ഷാങ്ഹായി ഉച്ചകോടി ; ഭീകരവാദത്തിന് സഹായിക്കുന്ന രാജ്യങ്ങളെ ഒറ്റപ്പെടുത്തണമെന്ന് മോദി

കിര്‍ഗിസ്താന്‍: കിര്‍ഗിസ്താന്‍ തലസ്ഥാനമായ ബിഷ്‌കെക്കില്‍ നടക്കുന്ന ദ്വിദിന ഷാങ്ഹായി ഉച്ചകോടിക്ക് തുടക്കമായി. ഭീകരവാദത്തിന് സഹായം നല്‍കുന്ന രാജ്യങ്ങളെ ഒറ്റപ്പെടുത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉച്ചകോടിയില്‍ പറഞ്ഞു. ഭീകരവാദത്തിനെതിരെ രാജ്യാന്തര സമ്മേളനം വിളിക്കണമെന്നും ഭീകരവാദ മുക്ത സമൂഹത്തിന് രാജ്യാന്തര സംഘടനകള്‍ ശ്രമിക്കണമെന്നും മോദി വ്യക്തമാക്കി.

ജനങ്ങള്‍ തമ്മിലുള്ള സഹകരണം ഭീകരവാദത്തെ നേരിടുന്നതില്‍ പ്രധാനമാണ്. സുരക്ഷയും സമാധാനവുമാണ് മേഖലയുടെ പ്രധാന താത്പര്യങ്ങള്‍. അഫ്ഗാനിസ്ഥാന്റെ സ്ഥിരത മേഖലയിലെ സമാധാനത്തിന് അത്യന്താപേക്ഷിതമാണ്. എസ്.സി.ഒയിലെ അംഗരാജ്യങ്ങളുമായി സാമ്പത്തിക സഹകരണം ശക്തിപ്പെടുത്തുന്നതില്‍ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. പാക്ക് കേന്ദ്രീകൃത ഭീകരവാദത്തിനെതിരെയുള്ള നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് മോദി.

ഉച്ചകോടിയുടെ ആദ്യ സെഷന് മുന്നോടിയായി നടന്ന ഫോട്ടോ ഷൂട്ടിലും ഇമ്രാന്‍ഖാനെ അഭിവാദ്യം ചെയ്യാന്‍ മോദി തയ്യാറായില്ല. ഇന്നലെ നടന്ന അത്താഴ വിരുന്നിലും ഇരുനേതാക്കളും ഒരുമിച്ച് ഉണ്ടായിരുന്നെങ്കിലും അനൗപചാരിക സൗഹൃദ വിനിമയത്തിന് പോലും തയ്യാറായില്ലെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.

അതേസമയം രണ്ട് ആണവശക്തികള്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്നും ഇന്ത്യയുമായി സമാധാനമാണ് ആഗ്രഹിക്കുന്നതെന്നും പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ വ്യക്തമാക്കിയിരുന്നു. അന്താരാഷ്ട്ര മധ്യസ്ഥതയില്‍ ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള വിഷയം പരിഹരിക്കാന്‍ ചര്‍ച്ച നടത്താമെന്നും അദ്ദേഹം പറഞ്ഞു.

Top