ് ഗോപകുമാര്‍ എന്നിവരാണ് തിരിച്ചെത്തിയത്. ദോഹയില്‍ തുടരുന്ന കമാന്‍ഡര്‍ പൂര്‍ണേന്ദു തിവാരിയും വൈകാതെ ഇന്ത്യയിലെത്തും. ഇന്ത്യന്‍ നാവികസേനയില്‍നിന്ന് വിരമിച്ചശേഷം ഖത്തറിലെ സ്വകാര്യകമ്പനിയായ അല്‍ ദഹ്‌റയില്‍ ജോലിചെയ്യവേയാണ് ഇവര്‍ അറസ്റ്റിലായത്.

ദുബായില്‍നടന്ന കോപ്-28 ഉച്ചകോടിയില്‍ ഖത്തര്‍ അമീറുമായി പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ കൂടിക്കാഴ്ചയില്‍ നാവികരുടെ വിഷയവും ചര്‍ച്ചയായെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ദേശീയസുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും ഖത്തര്‍ അധികൃതരുമായുള്ള ചര്‍ച്ചകളില്‍ വലിയ പങ്കുവഹിച്ചതായും വാര്‍ത്തകളുണ്ടായിരുന്നു.

വിഷയത്തിലെ എല്ലാക്കാര്യങ്ങളിലും പ്രധാനമന്ത്രിയുടെ വ്യക്തിപരമായ മേല്‍നോട്ടമുണ്ടായിരുന്നു എന്നാണ് നാവികര്‍ തിരിച്ചെത്തിയ ശേഷം വിദേശകാര്യ സെക്രട്ടറി വിനയ് ഖ്വാത്ര പറഞ്ഞത്. ഇന്ത്യക്കാരെ തിരികെ വീട്ടിലെത്തിക്കുന്നത് ഉറപ്പാക്കാന്‍ എന്തുചെയ്യാനും അദ്ദേഹം മടിച്ചിട്ടില്ല. മോചനമാണോ മാപ്പുനല്‍കിയതാണോ എന്നൊക്കെ വിശേഷപദങ്ങളില്‍ പറയുന്നതിലും നാവികര്‍ തിരിച്ചെത്തിയെന്ന വസ്തുതയെയാണ് കാണേണ്ടതെന്നും വിദേശകാര്യ സെക്രട്ടറി പറഞ്ഞിരുന്നു.

Top