അധികാരത്തിലെത്തിയാല്‍ വ്യാപാരികള്‍ക്ക് 50 ലക്ഷം വായ്പ; വന്‍ പ്രഖ്യാപനവുമായി മോദി

ന്യൂഡല്‍ഹി: വീണ്ടും അധികാരത്തില്‍ എത്തിയാല്‍ വ്യാപാരികള്‍ക്ക് വേണ്ടി വന്‍ പദ്ധതികള്‍ നടപ്പാക്കുമെന്ന വാഗ്ദാനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഈടില്ലാതെ അമ്പത് ലക്ഷംവരെ വായ്പ നല്‍കുമെന്നും, വ്യാപാരികള്‍ക്ക് ക്രെഡിറ്റ് കാര്‍ഡ്, പെന്‍ഷന്‍ പദ്ധതിയും വിഭാവനം ചെയ്യുമെന്നും മോദി വ്യക്തമാക്കി. ന്യൂഡല്‍ഹിയില്‍ നടന്ന വ്യാപാരികളുടെ യോഗത്തിലാണ് മോദി വാഗ്ദാനം നല്‍കിയത്.

ബി.ജെ.പി സര്‍ക്കാര്‍ കൊണ്ടുവന്ന ജി.എസ്.ടി രാജ്യത്തെ വ്യാപാരികള്‍ക്ക് വലിയ നേട്ടമുണ്ടാക്കി. ജി.എസ്.ടി നടപ്പിലാക്കിയതില്‍ ചില പോരായ്മകള്‍ സംഭവിച്ചിട്ടില്ലെന്ന് പറയുന്നില്ല. എന്നാല്‍ അതു സംബന്ധിച്ച് വ്യാപാരികളില്‍ നിന്നുള്ള ഏതൊരു പരാതിയും പരിഹരിക്കാന്‍ സര്‍ക്കാര്‍ തയ്യാറായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ അഞ്ച് വര്‍ഷം നൂലാമാലകള്‍ ഒഴിവാക്കി വായ്പകള്‍ എളുപ്പത്തില്‍ ലഭ്യമാക്കുകയും വ്യാപാരികളുടെ ജീവിതം സുഗമമാക്കാനുമാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിച്ചത്. ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലായ വ്യാപാരികള്‍ക്ക് മുന്‍പൊരിക്കലും അവരര്‍ഹിക്കുന്ന പരിഗണന ലഭിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കോണ്‍ഗ്രസ് കച്ചവട സമൂഹത്തെ ഒന്നാകെ ‘ചോര്‍’ എന്ന് വിളിച്ചപ്പോള്‍ തന്റെ സര്‍ക്കാര്‍ അവര്‍ക്കായി നിലകൊണ്ടതായി മോദി പറഞ്ഞു. ഇന്ത്യയുടെ സാമ്പത്തിക രംഗം വളരുന്നതിന് വ്യാപാരികളുടെ അധ്വാനം വലിയ പങ്കുവഹിച്ചിട്ടുണ്ട്. എന്നാല്‍ കഴിഞ്ഞ എഴുപത് വര്‍ഷത്തെ ഭരണകാലത്തും കോണ്‍ഗ്രസ് അവരെ കള്ളന്‍മാരെന്ന് വിളിച്ച് അധിക്ഷേപിക്കുകയാണ് ചെയ്തിട്ടുള്ളത്. അവര്‍ ഒരിക്കലും വ്യാപാരികളെ ബഹുമാനിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top