PM Narendra Modi launches two schemes to reward BHIM App users

നാഗ്പുര്: ഡിജിറ്റല്‍ പണമിടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ ‘ഭീം ആപ്പ്’ രാജ്യത്തെ പാവപ്പെട്ട ജനങ്ങള്‍ക്ക് കൂടുതല്‍ കരുത്തു സമ്മാനിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.

ഓരോരുത്തരുടെയും മൊബൈല്‍ ഫോണുകള്‍ അവരുടെ ബാങ്കുകളായി മാറും. ‘ഭീം ആപ്പി’ന്റെ വിജയത്തെക്കുറിച്ച് പഠിക്കാന്‍ ലോകം ശ്രമിക്കുന്ന കാലം വിദൂരമല്ലെന്നും അദ്ദേഹം പറഞ്ഞു. വിരലടയാളം തിരിച്ചറിഞ്ഞു പണം മാറ്റാന്‍ സഹായിക്കുന്ന ഭീം ആപ്പിന്റെ വികസിത രൂപമായ ഭീം-ആധാര്‍ പേ സംവിധാനം നാഗ്പുരില്‍ പുറത്തിറക്കുകയായിരുന്നു പ്രധാനമന്ത്രി.

ഭീം ആപ്പ് ഉപയോഗിക്കുന്നവര്‍ക്കായി ‘ഭീം റെഫറല്‍ ബോണസ് സ്‌കീം’, ‘ഭീം മെര്‍ച്ചന്റ് കാഷ്ബാക്ക് സ്‌കീം’ എന്നിങ്ങനെ രണ്ടു പദ്ധതികളും പ്രധാനമന്ത്രി പ്രഖ്യാപിച്ചു. നിലവില്‍ ഭീം ആപ്പ് ഉപയോഗിക്കുന്നവര്‍ പുതിയതായി ഒരാളെ ആപ്പിന്റെ ഉപഭോക്താവാക്കിയാല്‍ 10 രൂപ ഇന്‍സന്റീവ് ലഭിക്കുന്ന പദ്ധതിയാണ് ഇതിലൊന്ന്. എത്രപേരെ ചേര്‍ക്കുന്നുവോ അപ്പോഴെല്ലാം പണം അക്കൗണ്ടിലെത്തും. ഇതിനു പുറമെ മറ്റ് ആകര്‍ഷകങ്ങളായ വാഗ്ദാനങ്ങളും ഇതിനൊപ്പമുണ്ട്.

നരേന്ദ്ര മോദി മൂന്നു മാസം മുന്‍പ് പുറത്തിറക്കിയ ഭീം ആപ്പില്‍ ഇതുവരെ 1.8 കോടി ആളുകള്‍ ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ടെന്നാണ് കണക്കുകള്‍. ഗൂഗിള്‍ പ്ലേ സ്റ്റോറിലും ഐഒഎസ് ആപ്പ് സ്റ്റോറിലും ഭീം ആപ്പ് ലഭ്യമാണ്.

ഭീം ആപ്പും ആധാറും സംയോജിപ്പിച്ചുകൊണ്ടുള്ള പണമിടപാടു സംവിധാനമാണ് ഭീം-ആധാര്‍ പേ. കടക്കാരുടെ പക്കല്‍ ഡൗണ്‍ലോഡ് ചെയ്ത ആപ്പില്‍ ഉപഭോക്താവിന്റെ കൈവിരല്‍ പതിക്കുമ്പോഴാണ് പണം കൈമാറ്റം നടക്കുന്നത്. ആധാറുമായി ബന്ധിപ്പിച്ച ഉപഭോക്താവിന്റെ അക്കൗണ്ടില്‍ നിന്ന് കടക്കാരന്റെ നിശ്ചിത അക്കൗണ്ടിലേക്കാകും പണം കൈമാറ്റം.

ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകളോ സ്മാര്‍ട്ട്‌ഫോണ്‍ പോലുമോ ഇല്ലാതെ കറന്‍സി രഹിത ഇടപാടു നടത്താന്‍ കഴിയുമെന്നതാണ് ആധാര്‍ പേയുടെ മെച്ചം. ഗ്രാമീണമേഖലയില്‍ മൈക്രോ എടിഎമ്മുകള്‍ ഉപയോഗിച്ച് ബാങ്ക് പ്രതിനിധികള്‍ മുഖേന ആധാര്‍ അനുബന്ധ പണമിടപാടുകള്‍ നടത്താറുണ്ട്. ആധാര്‍ പേയില്‍ മൈക്രോ എടിഎമ്മിനു പകരം കച്ചവടക്കാരന്റെ പക്കലുള്ള ആപ് ഉപയോഗിക്കും.

Top