മോദി ‘എഫക്ടില്‍’ ബി.ജെ.പിക്ക് പ്രതീക്ഷ, പ്രചരണ ചൂടിലേക്ക് രാഷ്ട്രീയ പാര്‍ട്ടികള്‍

സാമ്പത്തിക രംഗത്തെ പ്രതിസന്ധികള്‍ക്കിടയിലും പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തുന്ന കരുനീക്കങ്ങള്‍ ബി.ജെ.പിയെ സംബന്ധിച്ച് വലിയ കച്ചി തുരുമ്പായിരിക്കുകയാണിപ്പോള്‍.

ഡല്‍ഹി സ്തംഭിപ്പിക്കാന്‍ യു.പിയില്‍ നിന്നും പുറപ്പെട്ട ആയിരക്കണക്കിന് കര്‍ഷകരുടെ ആവശ്യങ്ങള്‍ അംഗീകരിച്ചത് തന്നെ തന്ത്രപരമാണ്. ഈ കര്‍ഷക തീ ഹരിയാനയില്‍ കൂടി പടര്‍ന്നാല്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ അടിതെറ്റും എന്ന് തിരിച്ചറിഞ്ഞായിരുന്നു ഇടപെടല്‍. മുന്‍പ് മഹാരാഷ്ട്രയിലെ കര്‍ഷക പ്രക്ഷോഭകര്‍ ഉയര്‍ത്തിയ ആവശ്യങ്ങള്‍ അംഗീകരിച്ചതും നിയമസഭ തെരഞ്ഞെടുപ്പ് മുന്‍ നിര്‍ത്തിയായിരുന്നു. ഈ രണ്ട് സംസ്ഥാനങ്ങളിലും ഒക്ടോബര്‍ 21നാണ് നിയമസഭ തെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്നത്.

ഇപ്പോഴത്തെ സാഹചര്യത്തില്‍ ബി.ജെ.പി ഭരിക്കുന്ന ഈ സംസ്ഥാനങ്ങളില്‍ ഏതെങ്കിലും ഒന്ന് കൈവിട്ടാല്‍ പോലും അത് വലിയ തിരിച്ചടിയായാണ് ചിത്രീകരിക്കപ്പെടുക. ഈ സാഹചര്യം ഒഴിവാക്കുന്നതിനാണ് മോദിയുടെ ഭാഗത്ത് നിന്നും നിര്‍ണ്ണായക നീക്കമുണ്ടായിരിക്കുന്നത്.

മുഖ്യ പ്രതിപക്ഷമായ കോണ്‍ഗ്രസ്സിനെ സംബന്ധിച്ച് അതി ദയനീയമാണ് നിലവിലെ അവസ്ഥ. മഹാരാഷ്ട്ര, ഹരിയാന സംസ്ഥാനങ്ങളിലെ പ്രമുഖ നേതാക്കളെല്ലാം ഇതിനകം തന്നെ കാവിയണിഞ്ഞു കഴിഞ്ഞു. അവശേഷിക്കുന്നവരില്‍ ഒരു വിഭാഗം തെരഞ്ഞെടുപ്പ് വിധി വന്നാല്‍ കൂട്ടത്തോടെ കളം മാറാനും സാധ്യത കൂടുതലാണ്. എന്‍.സി.പിയുടെ അവസ്ഥയും ഇതൊക്കെ തന്നെയാണ്.

noida election

ദേശീയത ഉയര്‍ത്തി ലോകസഭ തെരഞ്ഞെടുപ്പില്‍ നേട്ടം കൊയ്ത ബി.ജെ.പി അതേ മാര്‍ഗ്ഗം തന്നെയാണ് നിയമസഭ തെരഞ്ഞെടുപ്പിലും പയറ്റാന്‍ ഒരുങ്ങുന്നത്. ജമ്മു കശ്മീരിന്റെ പ്രത്യേക അധികാരം എടുത്ത് കളഞ്ഞതും തീവ്രവാദത്തിനെതിരായ നിലപാടും ഉയര്‍ത്തി കാട്ടി പ്രചരണം നടത്താനാണ് കാവി പടയുടെ തീരുമാനം.

ലോകത്തിന് മുന്നില്‍ ഇന്ത്യയുടെ അഭിമാനം ഉയര്‍ത്തിയ പ്രധാനമന്ത്രിയായാണ് മോദിയെ ബി.ജെ.പി ചൂണ്ടിക്കാട്ടുന്നത്. അമേരിക്കയില്‍ നടന്ന ‘ഹൗഡി മോദി’യുടെ വിജയം കാവിപ്പടക്ക് പ്രചരണത്തിന് കരുത്തായിട്ടുണ്ട്. വ്യാപകമായ പ്രചരണമാണ് ഇതുസംബന്ധമായി സോഷ്യല്‍ മീഡിയകളില്‍ നടന്നുകൊണ്ടിരിക്കുന്നത്.

മുന്‍ഗാമികളായ പ്രധാനമന്ത്രിമാരെ ചൂണ്ടിക്കാട്ടി ഒരു താരതമ്യം തന്നെ പരിവാര്‍ സംഘടനകള്‍ ഇപ്പോള്‍ നടത്തുന്നുണ്ട്. ലോക രാഷ്ട്രങ്ങള്‍ക്കിടയില്‍ ഇന്ത്യക്ക് ഇത്രമാത്രം സ്വീകാര്യത ലഭിച്ച മറ്റൊരു കാലഘട്ടവും ഉണ്ടായിട്ടില്ലന്നാണ് അവര്‍ അവകാശപ്പെടുന്നത്. മുന്‍ഗാമികളില്‍ നിന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയെ വ്യത്യസ്തനാക്കുന്നത് അദ്ദേഹത്തിന്റെ തന്ത്രപരവും ശക്തവുമായ കഴിവ് തന്നെയാണ്.

ഹൗഡി മോദി സംഗമം ചരിത്ര താളുകളിലാണിപ്പോള്‍ ഇടം പിടിച്ചിരിക്കുന്നത്. ഒരു അമേരിക്കന്‍ പ്രസിഡന്റ് ചരിത്രത്തില്‍ ആദ്യമായാണ് ഇന്ത്യന്‍ പ്രധാനമന്ത്രിയുമൊത്ത് ഇത്രയും വിപുലമായ ഒരു പരിപാടിയില്‍ പങ്കെടുത്തത്. ഹൂസ്റ്റണില്‍ നടന്ന ഹൗഡി മോദി സംഗമത്തില്‍ പങ്കെടുക്കുന്നതിനു വേണ്ടി മാത്രമാണ് അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് എത്തിയിരുന്നത്. മോസ്റ്റ് ലോയല്‍ ഫ്രണ്ട് എന്നാണ് മോദിയെ ട്രംപ് വേദിയില്‍ വിശേഷിപ്പിച്ചിരുന്നത്. അരലക്ഷത്തിലധികം വരുന്ന ആളുകള്‍ പങ്കെടുത്ത ഈ പരിപാടി അമേരിക്കയെ സംബന്ധിച്ച് ഏറ്റവും വലിയ പരിപാടിയായി ഇതിനകം മാറികഴിഞ്ഞിട്ടുണ്ട്.

ആയുധ രംഗത്ത് മാത്രമല്ല വാണിജ്യ രംഗത്തും ഇന്ത്യയും അമേരിക്കയും തമ്മിലുള്ള പുതിയ കാല്‍വയ്പിനുള്ള വേദിയായാണ് ‘ഹൗഡി മോദി’യെ കേന്ദ്രസര്‍ക്കാരും ചിത്രീകരിക്കുന്നത്. അമേരിക്കയെ സംബന്ധിച്ച് ലോകത്തിലെ ഏറ്റവും വലിയ വിപണികളില്‍ പ്രധാനിയായ ഇന്ത്യയുമായുള്ള സഹകരണവും അനിവാര്യമാണ്. പ്രത്യേകിച്ച് ചൈനയുമായി വാണിജ്യ യുദ്ധം ആരംഭിച്ചതിനാല്‍ മേഖലയിലെ പ്രധാന ശക്തിയായ ഇന്ത്യയെ ഒപ്പം നിര്‍ത്തേണ്ടത് ആ രാജ്യത്തെ സംബന്ധിച്ച് അനിവാര്യമാണ്. ഈ ഒരു വേദി ട്രംപ് ഉപയോഗപ്പെടുത്തിയതും വ്യക്തമായ കണക്ക് കൂട്ടലോടെ തന്നെയായിരുന്നു.

അമേരിക്കന്‍ പ്രസിഡന്റ് ആരാകണമെന്ന് തീരുമാനിക്കാന്‍ ശേഷിയുള്ള വോട്ടര്‍മാരാണ് പരിപാടിയില്‍ പങ്കെടുത്തവരില്‍ ബഹുഭൂരിപക്ഷമെന്നതും ശ്രദ്ധേയമാണ്. അതുകൊണ്ട് തന്നെ അമേരിക്കയിലെ രാഷ്ട്രീയ നേത്യത്വങ്ങളും അതീവ പ്രാധാന്യത്തോടെയാണ് ഹൗഡി മോദി പരിപാടിയെ നോക്കി കണ്ടിരുന്നത്. ട്രംപിനുവേണ്ടി വോട്ട് ചോദിച്ച മോദിയുടെ നടപടി ഡെമോക്രാറ്റുകളെ ഞെട്ടിച്ചിട്ടുണ്ട്.

ബദ്ധശത്രുക്കളായ റഷ്യയുമായും അമേരിക്കയുമായും ഒരേ സമയം സൗഹൃദത്തില്‍ പോകാന്‍ കഴിയുന്നത് മോദിയുടെ നയതന്ത്ര വിജയമായാണ് പരക്കെ വിലയിരുത്തപ്പെടുന്നത്.

ഇന്ത്യ പുതുതായി ആര്‍ജ്ജിക്കുന്ന കരുത്താണ് ചൈനയെ പോലും കശ്മീര്‍ വിഷയത്തില്‍ പിറകോട്ടടിപ്പിച്ചിരുന്നത്. പാക്കിസ്ഥാന്‍ ഉദ്ദേശിച്ച രൂപത്തിലുള്ള ഒരു സൈനിക പിന്തുണ ഈ വിഷയത്തില്‍ ചൈന നല്‍കിയിരുന്നില്ലന്നതും ശ്രദ്ധേയമാണ്. മാത്രമല്ല ചൈനീസ് പ്രസിഡന്റിന്റെ ഇന്ത്യാ സന്ദര്‍ശനത്തില്‍ കശ്മീര്‍ വിഷയം ചര്‍ച്ചയാകില്ലന്ന സൂചനയും ചൈന നല്‍കി കഴിഞ്ഞു. ഇതും പാക്കിസ്ഥാനെ സംബന്ധിച്ച് വലിയ തിരിച്ചടിയാണ്.

കൊടും ഭീകരനായ മസൂദ് അസ്ഹറിനെ ആഗോള ഭീകരനാക്കുന്നതിന് യു.എന്നില്‍ പല തവണ തടസ്സവാദം ഉന്നയിച്ച ചൈന ഒടുവില്‍ അതില്‍ നിന്നു പിന്‍മാറിയതും പാക്കിസ്ഥാന് അപ്രതീക്ഷിതമായിരുന്നു. ഇതോടെയാണ് മസൂദ് അസ്ഹറിനെ യു.എന്‍ ആഗോള ഭീകരനായി പ്രഖ്യാപിച്ചിരുന്നത്.

ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ്ങിന്റെ ഇന്ത്യാ സന്ദര്‍ശനത്തിന് മുന്നോടിയായി ഇന്ത്യയെ പ്രീണിപ്പെടുത്തുന്ന നടപടിയാണിപ്പോള്‍ അമേരിക്കയുടെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നത്. ഇന്ത്യയാകട്ടെ റഷ്യയുമായും അമേരിക്കയുമായും ഒരു പോലെ നല്ല ബന്ധം നിലനിര്‍ത്താനാണ് ശ്രമിക്കുന്നത്. അടുത്തയിടെ നടന്ന മോദിയുടെ റഷ്യന്‍ സന്ദര്‍ശനത്തിലും നിര്‍ണ്ണായകമായ കരാറുകളില്‍ ഇരു രാജ്യങ്ങളും ഒപ്പുവച്ചിരുന്നു. അമേരിക്കന്‍ സമ്മര്‍ദ്ദത്തിന് വഴങ്ങാതെയാണ് എസ് 400 ട്രയംഫ് കരാറുമായി ഇന്ത്യ മുന്നാട്ട് പോകുന്നത്.

അമേരിക്കയുടെ പുതു തലമുറ യുദ്ധവിമാനങ്ങളെ പോലും ചാരമാക്കാന്‍ ശേഷിയുള്ള റഷ്യന്‍ പ്രതിരോധ കരുത്താണ് ട്രയംഫ് 400. 42,000 കോടിയുടെ കരാറാണ് ഇതുസംബന്ധമായി ഇന്ത്യയുമായി റഷ്യ ഒപ്പ് വച്ചിരിക്കുന്നത്. സൈനിക മേഖലയിലെ സഹകരണം കൂടുതല്‍ ശക്തമായി മുന്നോട്ട് കൊണ്ടുപോകാനും റഷ്യയും ഇന്ത്യയും തീരുമാനിച്ചിട്ടുണ്ട്.

അമേരിക്കയാവട്ടെ ലോകത്തിലെ ഏറ്റവും ശക്തമായ അറ്റാക്ക് ഹെലികോപ്റ്ററായ അപ്പാച്ചെ അടുത്തയിടെയാണ് ഇന്ത്യക്ക് നല്‍കിയത്. ഏറ്റവും ആധുനിക ടെക്നോളജിയുള്ള ഈ ഹെലികോപ്റ്ററിന് മിസൈലുകളും ടാങ്കുകളും തകര്‍ക്കാന്‍ നിഷ്പ്രയാസം കഴിയും.

യുദ്ധവിമാനങ്ങളില്‍ ഏറ്റവും പുതിയ ടെക്നോളജിയുള്ള ഫ്രാന്‍സിന്റെ റഫാല്‍ യുദ്ധവിമാനവും ഇന്ത്യ സ്വന്തമാക്കി കഴിഞ്ഞു. ബാലക്കോട്ടെ ആക്രമണത്തിന് മുന്‍പ് ഈ വിമാനം കൈവശമുണ്ടായിരുന്നെങ്കില്‍ കൂടുതല്‍ പ്രഹരം പാക്കിസ്ഥാന് ഏല്‍പ്പിക്കാന്‍ ഇന്ത്യക്ക് കഴിയുമായിരുന്നു. ഇക്കാര്യം പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ മുന്‍പ് തുറന്ന് പറഞ്ഞിട്ടുമുണ്ട്. ലേറ്റായാലും ലേറ്റസ്റ്റായി തന്നെ ഇന്ത്യക്ക് കാവലൊരുക്കുകയാണിപ്പോള്‍ അപ്പാച്ചെയും റഫാലും. ഈ പുതിയ സംവിധാനങ്ങള്‍ സേനയുടെ ഭാഗമായത് ഇന്ത്യന്‍ സൈന്യത്തിന്റെയും ആത്മവിശ്വാസമാണ് വര്‍ദ്ധിപ്പിച്ചിരിക്കുന്നത്.

പാക്ക് അധീന കശ്മീര്‍ പിടിച്ചെടുക്കണമെന്ന സ്വപ്നം സാക്ഷാത്കരിക്കാന്‍ ഇനി അധികം താമസമില്ലന്ന സൂചനയാണ് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങളും നിലവില്‍ നല്‍കുന്നത്. ഇതും നിയമസഭാ തെരഞ്ഞെടുപ്പിലെ പ്രധാന പ്രചരണ വിഷയമാണ്. ഇന്ത്യയുടെ നിലപാടുകളും നയങ്ങളും കൂടുതല്‍ കര്‍ക്കശമായി മാറികൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളെ നയതന്ത്ര വിദഗ്ദരും ആകാംക്ഷയോടെയാണിപ്പോള്‍ ഉറ്റുനോക്കുന്നത്.

Staff Reporter

Top