രാജീവ് ഗാന്ധിയുടെ 75-ാം ജന്മവാര്‍ഷികം ഇന്ന്: അനുസ്മരിച്ച് നേതാക്കള്‍

ന്യൂഡല്‍ഹി: മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 75-ആം ജന്മവാര്‍ഷികദിനത്തോടനുബന്ധിച്ച് വിവിധ നേതാക്കള്‍ അദ്ദേഹത്തിന്റെ സമാധി സ്ഥലമായ വീര്‍ഭൂമിലെത്തി പുഷ്പാര്‍ച്ചന നടത്തി. കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി, ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി,ഭര്‍ത്താവ് റോബര്‍ട്ട് വാദ്ര, മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി,മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍ സിംങ് എന്നിവര്‍ വീര്‍ഭൂമിയിലെത്തി.

ദേശീയ തലത്തിലും സംസ്ഥാന തലത്തിലുമായി വിപുലമായ ആഘോഷങ്ങളാണ് കോണ്‍ഗ്രസ് നിശ്ചയിച്ചിട്ടുള്ളത്. ഐടി, ടെലികോം രംഗങ്ങളില്‍ രാജീവ് ഗാന്ധി തുടക്കമിട്ട മാറ്റങ്ങളെ ഉയര്‍ത്തി കാട്ടി ബി.ജെ.പിയെ പ്രതിരോധിക്കാനാണ് കോണ്‍ഗ്രസ് തീരുമാനം.

ദേശീയതലത്തിലും വിദ്യാഭ്യാസ രംഗത്തും, ശാസ്ത്ര സാങ്കേതിക വാര്‍ത്താവിനിമയ രംഗങ്ങളിലും ഇന്ത്യയില്‍ ഇന്നു കാണുന്ന പുരോഗതി രാജീവ് ഗാന്ധിയിട്ട അടിത്തറയിലൂന്നിയാണെന്ന് ആവര്‍ത്തിക്കുന്ന രീതിയിലാണ് ആഘോഷപരിപാടികള്‍ ഒരുക്കിയിട്ടുള്ളത്.

അതേസമയം, രാജീവ് ഗാന്ധിയുടെ ജന്മവാര്‍ഷികദിനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങും അദ്ദേഹത്തിന് ശ്രദ്ധാഞ്ജലികള്‍ അര്‍പ്പിച്ചു.

Top