‘ഞാന്‍ തീവ്രവാദത്തെ തുടച്ച് നീക്കാന്‍ ശ്രമിക്കുമ്പോള്‍, പ്രതിപക്ഷം തന്നെ തുടച്ച് നീക്കാന്‍ ശ്രമിക്കുന്നു’

കാഞ്ചീപുരം : തന്നെയും തന്റെ കുടുംബത്തെയും അപമാനിക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ പ്രതിപക്ഷ പാര്‍ട്ടികള്‍ മോദി വിരുദ്ധതയുടെ പുതിയ തലങ്ങള്‍ തേടുകയാണ്, ആരാണ് മോദിയെ കൂടുതല്‍ അപമാനിക്കുകയെന്നതാണ് അവര്‍ക്കിടയിലെ മത്സരമെന്നും അദ്ദേഹം ആരോപിച്ചു.

തമിഴ്നാട്ടിലെ കാഞ്ചീപുരത്ത് പൊതുസമ്മേളനത്തില്‍ സംസാരിക്കുന്നതിനിടെയായിരുന്നു പ്രധാനമന്ത്രിയുടെ ആരോപണം.

ചിലര്‍ എന്റെ ദാരിദ്ര്യത്തെ കളിയാക്കുന്നു. മറ്റുചിലര്‍ തന്റെ ജാതിയെയാണ് അധിക്ഷേപിക്കുന്നത്. ഇപ്പോള്‍ ഒരു കോണ്‍ഗ്രസ് നേതാവ് തന്നെ വധിക്കുന്നതിനെക്കുറിച്ച് വരെ സംസാരിച്ചു. എന്നാല്‍ മറ്റു ചിലര്‍ സകല അതിരുകളും ലംഘിച്ച് തന്നെ കൊലപ്പെടുത്തുമെന്നും പറയുന്നുണ്ടെന്ന് പറഞ്ഞ പ്രധാനമന്ത്രി താന്‍ ഇതൊന്നും കാര്യമാക്കുന്നില്ലെന്നും തനിക്ക് ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുണ്ടെന്നും കൂട്ടിച്ചേര്‍ത്തു.

കാഞ്ചീപുരത്ത് വിവിധ പദ്ധതികളുടെ നിര്‍മ്മാണോദ്ഘാടനം നിര്‍വഹിച്ച പ്രധാനമന്ത്രി ചെന്നൈ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷന് എം.ജി.ആറിന്റെ പേര് നല്‍കുമെന്നും പ്രഖ്യാപിച്ചു.

Top