തൊഴിലില്ലായ്മയും സാമ്പത്തിക മാന്ദ്യവും: പുതിയ മന്ത്രിസഭാ സമിതി രൂപീകരിച്ച് മോദി

ന്യൂഡല്‍ഹി: തൊഴിലില്ലായ്മയും സാമ്പത്തിക മാന്ദ്യവും പരിഹരിക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി രണ്ട് പുതിയമന്ത്രിസഭാ സമിതികള്‍ രൂപവത്കരിച്ച് പ്രധാനമന്ത്രി നരേന്ദ് മോദി. ബുധനാഴ്ചയാണ് കമ്മറ്റികള്‍ രൂപവത്കരിച്ചത്. രണ്ടുസമിതികളുടെയും ചെയര്‍മാന്‍ പ്രധാനമന്ത്രി തന്നെയാണ്.

അഞ്ച് അംഗങ്ങളാണ് മന്ത്രിസഭാ സമിതിയില്‍ ഉള്ളത്. മോദിയെ കൂടാതെ ആഭ്യന്തര മന്ത്രി അമിത് ഷാ, ധനമന്ത്രി നിര്‍മലാ സീതാരാമന്‍, ഉപരിതല ഗതാഗത വകുപ്പുമന്ത്രി നിതിന്‍ ഗഡ്കരി, റെയില്‍വേ മന്ത്രി പീയുഷ് ഗോയല്‍ എന്നിവരാണ് അംഗങ്ങള്‍. നിക്ഷേപവും വളര്‍ച്ചയും വര്‍ധിപ്പിക്കുക എന്നതാണ് ഈ സമിതിയുടെ പ്രധാന ലക്ഷ്യം.

രണ്ടാമത്തെ സമിതിയില്‍ തൊഴിലവസരം സൃഷ്ടിക്കലും നൈപുണ്യ വികസനവും ആണ് പ്രധാന ലക്ഷ്യം. സമിതിയില്‍ പത്ത് അംഗങ്ങളുണ്ട്. അമിത് ഷാ, നിര്‍മലാ സീതാരാമന്‍, പീയുഷ് ഗോയല്‍, കാര്‍ഷിക-ഗ്രാമവികസന-പഞ്ചായത്തീ രാജ് വകുപ്പുമന്ത്രി നരേന്ദ്ര സിങ് തോമര്‍, മാനവ വിഭവശേഷി വകുപ്പുമന്ത്രി രമേഷ് പൊഖ്രിയാല്‍, പെട്രോളിയം-പ്രകൃതി വാതക വകുപ്പു മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍, നൈപുണ്യ-സംരംഭക വകുപ്പുമന്ത്രി മഹേന്ദ്രനാഥ് പാണ്ഡെ, തൊഴില്‍ വകുപ്പു സഹമന്ത്രി സന്തോഷ് കുമാര്‍ ഗാങ്വര്‍, ഭവന-നഗരകാര്യ വകുപ്പുമന്ത്രി ഹര്‍ദീപ് സിങ് പുരി എന്നവരാണ് പ്രധാനമന്ത്രിയെ കൂടാതെയുള്ള അംഗങ്ങള്‍.

Top