തോക്ക് കൊണ്ട് മാത്രമല്ല പേന കൊണ്ടും ചിലർ നക്‌സലിസം നടത്തുന്നു: നരേന്ദ്ര മോദി

ഫരീദാബാദ്:  രാജ്യത്ത് എല്ലാ തരത്തിലുമുള്ള നക്‌സലിസവും അവസാനിപ്പിക്കണമെന്നും തോക്ക് കൊണ്ട് മാത്രമല്ല പേന കൊണ്ടും ചില മാവോയിസം നടപ്പിലാക്കുന്നുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ഫരീദാബാദിൽ വെച്ച് നടക്കുന്ന, രാജ്യത്തെ ആഭ്യന്തര മന്ത്രിമാരുടെയും ഡി.ജി.പിമാരുടെയും യോഗമായ ചിന്തൻ ശിവിറിന്റെ രണ്ടാം ദിനത്തിൽ യോഗത്തെ ഓൺലൈനിലൂടെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മോദി. മാവോയിസം പേനകളിലൂടെയും നടപ്പിലാക്കപ്പെടുന്നുണ്ട്. ആയുധമെടുത്ത് പോരാടുകയല്ല, പകരം എഴുത്തിലൂടെ അത്തരം പ്രവർത്തനങ്ങൾ നടത്തുന്നുവെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്.

”നക്‌സലിസത്തിന്റെ എല്ലാ രൂപങ്ങളെയും പരാജയപ്പെടുത്തണം. നക്‌സലുകൾക്ക് തോക്ക് മാത്രമല്ല പേനയും പിടിക്കാം. അവർ യുവാക്കളെ വഴിതെറ്റിക്കുകയാണ്,” മോദി പറഞ്ഞു.

യുവാക്കളുടെ വികാരങ്ങൾ ചൂഷണം ചെയ്ത് രാജ്യത്തിന്റെ ഐക്യം തകർക്കാൻ ശ്രമിക്കുന്ന ശക്തികളെ (നക്‌സലിസം) തിരിച്ചറിഞ്ഞ് പരാജയപ്പെടുത്താൻ ജാഗ്രതയോടെ നീങ്ങണമെന്ന് മോദി പൊലീസ് സേനയോട് ആവശ്യപ്പെട്ടു. ഭീകരതക്കെതിരായ പോരാട്ടത്തിൽ, യു.എ.പി.എ പോലുള്ള നിയമങ്ങൾ അന്വേഷണ- നിയമനിർവഹണ ഏജൻസികൾക്ക് പ്രചോദനം നൽകിയതായും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

കേന്ദ്ര ഏജൻസികളും സംസ്ഥാന ഏജൻസികളും പൊലീസും തമ്മിലുള്ള സഹകരണം പ്രധാനമാണെന്നും അവർ ഒരുമിച്ച് പ്രവർത്തിക്കേണ്ടത് ആവശ്യമാണെന്നും യോഗത്തിൽ മോദി കൂട്ടിച്ചേർത്തു. മയക്കുമരുന്ന്, കള്ളപ്പണം വെളുപ്പിക്കൽ, തീവ്രവാദ പ്രവർത്തനം എന്നീ വിഷയങ്ങൾ അതിർത്തി കടന്നും വ്യാപിക്കുന്നതുകൊണ്ട് ഇത്തരം പ്രശ്‌നങ്ങളെ നേരിടാൻ എല്ലാവരും സഹകരിച്ച് പ്രവർത്തിക്കേണ്ടതുണ്ടെന്നും മോദി യോഗത്തിൽ പറഞ്ഞു.

അതേസമയം, ആഭ്യന്തര വകുപ്പിന്റെ കൂടി ചുമതലയുള്ള മുഖ്യമന്ത്രി പിണറായി വിജയൻ ചിന്തൻ ശിവിറിന്റെ രണ്ടാം ദിവസത്തിൽ പങ്കെടുക്കുന്നില്ല. ആദ്യ ദിവസം മുഖ്യമന്ത്രി യോഗത്തിനെത്തിയിരുന്നു. എന്നാൽ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ, രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്, ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി, തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ എന്നിവരൊന്നും ചിന്തൻ ശിവിറിൽ പങ്കെടുത്തിട്ടില്ല. ഇവർ പകരം മറ്റ് മന്ത്രിമാരെയും ഉദ്യോഗസ്ഥരെയും യോഗത്തിലേക്ക് അയക്കുകയായിരുന്നു. പ്രതിപക്ഷ മുഖ്യമന്ത്രിമാരിൽ പിണറായി വിജയനും പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നും മാത്രമാണ് യോഗത്തിനെത്തിയത്.

Top