‘പിഎം നരേന്ദ്ര മോദി’ ചിത്രം റിലീസ് ചെയ്യുന്നതു തടയണമെന്ന ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതകഥ ആസ്പദമാക്കിയുള്ള പിഎം നരേന്ദ്ര മോദി എന്ന ഹിന്ദി ചലച്ചിത്രം റിലീസ് ചെയ്യുന്നതു തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാല്‍ ഇത്തരം സിനിമകള്‍ പെരുമാറ്റച്ചട്ടം ലംഘിക്കുന്നെന്നു ചൂണ്ടിക്കാട്ടി നല്‍കിയ പൊതുതാത്പര്യ ഹര്‍ജിയാണ് തള്ളിയത്.

സിനിമ റിലീസ് ചെയ്യുന്നതിനെതിരേ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷനെയും സമീപിച്ചിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പ് പൂര്‍ത്തിയാവുന്നത് വരെ ചിത്രത്തിന്റെ പ്രദര്‍ശനം നിര്‍ത്തിവയ്ക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെടുന്നു. നേരത്തേ, ഇതേ ആവശ്യവുമായി ഡിഎംകെയും തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നു. സമാനമായ ഹര്‍ജി അലഹാബാദ് ഹൈക്കോടതിയിലും ബോംബെ ഹൈക്കോടതിയിലും നല്‍കിയിട്ടുണ്ട്.

ഒമംഗ് കുമാര്‍ സംവിധാനം ചെയ്യുന്ന ‘പിഎം നരേന്ദ്ര മോദി’യില്‍ വിവേക് ഒബ്‌റോയാണ് ടൈറ്റില്‍ റോളിലെത്തുന്നത്. മനോജ് ജോഷി, ദര്‍ശന്‍ കുമാര്‍, ബൊമാന്‍ ഇറാനി, പ്രശാന്ത് നാരായണന്‍, സെറീന വഹാബ് തുടങ്ങിയവര്‍ ചിത്രത്തിലുണ്ട്. ഏപ്രില്‍ 12ന് രാജ്യമൊട്ടാകെ ചിത്രം റിലീസ് ചെയ്യും.

Top