ഇന്ത്യ വളര്‍ച്ച തിരിച്ചുപിടിക്കും, സ്വയം പര്യാപ്തത നേടാന്‍ ഈ അഞ്ച് കാര്യങ്ങള്‍ പ്രധാനം

ന്യൂഡല്‍ഹി: കൊറോണ വൈറസ് പ്രതിസന്ധി കാരണം നഷ്ടമായ വളര്‍ച്ച ഇന്ത്യ തിരിച്ചുപിടിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇതിനായി അഞ്ച് നിര്‍ദേശങ്ങളാണ് അദ്ദേഹം മുന്നോട്ട് വെച്ചത്. നിക്ഷേപം, അടിസ്ഥാന സൗകര്യം, വികസനം, നൂതനാശയങ്ങള്‍, ദൃഢനിശ്ചയം എന്നിവയാണ് മുന്നോട്ട് വെച്ച നിര്‍ദ്ദേശങ്ങള്‍.

രാജ്യത്തെ വ്യവസായികളുടെ പ്രധാന സംഘടനയായ കോണ്‍ഫിഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രിയുടെ 125-ാം വാര്‍ഷികാഘോഷം വിഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൊറോണയുടെ പശ്ചാത്തലത്തില്‍ രാജ്യം കൃത്യസമയത്താണ് ലോക്ക് ഡൗണിലേക്ക് പോയതെന്നും ജീവന്‍ രക്ഷിക്കലാണ് പരമപ്രധാനമെന്നും ഒപ്പം കൊറോണയ്‌ക്കെതിരായ പോരാട്ടം മുന്നോട്ട് കൊണ്ടുപോകണമെന്നും പ്രധാനമന്ത്രി പറഞ്ഞു.

അതേസമയം,ഭാവി പ്രതിസന്ധികള്‍ നേരിടാന്‍ രാജ്യം സജ്ജമാണെന്നും ഇപ്പോഴത്തെ പ്രതിസന്ധിയെ രാജ്യം മറികടക്കുമെന്നും മറ്റു രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യ ശക്തമായ നിലയിലാണെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. ലോകത്തിന് ഇപ്പോള്‍ ഇന്ത്യയില്‍ വിശ്വാസമുണ്ടെന്നും‌ രാജ്യം ലോക്ക് ഡൗണില്‍ നിന്നും പുറത്തേക്ക് കടക്കുന്ന പാതയിലാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

ജൂണ്‍ എട്ടിന് ശേഷം ലോക്ക്ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ ഉണ്ടാകും.സ്വയം പ്രാപ്തമാകലാണ് രാജ്യത്തിന്റെ ലക്ഷ്യമെന്നും ചെറുകിട, സൂക്ഷമ വ്യവസായ മേഖലയില്‍ ഉണര്‍വിന് കൂടുതല്‍ നടപടികള്‍ കൈകൊള്ളുമെന്നും തൊഴില്‍ മേഖല ശക്തിപ്പെടുത്തുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

Top