പ്രത്യേക വാഹനം വേണം; പൊലീസ് സ്റ്റേഷനില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ച് പ്രധാനമന്ത്രിയുടെ സഹോദരന്‍

ജയ്പുര്‍: പോലീസ് സ്റ്റേഷന് മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തി പ്രധാനമന്ത്രിയുടെ സഹോദരന്‍.തന്റെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് സഞ്ചരിക്കാന്‍ പ്രത്യേക വാഹനം വിട്ടുനല്‍കണമെന്നാവശ്യപ്പെട്ടാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സഹോദരന്‍ പ്രഹ്ലാദ് മോദി ബാഗ്രു പോലീസ് സ്റ്റേഷന് മുന്നില്‍ കുത്തിയിരുന്നത്.

ചൊവ്വാഴ്ചയായിരുന്നു സംഭവം. ജയ്പുരിലേയ്ക്ക് പോകുകയായിരുന്ന പ്രഹ്ലാദ് മോദിക്കൊപ്പം രണ്ട് പോലീസുകാരാണ് സുരക്ഷാ ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ടിരുന്നത്. നിയമപ്രകാരം സുരക്ഷാ ജീവനക്കാര്‍ പ്രഹ്ലാദ് മോദിക്കൊപ്പമാണ് യാത്ര ചെയ്യേണ്ടത്. എന്നാല്‍ തന്റെ വാഹനത്തില്‍ സുരക്ഷാ ജീവനക്കാരെ കൊണ്ടുപോകാന്‍ സാധിക്കില്ലെന്നും അവര്‍ക്ക് സഞ്ചരിക്കാന്‍ പ്രത്യേക വാഹനം വിട്ടുനല്‍കണമെന്നും ആവശ്യപ്പെട്ട് പ്രഹ്ലാദ് മോദി ഒരു മണിക്കൂറിലധികം പ്രതിഷേധം നടത്തി. ജയ്പുര്‍-അജ്മീര്‍ ദേശീയപാതയിലുള്ള ബാഗ്രു പോലീസ് സ്റ്റേഷനിലായിരുന്നു പ്രതിഷേധം.

നിയമം ചൂണ്ടിക്കാട്ടി പൊലീസുകാര്‍ പ്രഹ്ലാദ് മോദിയുമായി ചര്‍ച്ച നടത്തിയെങ്കിലും അദ്ദേഹം വഴങ്ങാന്‍ തയ്യാറായില്ല. സുരക്ഷാ ജീവനക്കാരെ നിയോഗിച്ചുകൊണ്ടുള്ള ഉത്തരവ് അദ്ദേഹത്തെ കാണിക്കുകയും കാര്യങ്ങള്‍ വിശദീകരിക്കുകയും ചെയ്തു. ഒടുവില്‍ അദ്ദേഹം സമ്മതിക്കുകയും സുരക്ഷാ ഉദ്യോഗസ്ഥരെ തന്റെ വാഹനത്തില്‍ കൊണ്ടുപോകാന്‍ തയ്യാറാവുകയും ചെയ്തതായി പോലീസ് കമ്മീഷണര്‍ ആനന്ദ് ശ്രീവാസ്തവ അറിയിച്ചു.

Top