പൊതുതെരഞ്ഞെടുപ്പിലെ വമ്പന്‍ ജയം; യുകെ പ്രധാനമന്ത്രിയെ അഭിനന്ദിച്ച് മോദി

യുകെ പൊതുതെരഞ്ഞെടുപ്പില്‍ വന്‍വിജയം നേടുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാര്‍ലമെന്റില്‍ ചരിത്ര പ്രാധാന്യമുള്ള ഭൂരിപക്ഷം ഉറപ്പാക്കി കണ്‍സര്‍വേറ്റീവ് സര്‍ക്കാര്‍ അധികാരം നിലനിര്‍ത്തുമെന്ന് ചിത്രം വ്യക്തമായതിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ ട്വീറ്റ്.

‘വമ്പിച്ച വിജയം നേടി തിരിച്ചെത്തിയ ബോറിസ് ജോണ്‍സന് എല്ലാവിധ അഭിനന്ദനങ്ങളും. ആശംസകള്‍ നേരുന്നതിനൊപ്പം ഇന്ത്യയുകെ സഹകരണത്തില്‍ കൂടുതല്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെയ്ക്കാമെന്നും പ്രതീക്ഷിക്കുന്നു’, പ്രധാനമന്ത്രി മോദി കുറിച്ചു.

യൂറോപ്യന്‍ യൂണിയനിലെ അംഗത്വം ഒഴിവാക്കി സ്വതന്ത്ര രാജ്യമാകാനുള്ള ബ്രിട്ടന്റെ ശ്രമങ്ങള്‍ക്ക് ബോറിസ് ജോണ്‍സന്റെ നേതൃത്വം പുതിയ ഊര്‍ജ്ജം നല്‍കും. ബ്രക്‌സിറ്റ് ഹിതപരിശോധന ഫലങ്ങള്‍ അനുസരിച്ച് ഈ മോചനം നടപ്പാക്കാന്‍ പാര്‍ലമെന്റില്‍ ഭൂരിപക്ഷം ഇല്ലാതിരുന്നതിനാല്‍ സാധിച്ചിരുന്നില്ല. ബ്രക്‌സിറ്റിന്റെ പേരില്‍ മൂന്നാമത്തെ പ്രധാനമന്ത്രിയായി ഭരിക്കുന്നതിന് ഇടെയാണ് ബോറിസ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്.

ഹിതപരിശോധന ഫലം അട്ടിമറിക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ നടത്തിയ ശ്രമങ്ങളാണ് തെരഞ്ഞെടുപ്പ് ഫലങ്ങളിലൂടെ ജനങ്ങള്‍ തകര്‍ത്തത്. 368 സീറ്റുകളെങ്കിലും നേടി ബോറിസ് അധികാരത്തിലെത്തുമെന്നാണ് ട്രെന്‍ഡുകള്‍.

Top