അഴിമതിക്കാര്‍ എത്തേണ്ടിടത്ത് എത്തും, ഖജനാവ് കൊള്ളയടിക്കുന്നതും അവസാനിക്കും;പ്രധാനമന്ത്രി

പാരീസ്: അധികാരത്തില്‍ തിരിച്ച് വന്ന് 75 ദിവസങ്ങള്‍ക്കകം നടപ്പിലാക്കിയ വലിയ തീരുമാനങ്ങള്‍ക്ക് ശക്തിപകര്‍ന്നത് 125 കോടിവരുന്ന ഇന്ത്യന്‍ ജനതയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.

പുതിയ ഇന്ത്യയില്‍ അഴിമതിക്കാരായ നേതാക്കള്‍ പരക്കം പായുകയാണ്, അഴിമതിക്കാര്‍ എത്തേണ്ടിടത്ത് എത്തും. ഖജനാവ് കൊള്ളയടിക്കുന്നതിനും അവസാനമാകുമെന്നും മോദി പറഞ്ഞു.

ഇന്ത്യയെ മുന്നോട്ട് നയിക്കുക എന്നതിന് അപ്പുറത്തേക്ക് ഒരു പുതിയ ഇന്ത്യയെ നിര്‍മ്മിക്കുക എന്നതാണ് 2019 തിരഞ്ഞെടുപ്പ് വിജയം തന്നെ ഏല്‍പ്പിച്ച ഉത്തരവാദിത്വം. കഴിഞ്ഞ അഞ്ച് വര്‍ഷക്കാലം സര്‍ക്കാര്‍ നടപ്പിലാക്കിയ നിരവധി പദ്ധതികളിലൂടെ യുവാക്കള്‍ക്കും, കര്‍ഷകര്‍ക്കും, സ്ത്രീകള്‍ക്കും, ദരിദ്രര്‍ക്കുമായി നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കാന്‍ കഴിഞ്ഞു. പല പഠനങ്ങളും തെളിയിക്കുന്നത് ഇന്ത്യയില്‍ വലിയ അളവിലുള്ള ദാരിദ്ര നിര്‍മാര്‍ജനം നടന്നുകഴിഞ്ഞു എന്നതാണ്. ലോകത്തിലെ ഏറ്റവും വലിയ ആരോഗ്യ പദ്ധതി നടപ്പിലാക്കിയത് ഇന്ത്യയിലാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

മുത്തലാക്ക് മനുഷ്യത്വ വിരുദ്ധമായ ആചാരമായിരുന്നു. ആയിരക്കണക്കിന് മുസ്ലിം സ്ത്രീകളോട് അനീതി ചെയ്തിരുന്ന ആ ആചാരം നാം അവസാനിപ്പിച്ചു. പൊതുമുതല്‍ കൊള്ളയടിക്കല്‍, സ്വജനപക്ഷപാതം, തീവ്രവാദം പോലുള്ള സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരായ ശക്തമായ നടപടികള്‍ രാജ്യം കൈക്കൊള്ളുകയാണെന്നും അദ്ദേഹം അറിയിച്ചു.

ഫ്രാന്‍സിലെ പാരീസില്‍ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് പ്രധാനമന്ത്രി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. പാരീസിലെ യുനസ്‌കോ ആസ്ഥാനത്ത് നടന്ന പരിപാടിയിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്തത്. ത്രിരാഷ്ട്ര സന്ദര്‍ശനത്തിന്റെ ഭാഗമായാണ് പ്രധാനമന്ത്രി ഫ്രാന്‍സിലെത്തിയത്. ഫ്രാന്‍സ് സന്ദര്‍ശനത്തിന് ശേഷം യു.എ.ഇയും ബഹ്റൈനും സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രി ജി 7 ഉച്ചകോടിക്കായി പാരീസിലേക്ക് തന്നെ തിരിച്ചെത്തും.

Top