Pm Office explainded Ommen chandy issue

ന്യൂഡല്‍ഹി: ആര്‍ ശങ്കറുടെ പ്രതിമാ അനാച്ഛാദന ചടങ്ങില്‍ നിന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ വിലക്കിയ സംഭവത്തില്‍ പ്രധാനമന്ത്രിയുടെ ഓഫീസിനെ വലിച്ചിഴച്ചതില്‍ മോഡിക്ക് അതൃപ്തി.

മുഖ്യമന്ത്രിയെ ചടങ്ങില്‍ നിന്ന് വിലക്കിയ സംഭവത്തില്‍ പ്രധാനമന്ത്രിക്കോ അദ്ദേഹത്തിന്റെ ഓഫീസിനോ യാതൊരു പങ്കുമില്ലെന്നിരിക്കെ ദേശീയ തലത്തില്‍ കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ മോഡിയെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നതില്‍ അദ്ദേഹം അസ്വസ്ഥനാണെന്നാണ് റിപ്പോര്‍ട്ട്.

എസ്എന്‍ഡിപി യോഗത്തിന്റെയും എസ്.എന്‍ ട്രസ്റ്റിന്റെയും ആഭിമുഖ്യത്തില്‍ നടക്കുന്ന ചടങ്ങില്‍ ആരൊക്കെയാണ് പങ്കെടുക്കേണ്ടതെന്നും, അവരെ ക്ഷണിക്കുന്നതും എസ്എന്‍ഡിപി യോഗത്തിന്റെ ഉത്തരവാദിത്വമായിരിക്കെ അതെങ്ങനെ തങ്ങളുടെ താല്‍പര്യമായി മാറുമെന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസ് ചോദിക്കുന്നത്.

ഇരിപ്പിടങ്ങളടക്കം പ്രോട്ടോകോള്‍ കാര്യങ്ങളാണ് പിഎം ഓഫീസ് തീരുമാനിക്കുന്നതെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

ഒരു സംസ്ഥാനത്തേയും മുഖ്യമന്ത്രിമാരോട് മോഡി ഇതുവരെ വിവേചനപരമായി പെരുമാറിയിട്ടില്ലെന്നും ഫെഡറല്‍ സംവിധാനത്തില്‍ സംസ്ഥാന മുഖ്യമന്ത്രിമാരുടെ അധികാരം സംബന്ധിച്ചും പ്രാധാന്യം സംബന്ധിച്ചും ഏറെക്കാലം ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന മോഡിക്ക് അറിയാവുന്നതാണെന്നും ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടി.

മുഖ്യമന്ത്രിയെ ചടങ്ങില്‍ പങ്കെടുപ്പിക്കേണ്ടയെന്ന് പറഞ്ഞിട്ടില്ലെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് തന്നെ ഇപ്പോള്‍ വ്യക്തമാക്കിയതോടെ വെള്ളാപ്പള്ളിയുടേയും മുഖ്യമന്ത്രിയുടേയും മുഖംമൂടിയാണ് അഴിഞ്ഞു വീണിരിക്കുന്നത്.

അതേസമയം കേരള സന്ദര്‍ശനത്തിനിടയില്‍ ഇതുസംബന്ധമായ വിശദീകരണം മോഡിയുടെ ഭാഗത്ത് നിന്നുണ്ടാകുമെന്ന പ്രതീക്ഷയിലാണ് മാധ്യമ ലോകം.

മോഡിയെ നേരിട്ട് കാണുമ്പോള്‍ തന്നെ വിലക്കിയ കാര്യം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തന്നെ നേരിട്ട് അദ്ദേഹത്തോട് പറയുമെന്നാണ് കോണ്‍ഗ്രസ് നേതൃത്വം പറയുന്നത്.

ഇതിനിടെ സോളാര്‍ കേസില്‍ ആരോപണ വിധേയനായ മുഖ്യമന്ത്രി, പ്രധാനമന്ത്രി പങ്കെടുക്കുന്ന ചടങ്ങില്‍ പങ്കെടുത്താല്‍ പ്രതിഷേധമുയരുമെന്ന് കണ്ടാണ് വിലക്കെന്ന വാദവും ഇതിനകം തന്നെ പൊളിഞ്ഞിട്ടുണ്ട്.

സോളാര്‍ സമരത്തിന് നേതൃത്വം കൊടുക്കുന്ന സിപിഎം തന്നെ മുഖ്യമന്ത്രിയെ വിലക്കിയ നടപടിക്കെതിരെ പരസ്യമായി രംഗത്ത് വന്നതും സ്ഥലം എംഎല്‍എ കൂടിയായ പാര്‍ട്ടി നേതാവ് പി.കെ ഗുരുദാസനോട് വിലക്കില്‍ പ്രതിഷേധിച്ച് പങ്കെടുക്കേണ്ടെന്ന് നിര്‍ദ്ദേശിച്ചതോടെയുമാണ് ഈ ആരോപണത്തിന്റെ മുനയൊടിഞ്ഞത്.

വെള്ളാപ്പള്ളി നടേശനുമായി വളരെ അടുത്ത ബന്ധം പുലര്‍ത്തുന്ന ഉമ്മന്‍ചാണ്ടിക്ക് പ്രതിമാ അനാച്ഛാദന ചടങ്ങില്‍ വിലക്ക് എര്‍പ്പെടുത്തിയ നടപടി മുഖ്യമന്ത്രിയുടെ’പ്രതിച്ഛായ’ മെച്ചപ്പെടുത്താന്‍ അണിയറയില്‍ ഒരുങ്ങിയ ‘തിരക്കഥയുടെ’ ഭാഗമാണെന്ന് കഴിഞ്ഞ ദിവസം Express Kerala റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഇതിനെ സാധൂകരിക്കുന്ന വെളിപ്പെടുത്തലുകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.

വെള്ളാപ്പള്ളി നടേശന്റെ പൂര്‍ണ്ണ നിയന്ത്രണത്തിലും താല്‍പര്യപ്രകാരവും സംഘടിപ്പിക്കപ്പെട്ട ചടങ്ങില്‍ നിന്ന് ആരുടെ അസംതൃപ്തിയിലാണ് മുഖ്യമന്ത്രി വെട്ടിനിരത്തപ്പെട്ടതെന്ന് വ്യക്തമാക്കാന്‍ വിവാദം കത്തിപ്പടര്‍ന്നിട്ടും വെള്ളാപ്പള്ളി നടേശന്‍ ഇതുവരെ തയ്യാറായിട്ടില്ല.

നിവൃത്തികേടു കൊണ്ട് എല്ലാക്കുറ്റവും താന്‍ ഏല്‍ക്കുന്നുവെന്ന് പറഞ്ഞ് ഒഴിഞ്ഞ് മാറാനാണ് അദ്ദേഹമിപ്പോള്‍ ശ്രമിക്കുന്നത്.

മുഖ്യമന്ത്രി പങ്കെടുക്കരുതെന്ന് ബിജെപിക്കോ ആര്‍എസ്എസിനോ താല്‍പര്യമുണ്ടായിരുന്നുവെങ്കില്‍ പ്രധാനമന്ത്രിയെ ക്ഷണിക്കുന്ന ഘട്ടത്തില്‍ തന്നെ അക്കാര്യം നേതൃത്വം വ്യക്തമാക്കുമായിരുന്നുവെന്നാണ് ബിജെപി നേതൃത്വവും പറയുന്നത്.

മുഖ്യമന്ത്രിയുടെ പ്രതിച്ഛായ മെച്ചപ്പെടുത്താനുള്ള നാടകത്തിന്റെ ഭാഗമാണ് ഇപ്പോഴത്തെ വിവാദങ്ങളെന്ന് തുറന്നടിച്ച ബിജെപി പക്ഷേ ‘നാടക’ ത്തിന്റെ തിരക്കഥ ആരുടേതെന്ന് വ്യക്തമാക്കാതെ ഒഴിഞ്ഞ് മാറുകയാണ് ചെയ്തത്.

എസ്എന്‍ഡിപി യോഗം മുന്‍കൈയെടുത്ത് രൂപീകരിച്ച ഭാരത് ധര്‍മ്മ ജന സേനയുമായി സഖ്യത്തിലായി നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടാന്‍ ഒരുങ്ങുന്നതിനാലാണ് വിവാദ പ്രതികരണങ്ങള്‍ക്ക് ബിജെപി നേതൃത്വം മുതിരാതിരിക്കുന്നതെന്നാണ് സൂചന.

അതേസമയം, പുതിയ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാനല്ല മറിച്ച് ഉമ്മന്‍ചാണ്ടിയുടെ നില ഭദ്രമാക്കാനാണ് വെള്ളാപ്പള്ളി ശ്രമിക്കുന്നതെന്ന വികാരം ബിജെപി അണികള്‍ക്കിടയിലും നേതാക്കള്‍ക്കിടയിലും ഇതിനകം തന്നെ ഉയര്‍ന്നിട്ടുണ്ട്.

പ്രതിമാ അനാച്ഛാദന വിവാദത്തില്‍ പൊതുസമൂഹത്തിനിടയില്‍ പാര്‍ട്ടി പ്രതിക്കൂട്ടിലായതില്‍ കടുത്ത പ്രതിഷേധമാണ് ബിജെപിക്കുള്ളില്‍ ഉയരുന്നത്. ദേശീയ തലത്തില്‍ തന്നെ പാര്‍ട്ടിയുടെയും പ്രധാനമന്ത്രിയുടെയും ഇമേജിനെ ബാധിക്കുന്ന തരത്തിലേക്ക് കാര്യങ്ങള്‍ മാറുന്നതില്‍ കേന്ദ്രമന്ത്രിമാര്‍ക്കിടയിലും ആശങ്കയുണ്ട്.

ലോക്‌സഭയില്‍ ഇക്കാര്യം ഉന്നയിച്ച് കോണ്‍ഗ്രസ് അംഗങ്ങള്‍ ബഹളം വച്ചതോടെ സഭ നിര്‍ത്തി വയ്‌ക്കേണ്ടി വന്നിരുന്നു.

അതേസമയം, വെള്ളാപ്പള്ളിയുടെ താല്‍പര്യ പ്രകാരമാണ് മുഖ്യമന്ത്രിക്ക് വിലക്കേര്‍പ്പെടുത്തിയതെന്ന് വന്നാല്‍ അത് പ്രത്യക്ഷത്തില്‍ തന്നെ ഒത്ത് കളിയാണെന്ന് വ്യക്തമാകുമെന്നതിനാലാണ് ബിജെപിയുടെയും പ്രധാനമന്ത്രിയുടെ ഓഫീസിന്റെയും മേല്‍ പഴികെട്ടിവച്ചതെന്നാണ് പറയപ്പെടുന്നത്.

വിവാദം ഉമ്മന്‍ചാണ്ടിക്ക് കിട്ടിയ അനുഗ്രഹമായി കണക്കാക്കുന്നുവെന്നും, സോളാര്‍ കേസില്‍ കൊത്തിക്കീറിയവര്‍ അദ്ദേഹത്തിന്റെ ആരാധകരായി മാറിയതില്‍ സന്തോഷമുണ്ടെന്നുമുള്ള വെള്ളാപ്പള്ളിയുടെ പ്രതികരണത്തേയും സംശയത്തോടെയാണ് ബിജെപി നേതൃത്വം നോക്കി കാണുന്നത്.

Top