മോദിയുടെ നോട്ട് നിരോധനത്തിനുശേഷം വന്‍ സാമ്പത്തിക ശക്തിയായി ഇന്ത്യയുടെ കുതിപ്പ്‌

ന്യൂഡല്‍ഹി : രാജ്യത്തെ മുഴുവന്‍ ഞെട്ടിച്ചുകൊണ്ടാണ് 2016 നവംബര്‍ 8ന് നോട്ട് നിരോധനമെന്ന തീരുമാനം പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത്.

കള്ളപ്പണം ഇല്ലാതാക്കാനും ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്ക് തടയിടാനും എന്ന ലക്ഷ്യത്തോടെ പ്രഖ്യാപിക്കപ്പെട്ട നോട്ട് നിരോധനം മൂലം സാധാരണക്കാരന്‍ അനുഭവിച്ച ദുരിതം ചെറുതൊന്നുമല്ല. എന്നാല്‍ ഒന്നും കാണാതെയല്ല ഇത്ര കടുത്ത തീരുമാനം മോദി സര്‍ക്കാര്‍ എടുത്തത് എന്നാണ് പുറത്ത് ഇപ്പോള്‍ വരുന്ന റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്.

ഏകദേശം അഞ്ച് ലക്ഷം കോടി രൂപയുടെ നേട്ടമാണ് നോട്ട് നിരോധനം രാജ്യത്തിന്റെ സമ്പത്ത് ഘടനയ്ക്ക് നല്‍കികൊടുത്തതെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ ഉന്നതതല വിലയിരുത്തല്‍.

നികുതിനിര്‍ദേശം വിസ്തൃതമാക്കിയതും, ഡിജിറ്റല്‍ സാമ്പത്തികരംഗത്തിന് കുതിപ്പ് നല്‍കിയതും, ബാങ്ക് നിക്ഷേപം വര്‍ധിച്ചതും, ഇപിഎഫ് നിക്ഷേപം വര്‍ധിച്ചതും നിര്‍മ്മാണമേഖല ശക്തിപ്പെട്ടതുമെല്ലാം നോട്ട് നിരോധനം കൊണ്ടുള്ള നേട്ടമായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

നോട്ട് നിരോധനം മൂലം ഇന്ത്യയുടെ നികുതി വരുമാനത്തില്‍ ഇരട്ടിയോളം വര്‍ധനവുണ്ടാകുമെന്നാണ് വിലയിരുത്തല്‍.

17.77 ലക്ഷം കോടിയുടെ നോട്ടുകളായിരുന്നു നോട്ട് നിരോധന സമയം, അതായത് നവംബര്‍ എട്ടുവരെ രാജ്യത്തുണ്ടായിരുന്നത്.ഈ മെയ് മാസത്തില്‍ ഈ പണത്തിന്റെ മൂല്യം 19.25 കോടിയാകുമായിരുന്നു. പഴയ നോട്ടുകള്‍ പിന്‍വലിച്ച് പുതിയ നോട്ടുകളിറക്കിയപ്പോള്‍, പിന്‍വലിച്ചയത്രയും നോട്ടുകള്‍ പുതിയതായി ഇറക്കിയില്ല. നിലവിലെ റിസര്‍വ് ബാങ്ക് കണക്കനുസരിച്ച് ഇന്ത്യയില്‍ നോട്ടിനത്തില്‍ പ്രചരിക്കുന്നത് 14.2 ലക്ഷം കോടി രൂപ മാത്രമാണെന്ന് റിപ്പോര്‍ട്ടിലുണ്ട്. നോട്ട് നിരോധനം നടപ്പിലാക്കിയില്ലെങ്കില്‍ ഇത്രകൂടി പണം വിപണിയിലുണ്ടാകുമായിരുന്നു.

നോട്ട് നിരോധനം അഞ്ച് ലക്ഷത്തോളം കോടി രൂപ ഇത്തരത്തില്‍ കുറച്ചുകൊണ്ടുവരാന്‍ സഹായിച്ചു. ഇത് ജനങ്ങളുടെ പണമുപയോഗത്തിലുള്ള കുറവ് കൂടിയാണ് സൂചിപ്പിക്കുന്നതെന്നും, പണമുപയോഗം കുറയുന്നത് രാജ്യത്തിന്റെ സാമ്പത്തികവളര്‍ച്ചയ്ക്ക് ഗുണമാകുന്നുമെന്നുമാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.

നിലവില്‍ ഇന്ത്യയിലെ എല്ലാ ഇടപാടുകളും കൃത്യമായി നടക്കാന്‍ 14.2 ലക്ഷത്തിന്റെ നോട്ടുകള്‍ മാത്രമേ ആവശ്യമുള്ളൂവെന്നും സര്‍ക്കാര്‍ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു

Top