PM Narendra Modi is more afraid of Subramanyan Swamy than Rahul and Kejriwal

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിയെക്കാളും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനേക്കാളും പ്രധാനമന്ത്രി നരേന്ദ്രമോദിക്കു പേടി സ്വന്തം പാളയത്തിലെ സുബ്രഹ്മണ്യന്‍ സ്വാമിയെ. ആര്‍.എസ്.എസിന്റെ ശക്തമായ പിന്തുണയില്‍ ജനതാപാര്‍ട്ടി പിരിച്ചുവിട്ട് ബി.ജെ.പിയിലെത്തിയ സ്വാമി രാജ്യസഭാ അംഗമാണ്.

പലപ്പോഴും ആര്‍.എസ്.എസിന്റെ നാവായി മാറുന്ന സ്വാമി മോഡിയുടെ വലംകൈയ്യായ ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയെ കടന്നാക്രമിച്ചാണ് മോഡിയെ വെള്ളംകുടിപ്പിക്കുന്നത്. ആര്‍.എസ്.എസ് സര്‍സംഘ്ചാലക് മോഹന്‍ ഭാഗവതിന്റെയും മന്ത്രിസഭയിലെ മുതിര്‍ന്ന കാബിനറ്റ് മന്ത്രിമാരും മുന്‍ ബി.ജെ.പി ദേശീയ അധ്യക്ഷന്‍മാരുമായ നിധിന്‍ ഗഡ്ക്കരി, രാജ്‌നാഥ് സിങ് എന്നിവരുടെ പിന്തുണയും സ്വാമിക്കുണ്ട്.

സുബ്രഹ്മണ്യന്‍ സ്വാമിയുടെ നാവിനെ പേടിച്ച് ഡല്‍ഹിയിലെയും ചെന്നൈയിലെയും രണ്ടു പരിപാടികള്‍ ബി.ജെ.പി റദ്ദാക്കുകയും പ്രധാനമന്ത്രി നരേന്ദ്രമോഡി നേരിട്ടുതന്നെ സ്വാമിക്കെതിരെ രംഗത്തിറങ്ങുകയും ചെയ്തു.

റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍, സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യം, ധനകാര്യ സെക്രട്ടറി ശക്തികാന്ത ദാസ് എന്നിവര്‍ക്കെതിരെ കടുത്ത ആക്രമണമാണ് സുബ്രമണ്യന്‍ സ്വാമി നടത്തിവന്നത്. ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയെ ഉന്നംവെച്ച് സാമ്പത്തികരംഗത്തെ പ്രമുഖര്‍ക്കെതിരെ സുബ്രമണ്യന്‍ സ്വാമി നടത്തുന്ന കടന്നാക്രമണം അനുചിതമാണെന്ന് മോദിക്ക് പരസ്യ നിലപാടെടുക്കേണ്ടിയും വന്നു.

‘ടൈംസ് നൗ’ ചാനലിനു നല്‍കിയ അസാധാരണ അഭിമുഖത്തിലൂടെയാണ് നരേന്ദ്ര മോദി സുബ്രമണ്യന്‍ സ്വാമിക്കെതിരെ ആഞ്ഞടിച്ചത്. ആരും സംവിധാനങ്ങള്‍ക്ക് അതീതരല്ലെന്നും ഉത്തരവാദിത്തബോധം മറന്ന് പബ്ലിസിറ്റിക്കുവേണ്ടി നടത്തുന്ന വര്‍ത്തമാനങ്ങള്‍ ഗുണം ചെയ്യില്ലെന്നും മോദി താക്കീതിന്റെ സ്വരത്തില്‍ പറഞ്ഞു.

റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജനെ മോദി പുകഴ്ത്തുകയും ചെയ്തു. രഘുറാം രാജനില്‍ നിന്ന് തനിക്ക് നല്ല അനുഭവമാണ് ഉണ്ടായിട്ടുള്ളത്. അദ്ദേഹം ചെയ്ത കാര്യങ്ങളില്‍ മതിപ്പുണ്ട്. ഇന്ത്യയെ സ്‌നേഹിക്കുന്ന അദ്ദേഹം ഇന്ത്യക്കുവേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്യും- മോദി പറഞ്ഞു.

എന്നാല്‍ ആര്‍.എസ്.എസിന്റെ പിന്തുണയുള്ള സ്വാമിയെ മോദിക്കോ ബി.ജെ.പിക്കോ തൊടാന്‍ പോലുമാവില്ല എന്നതാണ് യാഥാര്‍ത്ഥ്യം.

Top