6 മാസത്തെ ഭരണം എങ്ങിനെയുണ്ടായി? പ്രധാനമന്ത്രി മോദി പ്രവര്‍ത്തനം വിലയിരുത്തുന്നു

ബിജെപി രണ്ടാം വട്ടം അധികാരത്തില്‍ എത്തി ആറ് മാസം പൂര്‍ത്തിയാക്കുന്ന വേളയില്‍ വിവിധ മന്ത്രാലയങ്ങളുടെ പ്രവര്‍ത്തനം വിലയിരുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ ആറ് മാസത്തില്‍ മന്ത്രാലയങ്ങള്‍ കൈവരിച്ച പുരോഗതി അദ്ദേഹം പരിശോധിക്കും. പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ നടക്കുന്ന യോഗത്തില്‍ വിവിധ മന്ത്രാലയങ്ങള്‍ കൈക്കൊണ്ട തീരുമാനങ്ങള്‍ വിശദീകരിക്കും.

കൃഷി, ഗ്രാമവികസനം, സാമൂഹിക മേഖല എന്നിവിടങ്ങളില്‍ ശ്രദ്ധയൂന്നിയാണ് വിലയിരുത്തല്‍ നടത്തുകയെന്നാണ് റിപ്പോര്‍ട്ട്. ഭേദഗതി വരുത്തിയ പൗരത്വ ബില്ലിനെതിരെ വിവിധ നഗരങ്ങളില്‍ പ്രതിഷേധങ്ങള്‍ അരങ്ങേറുന്നതിന് ഇടെയാണ് യോഗം. ദേശീയ തലത്തില്‍ പൗരത്വ രജിസ്റ്റര്‍ നടപ്പാക്കുമെന്ന പ്രഖ്യാപനവും പ്രതിഷേധങ്ങളോടെയാണ് വരവേറ്റത്. എന്നാല്‍ പ്രധാനമന്ത്രിയുടെ വിലയിരുത്തല്‍ യോഗത്തില്‍ ഇക്കാര്യങ്ങള്‍ ചര്‍ച്ചയാകില്ലെന്നാണ് വിവരം.

ഓരോ മാസവും ക്യാബിനറ്റ് യോഗത്തിന് ശേഷം മന്ത്രിമാര്‍ യോഗം ചേരും. എന്നാല്‍ ഇക്കുറി ഇത് സ്വതന്ത്ര തലത്തിലാണ് നടന്നത്. പതിവായി നടക്കുന്ന ക്യാബിനറ്റ് യോഗം ഡിസംബര്‍ 24ന് നടത്തും. ക്യാബിനറ്റ് യോഗങ്ങളില്‍ സര്‍ക്കാര്‍ പദ്ധതികള്‍ ഓരോ മന്ത്രാലയങ്ങളും നടപ്പാക്കുന്നതിന്റെ പുരോഗതി പ്രധാനമന്ത്രി വിലയിരുത്തിയിരുന്നു.

2019 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മികച്ച ഭൂരിപക്ഷത്തോടെയാണ് ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തിലേറിയത്. നവംബറില്‍ എന്‍ഡിഎ രണ്ടാം സര്‍ക്കാര്‍ ആറ് മാസം പൂര്‍ത്തിയാക്കി.

Top