കോവിഡില്‍ കേന്ദ്രം രാഷ്ട്രീയം കളിക്കരുത്; മോദിയുമായുള്ള ചര്‍ച്ചയില്‍ തുറന്നടിച്ച് മമത

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി.കോവിഡിനെ കേന്ദ്ര സര്‍ക്കാര്‍ രാഷ്ട്രീയമായി ഉപയോഗിക്കുകയാണെന്നാണ് മമതയുടെ ആരോപണം.കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായുള്ള മൂന്നാംഘട്ട ലോക്ഡൗണ്‍ അവസാന ആഴ്ചയിലേക്കു പ്രവേശിച്ചിരിക്കെ,സംസ്ഥാന മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലാണ് മമതയുടെ ഈ പരസ്യമായ വിമര്‍ശനം.

കേന്ദ്രം ബംഗാളിനോട് വിവേചനം കാണിക്കുന്നുവെന്നും മമത ആരോപിച്ചു. കോവിഡ് വിഷയത്തില്‍ ആഭ്യന്തരമന്ത്രി അമിത് ഷായുടെ നടപടികളിലും മമത പ്രതിഷേധം അറിയിച്ചു.

ലോക്ഡൗണില്‍ ഘട്ടംഘട്ടമായി ഇളവു വരുത്തുന്നതിനെക്കുറിച്ച് പ്രധാനമന്ത്രി ചര്‍ച്ച ചെയ്തു. വിവിധ സംസ്ഥാനങ്ങളില്‍ കുടുങ്ങിപ്പോയ അതിഥി തൊഴിലാളികളെയും മറ്റുള്ളവരെയും അവരുടെ നാട്ടിലേക്ക് തിരിച്ചെത്തിക്കുന്നതു പ്രധാന വിഷയമായി ഉന്നയിക്കപ്പെട്ടു. ലോക്ഡൗണ്‍ അവസാനിക്കും മുന്‍പുതന്നെ തകര്‍ച്ചയിലായ സമ്പദ് വ്യവസ്ഥ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിക്കണമെന്നു സംസ്ഥാനങ്ങള്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടു.

ലോക്ക്ഡൗണ്‍ പൂര്‍ണമായും പിന്‍വലിക്കണമെന്ന് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡി ആവശ്യപ്പെട്ടു. കോവിഡിനെ സ്വന്തം നിലയ്ക്ക് നേരിടാന്‍ തയ്യാറാകണമെന്നും ജഗന്‍മോഹന്‍ റെഡ്ഡി കൂട്ടിച്ചേര്‍ത്തു. ലോക്ഡൗണ്‍ അവസാനിക്കാന്‍ ഏതാനും ദിവസങ്ങള്‍ മാത്രം ബാക്കിയുള്ളപ്പോള്‍ അസുഖ ബാധിതരുടെയും മരിക്കുന്നവരുടെയും എണ്ണം ഉയരുന്നതില്‍ മുഖ്യമന്ത്രിമാര്‍ ആശങ്ക രേഖപ്പെടുത്തുകയും ചെയ്തു.

നേരത്തേതില്‍ നിന്നു വ്യത്യസ്തമായി എല്ലാ സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാര്‍ക്കു സംസാരിക്കാന്‍ അവസരമുണ്ടായിരുന്നു എന്നതാണ് തിങ്കളാഴ്ചത്തെ യോഗത്തിന്റെ പ്രത്യേകത. വൈകിട്ട് മൂന്നിനു തുടങ്ങിയ യോഗം തുടരുകയാണ്.കോവിഡുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി നടത്തുന്ന അഞ്ചാമത്തെ വീഡിയോ കോണ്‍ഫറന്‍സ് ആണിത്.

മുഖ്യമന്ത്രിമാര്‍ക്ക് പുറമേ കേന്ദ്രമന്ത്രിമാരായ അമിത് ഷാ, രാജ്‌നാഥ് സിങ്, നിര്‍മലാ സീതാരമന്‍ എന്നിവരും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ യോഗത്തില്‍ പതിനഞ്ചാമതായാണ് സംസാരിക്കുക.

Top