വെല്ലുവിളികള്‍ നേരിടാന് സൈന്യത്തെസജ്ജമാക്കാന്‍ സാധിക്കട്ടെ; റാവത്തിനെ അഭിനന്ദിച്ച് മോദി

ന്യൂഡല്‍ഹി: ഇന്ത്യയുടെ ആദ്യത്തെ സംയുക്ത സേനാ മേധാവിയായി ചുമതലയേറ്റ ജനറല്‍ ബിപിന്‍ റാവത്തിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പുതിയ വെല്ലുവിളികള്‍ നേരിടാന് സൈന്യത്തെ സജ്ജമാക്കാന്‍ റാവത്തിന് സാധിക്കട്ടെയെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

ഇന്ന് രാവിലെ പ്രതിരോധ മന്ത്രാലയത്തില്‍ നടന്ന ചടങ്ങിലാണ് ബിപിന്‍ റാവത്ത് അധികാരമേറ്റത്. ചുമതലയേല്‍ക്കുന്നതിന് മുന്നോടിയായി ബിപിന്‍ റാവത്ത് ദേശീയ യുദ്ധ സ്മാരകത്തില്‍ പുഷ്പചക്രം അര്‍പ്പിച്ചു.

നാവിക സേനയും, വ്യോമസേനയും, കരസേനയും ഇനി ഒരു ടീമായി പ്രവര്‍ത്തിക്കുമെന്നും രാഷ്ട്രീയത്തില്‍ നിന്നും അകന്നാണ് പ്രവര്‍ത്തിക്കുന്നതെന്നും ജനറല്‍ ബിപിന്‍ റാവത്ത് പറഞ്ഞു. അധികാരത്തിലിരിക്കുന്ന സര്‍ക്കാരിന്റെ നിര്‍ദ്ദേശങ്ങള്‍ക്ക് അനുസരിച്ച് മാത്രമേ പ്രവര്‍ത്തിക്കൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

65 വയസ് വരെ പ്രായമുള്ളവര്‍ക്കേ ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് പദവിയിലെത്താനാവൂ. മൂന്ന് വര്‍ഷമാണ് കാലാവധി. രാഷ്ട്രപതിക്ക് കീഴില്‍ മൂന്ന് സേനകളും തമ്മിലുള്ള ഏകോപനച്ചുമതലയും പ്രതിരോധമന്ത്രിയുടെ പ്രിന്‍സിപ്പല്‍ മിലിട്ടറി ഉപദേശകനും ഇനി ബിപിന്‍ റാവത്തായിരിക്കും.

രാജ്യത്തിന് വേണ്ട ആയുധങ്ങള്‍ വാങ്ങല്‍, ശേഷിയും ആവശ്യങ്ങളും കൃത്യമായി പ്രതിരോധവകുപ്പിനെ അറിയിക്കല്‍, മൂന്ന് സേനകളുടെയും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കല്‍ എന്നിവ സംയുക്ത സേനാ മേധാവിയുടെ ചുമതലകളില്‍ ചിലതാണ്. സേനാമേധാവികളുടെ തുല്യ ശമ്പളം തന്നെ സംയുക്ത സേനാ മേധാവിക്കുമുണ്ടാകും.

സംയുക്ത സേനാ മേധാവി പദവിയിലിരുന്നയാള്‍ക്ക് സ്ഥാനമൊഴിഞ്ഞ ശേഷം പിന്നീട് ഒരു സര്‍ക്കാര്‍ പദവി വഹിക്കാനാവില്ല. മാത്രമല്ല, ഒരു സ്വകാര്യ കമ്പനിയിലും അഞ്ച് വര്‍ഷത്തേക്ക് ഒരു പദവിയും വഹിക്കാനാവില്ല. അതിന് ശേഷം ഏതെങ്കിലും പദവികള്‍ വഹിക്കണമെങ്കില്‍ കേന്ദ്രസര്‍ക്കാരിന്റെ അനുമതിയും വേണം.

Top