ഐക്യരാഷ്ട്ര സഭയുടെ പരമോന്നത പരിസ്ഥിതി അവാര്‍ഡ് പ്രധാനമന്ത്രിയ്ക്ക് സമ്മാനിച്ചു

ന്യൂഡല്‍ഹി:ഐക്യരാഷ്ട്ര സഭയുടെ പരമോന്നത പരിസ്ഥിതി അവാര്‍ഡായ ‘ചാംപ്യന്‍സ് ഓഫ് ദ എര്‍ത്ത്’ അവാര്‍ഡ് പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് സമ്മാനിച്ചു.തനിക്ക് ലഭിച്ചത് ഇന്ത്യാക്കാര്‍ക്കുള്ള ബഹുമതിയെന്ന് അവാര്‍ഡ് സ്വീകരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. ന്യൂഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസാണ് അവാര്‍ഡ് സമ്മാനിച്ചത്. നാലു ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തിയതാണ് അന്റോണിയോ ഗുട്ടെറസ്.

ഐക്യരാഷ്ട്ര സഭയുടെ ഈ പരമോന്നത പരിസ്ഥിതി അവാര്‍ഡ് പ്രധാനമന്ത്രി നരേന്ദ്ര മോദിയ്‌ക്കൊപ്പം ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്ക്രോണും നേടിയിട്ടുണ്ട്. ബംഗ്ലാദേശ് റോഹിങ്ക്യ വിഷയത്തില്‍ ഇന്ത്യ ഇടപെടണമെന്ന് ഐക്യരാഷ്ട്രസഭാ ജനറല്‍ സെക്രട്ടറി അന്റോണിയോ ഗുട്ടെറസ് ചടങ്ങില്‍ പറഞ്ഞു. മ്യാന്മറിനു മേല്‍ ഇതിനായി സമ്മര്‍ദ്ദം ചെലുത്തണമെന്നും അദ്ദേഹം ഇന്ത്യന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

റോഹിങ്ക്യരെപ്പോലെ ഇത്രയധികം വിവേചനം അനുഭവിക്കുന്ന ഒരു വിഭാഗത്തെ താന്‍ കണ്ടിട്ടില്ലെന്നും മ്യാന്മറില്‍ റോഹിങ്ക്യകളെ വളരെ മൃഗീയമായാണ് പരിഗണിക്കുന്നതെന്നും അതൊരിക്കലും അംഗീകരിക്കാന്‍ കഴിയാത്തതാണെന്നും ഗുട്ടറസ് പറഞ്ഞു.

Top