ബുദ്ധപൂര്‍ണിമ ദിനത്തില്‍ ലുംബിനി മായാദേവി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി മോദി

കാഠ്മണ്ഡു: പ്രധാനമന്ത്രി നരേന്ദ്രമോദി നേപ്പാളിലെ ലുംബിനിയിലെത്തി. മായാദേവി ക്ഷേത്രത്തിലെത്തി മോദി ദര്‍ശനം നടത്തി. ശ്രീബുദ്ധന്റെ ജന്മസ്ഥലമായ ലുംബിനിയില്‍ നടക്കുന്ന ബുദ്ധപൂര്‍ണിമ ദിനാഘോഷങ്ങളില്‍ പങ്കെടുക്കാനാണ് മോദി എത്തിയത്.

നേപ്പാള്‍ പ്രധാനമന്ത്രി ഷേര്‍ ബഹാദൂര്‍ ദുബെയുടെ ക്ഷണപ്രകാരമാണ് മോദിയുടെ ലുംബിനി സന്ദര്‍ശനം. ലുംബിനി മായാദേവി ക്ഷേത്ര ദര്‍ശനത്തില്‍ മോദിയെ നേപ്പാള്‍ പ്രധാനമന്ത്രി ദുബെ അനുഗമിച്ചിരുന്നു. ബുദ്ധപൂര്‍ണിമ ദിനാഘോഷത്തില്‍ നേപ്പാള്‍ ജനതയ്‌ക്കൊപ്പം പങ്കുകൊള്ളാനായതില്‍ സന്തോഷമെന്ന് നരേന്ദ്രമോദി അഭിപ്രായപ്പെട്ടു.

നരേന്ദ്രമോദിയുടെ അഞ്ചാമത്തെ നേപ്പാള്‍ സന്ദര്‍ശനമാണിത്. എന്നാല്‍ ആദ്യമായാണ് ലുംബിനിയിലെത്തുന്നത്. 2019 ല്‍ രണ്ടാമത് അധികാരമേറ്റ ശേഷമുള്ള മോദിയുടെ ആദ്യ നേപ്പാള്‍ സന്ദര്‍ശനവുമാണ്.ലുംബിനിയിലെ അശോക സ്തംഭവും ബോധിവൃക്ഷവും മോദി സന്ദര്‍ശിക്കും.

സെന്റര്‍ ഫോര്‍ ബുദ്ധിസ്റ്റ് കള്‍ച്ചര്‍ ആന്‍ഡ് ഹെരിറ്റേജിന്റെ ശിലാസ്ഥാപന പരിപാടികളിലും പങ്കെടുക്കും. ഇന്ത്യന്‍ എജ്യുക്കേഷണല്‍ ആന്‍ഡ് കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ നേപ്പാളിലെ ലുംബിനി ബുദ്ധിസ്റ്റ് യൂണിവേഴ്‌സിറ്റിയുമായും ത്രിഭുവന്‍ യുണിവേഴ്‌സിറ്റിയുമായും ഓരോ കരാറുകളും കാഠ്മണ്ഡു യൂണിവേഴ്‌സിറ്റിയുമായി മൂന്ന് കരാറുകളും ഒപ്പുവെക്കും.

Top