‘പി എം നരേന്ദ്രമോദി’ ; ട്രെയിലർ യൂട്യൂബിൽ നിന്ന് നീക്കം ചെയ്തു

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതം പ്രമേയമാക്കി ഒമങ് കുമാർ സംവിധാനം ചെയ്ത ‘പി എം നരേന്ദ്രമോദി’ ചിത്രത്തിന്റെ ട്രെയിലർ യൂട്യൂബിൽ നിന്ന് നീക്കം ചെയ്തു. മാർച്ചിലാണ് ട്രെയിലർ റിലീസ് ചെയ്തത്‌. ചിത്രവുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് പിന്നാലെയാണ് ട്രെയിലർ യൂട്യൂബിൽ നിന്ന് അപ്രത്യക്ഷമായിരിക്കുന്നത്.

സിനിമ കാണാതെ തെരഞ്ഞെടുപ്പ് കമ്മീഷൻ ചിത്രത്തിന് വിലക്കേർപ്പെടുത്തിയെന്ന നിർമ്മാതാക്കളുടെ ഹർജിയിൽ സിനിമ കണ്ട് ചട്ടലംഘനം ഉണ്ടോയെന്ന് പരിശോധിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായുള്ള ബെഞ്ചാണ് ഹർജി പരിഗണിച്ചത്.

വിവേക് ഒബ്റോയും സന്ദീപ് സിങ്, ആനന്ദ് പണ്ഡിറ്റ്, ആചാര്യ മനീഷ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. വിവേക് ഒബ്റോയ് ആണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയായി അഭിനയിക്കുന്നത്.

ചിത്രത്തിൽ അമിത് ഷായെ അവതരിപ്പിക്കുന്നത് മനോജ് ജോഷിയാണ്. ദർശൻ കുമാർ, ബൊമാൻ ഇറാനി, പ്രശാന്ത് നാരായണൻ, സെറീന വഹാബ്, ബർഖ ബിഷ്ത് സെൻഗുപ്ത, അൻജൻ ശ്രീവാസ്തവ് തുടങ്ങിയവർ ആണ് മറ്റ് അഭിനേതാക്കൾ. ഡൽഹി, അഹമ്മദാബാദ്,കച്ച്,ഉത്തരാഖണ്ഡ്, മുംബൈ എന്നിവിടങ്ങളിലായിരുന്നു ചിത്രത്തിന്റെ ഷൂട്ടിംഗ്.

Top