ഭയപ്പെടേണ്ടതില്ല, നിങ്ങളുടെ കാവല്‍ക്കാരന്‍ ഇന്ത്യയെ എപ്പോഴും സംരക്ഷിച്ചു കൊണ്ടിരിക്കും ; നരേന്ദ്രമോദി

തിരുവനന്തപുരം: ഇന്ത്യ ഒരു തരത്തിലും ഭയപ്പെടേണ്ടതില്ല. നിങ്ങളുടെ കാവല്‍ക്കാരന്‍ ഇന്ത്യയെ എപ്പോഴും സംരക്ഷിച്ചു കൊണ്ടിരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മോദി.

ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് ഇത് രണ്ടാം തവണയാണ് പ്രധാനമന്ത്രി കേരളത്തില്‍ എത്തുന്നത്. വൈകിട്ട് ആറ് മണിയോടെയാണ് പരിപാടി തുടങ്ങുക എന്നാണ് അറിയിച്ചിരുന്നതെങ്കിലും എട്ട് മണിയോടെയാണ് പ്രധാനമന്ത്രി എത്തിയത്.

മാര്‍ത്താണ്ഡവര്‍മയെയും വക്കം അബ്ദുള്‍ഖാദര്‍ മൗലവിയെയും സ്മരിക്കുന്നു എന്ന് പറഞ്ഞു കൊണ്ടാണ് മോദി പ്രസംഗം തുടങ്ങിയത്. ശബരിമല എന്ന വാക്ക് പരാമർശിക്കാതെയാണ് രണ്ടാമത്തെ പ്രചാരണപരിപാടിയിലും മോദി സംസാരിച്ചത്. ‘കേരളത്തിൽ ദൈവത്തിന്‍റെ പേര് പോലും പറയാൻ പറ്റാത്ത അവസ്ഥയാണ്. ദൈവത്തിന്‍റെ പേര് പറഞ്ഞാൽ ഇവിടത്തെ കമ്മ്യൂണിസ്റ്റ് സർക്കാർ ജയിലിലിടും. ലാത്തിച്ചാർജ് നടത്തും’, മോദി പറഞ്ഞു.

ഇന്ത്യ ഒരു തരത്തിലും ഭയപ്പെടേണ്ടതില്ല. നിങ്ങളുടെ കാവല്‍ക്കാരന്‍ ഇന്ത്യയെ എപ്പോഴും സംരക്ഷിച്ചു കൊണ്ടിരിക്കും. മൊബൈല്‍ തൊട്ട് മിസൈല്‍ വരെ ബഹിരാകാശത്തുനിന്നു നിയന്ത്രിക്കാനാകും. കരയിലും കടലിലും ആകാശത്തും ബഹിരാകാശത്തും ഇന്ന് ഇന്ത്യ സുരക്ഷിതമാണെന്നും മോദി പറഞ്ഞു.

ശാസ്ത്രജ്ഞന്‍ നമ്പി നാരായണനോട് കോണ്‍ഗ്രസ് ചെയ്തത് ആര്‍ക്കും ക്ഷമിക്കാനാകില്ലെന്നും നരേന്ദ്രമോദി ഓര്‍മ്മിപ്പിച്ചു. ഇതാണു തീരുമാനങ്ങള്‍ എടുക്കുന്നവരുടെ സര്‍ക്കാരും വാഗ്ദാനങ്ങള്‍ നല്‍കുന്നവരുടെ സര്‍ക്കാരും തമ്മിലുള്ള വ്യത്യാസമെന്നും അദ്ദേഹം പറഞ്ഞു.

മോദിയുടെ പ്രസംഗത്തിന്‍റെ പ്രസക്ത ഭാഗങ്ങൾ:

# 2014 മുതൽ ബിജെപിയോടും എന്നോടുമുള്ള വിശ്വാസം നിങ്ങൾ നൽകുന്നതിൽ നന്ദിയുണ്ട്. ഈ നാടിന്‍റെ വികസനത്തിന് നിങ്ങളുടെ പിന്തുണ എനിയ്ക്ക് വേണം.

# ലാളിത്യം കൊണ്ടും നന്മ കൊണ്ടും ശ്രദ്ധേയനായ വ്യക്തിയാണ് തിരുവനന്തപുരത്തെ സ്ഥാനാർത്ഥിയായ കുമ്മനം രാജശേഖരൻ.

# ഇന്ത്യയുടെ എല്ലാവിധ ആക്രമണങ്ങളിൽനിന്നും സംരക്ഷിക്കാൻ ശാസ്ത്രജ്ഞർക്ക് അനുവാദം നൽകിയിട്ടുണ്ട്.∙ ഇന്ത്യ ഒരു
തരത്തിലും ഭയപ്പെടേണ്ടതില്ല. നിങ്ങളുടെ കാവൽക്കാരൻ ഇന്ത്യയെ എപ്പോഴും സംരക്ഷിച്ചു കൊണ്ടിരിക്കും

# കഴിഞ്ഞ അഞ്ച് വർഷമായി ബിജെപി സർക്കാരിന് നിങ്ങൾ നൽകി വിശ്വാസം കൊണ്ട്, ഇന്ത്യ മുന്നോട്ട് കുതിയ്ക്കുന്നു. ഭൂമിയിലും ആകാശത്തും ഇന്ത്യ സുരക്ഷിതമാണ്.

# ഇന്ന് മൊബൈൽ തൊട്ട് മിസൈൽ വരെയുള്ള എല്ലാ സാങ്കേതിക വിദ്യയും ബഹിരാകാശത്ത് നിന്ന് നിയന്ത്രിക്കാം. ബഹിരാകാശത്ത് നിന്ന് ഏതെങ്കിലും ഛിദ്രശക്തികൾ നമ്മളെ ആക്രമിച്ചാൽ എന്ത് ചെയ്യും?

# ഇന്ത്യയുടെ ചൗകീദാർ നമ്മുടെ ശാസ്ത്രജ്ഞൻമാർക്ക് ഈ ഭീഷണിയിൽ നിന്ന് മോചിതരാക്കാനുള്ള എല്ലാ അധികാരങ്ങളും നൽകി.

# ഇത് മുമ്പും നടത്താമായിരുന്നു. പക്ഷേ പഴയ സർക്കാരിന് അതിനുള്ള ധൈര്യമുണ്ടായിരുന്നില്ല.

# ദേശീയവാദികളുടെ സർക്കാരും കുടുംബാധിപത്യ സർക്കാരും തമ്മിലുള്ള വ്യത്യാസമിതാണ്.

# ഇത്തവണത്തെ തെരഞ്ഞെടുപ്പ് സർക്കാരുണ്ടാക്കാൻ മാത്രമല്ല, ഇന്ത്യയെ ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ ശക്തിയാക്കാൻ കൂടി വേണ്ടിയാണ്.

# കന്നിവോട്ടർമാർക്കടക്കം നിരവധി ഉത്തരവാദിത്തമുണ്ട് ഈ തെരഞ്ഞെടുപ്പിൽ. മുമ്പുള്ള സർക്കാരുകൾ ജനാധിപത്യം നശിപ്പിച്ചതിനൊപ്പം കേരളത്തിലെ വിശ്വാസങ്ങളും നശിപ്പിച്ചു.

Top