രാജ്യത്തെ സ്ഥിതിഗതികള്‍ വിലയിരുത്തും; പ്രധാനമന്ത്രി വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗം ഇന്ന്

ന്യൂഡല്‍ഹി: കൊവിഡിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ പ്രധാനമന്ത്രി വിളിച്ച് ചേര്‍ക്കുന്ന മുഖ്യമന്ത്രിമാരുടെ വീഡിയോ കോണ്‍ഫറന്‍സ് യോഗം ഇന്ന് നടക്കും. ട്രെയിന്‍ സര്‍വീസ് നടത്താനുള്ള തീരുമാനവും ഈ യോഗത്തില്‍ ചര്‍ച്ച ചെയ്യും.

ലോക്ക്ഡൗണ്‍ ഘട്ടം ഘട്ടമായി പിന്‍വലിക്കണം എന്ന കേന്ദ്ര നിലപാടാണ് ട്രെയിന്‍ സര്‍വീസ് ആരംഭിച്ചതിന് പിന്നില്‍. എന്നാല്‍ സ്ഥിതി ഗുരുതരമാണെന്നും ലോക്ക് ഡൗണ്‍ മെയ് 31 വരെ നീട്ടണമെന്നും വിവിധ സംസ്ഥാനങ്ങള്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുകയാണ്

പ്രധാനമന്ത്രി വിളിച്ചിരിക്കുന്ന യോഗത്തില്‍ ഇക്കാര്യം ചര്‍ച്ചയാവും. സാമ്പത്തികരംഗം നിശ്ചലമാക്കരുതെന്ന് കാബിനറ്റ് സെക്രട്ടറി, ചീഫ് സെക്രട്ടറിമാരുടെ യോഗത്തില്‍ പറഞ്ഞിരുന്നു. ആഭ്യന്തര വിമാന സര്‍വ്വീസുകളുടെ കാര്യത്തിലാണ് ഇനി തീരുമാനം വരേണ്ടത്.

ഡല്‍ഹിയില്‍ തിരുവനന്തപുരം അടക്കം പതിനഞ്ച് നഗരങ്ങളിലേക്കാണ് പ്രത്യേക തീവണ്ടി സര്‍വ്വീസുകള്‍ നാളെ തുടങ്ങുന്നത്. ബുക്കിംഗ് ഇന്ന് നാലു മണിക്ക് ഐര്‍സിടിസി വെബ്‌സൈറ്റില്‍ ലഭ്യമാകും. ഓണ്‍ലൈന്‍ വഴി മാത്രമാണ് ബുക്കിങ്.

50 ദിവസങ്ങള്‍ക്ക് ശേഷമാണ് റെയില്‍വെ വീണ്ടും സര്‍വീസ് ആരംഭിക്കുന്നത്. എല്ലാ തീവണ്ടികളും ഡല്‍ഹിയില്‍ നിന്ന് സംസ്ഥാന തലസ്ഥാനങ്ങളിലേക്കാണ് സര്‍വ്വീസ് നടത്തുക. ഈ സംസ്ഥാനങ്ങളില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള മടക്ക സര്‍വ്വീസും ഉണ്ടാകും. ഡല്‍ഹിയില്‍ നിന്ന് തിരുവനന്തപുരത്തേക്കാണ് കേരളത്തിലേക്കുള്ള പ്രത്യേക തീവണ്ടി. രോഗലക്ഷണം ഇല്ലാത്തവരെ ട്രെയിനുകളില്‍ കയറ്റാനാണ് തീരുമാനമെന്നാണ് വിവരം.

ഐആര്‍സിടിസി വെബ്‌സൈറ്റില്‍ മാത്രമാകും ബുക്കിംഗ്. കൗണ്ടറുകള്‍ വഴി ബുക്കിംഗ് ലഭിക്കില്ല. ഒരു ദിവസം 300 ട്രെയിനുകള്‍ വരെ ഓടിച്ച് അതിഥി തൊഴിലാളികളെ എല്ലാം അവരുടെ സംസ്ഥാനങ്ങളില്‍ മടക്കി എത്തിക്കാന്‍ റെയില്‍വേ തീരുമാനിച്ചിട്ടുണ്ട്.

Top