ദേശീയതലത്തില്‍ മോദി തരംഗം; തിയറ്ററില്‍ പിഎം മോദിയ്ക്ക് തണുത്ത പ്രതികരണം

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിത കഥ പ്രമേയമാക്കിയുള്ള പിഎം നരേന്ദ്ര മോദി ചിത്രം ഇന്ന്‌ പ്രദര്‍ശനത്തിന് എത്തിയിരുന്നു. പതിനേഴാം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ദേശീയതലത്തില്‍ മോദി തരംഗം അലയടിക്കുമ്പോള്‍ തിയറ്ററില്‍ മോദിയ്ക്ക് തണുത്ത പ്രതികരണം. വെളളിത്തിരയിലെ മോദിയ്ക്ക് ജനങ്ങളുടെ മനം കവരാനായില്ല.

ഏപ്രില്‍ 11ന് റിലീസ് ചെയ്യാന്‍ തീരുമാനിച്ച ചിത്രം തെരഞ്ഞെടുപ്പ് കമ്മിഷന്റെ വിലക്കിനെ തുടര്‍ന്ന് ഇന്നാണ് പ്രദര്‍ശനത്തിന് എത്തിയത്. തെരഞ്ഞെടുപ്പില്‍ തരംഗമായി നില്‍ക്കുന്ന മോദി തിയറ്ററിലും തരംഗം സൃഷ്ടിക്കുമെന്ന അണിയറപ്രവര്‍ത്തകരുടെ പ്രതീക്ഷയെ തകര്‍ത്താണ് തികച്ചും തണുത്ത പ്രതികരണവുമായി ചിത്രം പ്രദര്‍ശനം തുടരുന്നത്.

ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തില്‍ ചിത്രം തെരഞ്ഞെടുപ്പിനെ ബാധിക്കുമെന്നും ചിത്രത്തിന്റെ പ്രദര്‍ശനം തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടങ്ങളുടെ ലംഘനമാകും എന്ന് പരാതി ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തില്‍ വോട്ടെടുപ്പ് പൂര്‍ത്തിയാകുന്നത് വരെ ചിത്രത്തിന് പ്രദര്‍ശനാനുമതി നല്‍കില്ലെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം സുപ്രീംകോടതി ശരിവെച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് ചിത്രത്തിന്റെ റിലീസിങ് തീയതി തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന്റെ അടുത്ത ദിവസത്തേയ്ക്ക് മാറ്റിയത്.

വിവേക് ഒബ്‌റോയിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയായി വേഷമിടുന്നത്. ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ വേഷത്തില്‍ മനോജ് ജോഷി എത്തുന്നു. ചിത്രത്തില്‍ യശോദ ബെന്നായി വേഷമിടുന്നത് പ്രശസ്ത ടിവി സീരിയല്‍ താരം ബര്‍ക്ക ബിഷ്ട് ആണ്. ദര്‍ശന്‍ കുമാര്‍, ബൊമാന്‍ ഇറാനി, പ്രശാന്ത് നാരായണന്‍, സെറീന വഹാബ്, അഞ്ജന്‍ ശ്രീവാസ്തവ്, കരണ്‍ പടേല്‍, അക്ഷത് തുടങ്ങിയവര്‍ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ഗുജറാത്ത്, ഉത്തരാഖണ്ഡ്, മുംബൈ എന്നിവിടങ്ങളിലാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്.

മേരിക്കോം, സരബ്ജിത്, ഭൂമി എന്നീ ചിത്രങ്ങള്‍ ഒരുക്കിയ ഒമങ്ക് കുമാറാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്‌. വിവേക് ഒബ്‌റോയിയുടെ പിതാവും നിര്‍മാതാവുമായ സുരേഷ് ഒബ്‌റോയിയും സന്ദീപ് സിങും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്‌.

Top