ശത്രുവിനെ വകവരുത്താൻ സൈന്യം സുസജ്ജമെന്ന് മോദി; സൈനികരോടൊപ്പം ദീപാവലി ആഘോഷം

ന്യൂഡൽഹി : സൈനികർക്കൊപ്പം ദീപാവലി ആഘോഷിച്ച് പ്രധാമന്ത്രി നരേന്ദ്ര മോദി. രാജ്യസുരക്ഷയാണ് സര്‍ക്കാരിന് മുഖ്യമെന്നും അതിന് വെല്ലുവിളി ഉയര്‍ത്തുന്ന ശക്തികള്‍ക്ക് തക്ക മറുപടി നല്‍കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ശത്രുവിനെ അവരുടെ സങ്കേതത്തിലെത്തി വകവരുത്താന്‍ സൈന്യം സുസജ്ജമാണ്. ലോംഗെവാലയില്‍ ഇന്ത്യന്‍ സൈന്യം വലിയ ​ശൗര്യം പ്രകടിപ്പിച്ചു. പാകിസ്ഥാന് സൈന്യം തക്ക മറുപടിയും നല്‍കി. എല്ലാ ഇന്ത്യക്കാര്‍ക്കും വേണ്ടി സൈനികര്‍ക്ക് ആശംസകള്‍ നേരുന്നവെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

 

രാജസ്ഥാനിലെ ജെയ്‌സാല്‍മെറിലാണ് ഇത്തവണ പ്രധാനമന്ത്രി സൈനികര്‍ക്കൊപ്പം ദീപാവലി ആഘോഷിക്കാനെത്തിയത്. 2014ൽ പ്രധാനമന്ത്രി സ്ഥാനത്ത് എത്തിയത് മുതല്‍ ആറ് വര്‍ഷമായി മോദി സൈനികർക്കൊപ്പമാണ് ദീപാവലി ആഘോഷിക്കുന്നത്. സിയാച്ചിനിൽ ദീപാവലി ആഘോഷിച്ച തന്നെ പലരും വിമർശിച്ചു. പക്ഷേ സൈനികരാണ് രാജ്യത്തിൻ്റെ സമ്പത്തെന്നാണ് താൻ കരുതുന്നതെന്നും ജവാന്മാർക്കൊപ്പമുള്ളപ്പോഴാണ് തൻ്റെ ദീപാവലി ആഘോഷം പൂർണ്ണമാകുന്നതെന്നും മോദി പറഞ്ഞു. മധുരത്തിനൊപ്പം രാജ്യത്തിൻ്റെ സ്നേഹവും അവർക്ക് കൈമാറുകയാണ്. സൈനികരുടെ സന്തോഷിച്ച മുഖം കാണുമ്പോൾ തൻ്റെ സന്തോഷവും ഇരട്ടിയാകുന്നുവെന്നും അദ്ദേഹം പറഞ്ഞു.

 

രാജ്യത്തിനായി വീരമൃത്യു വരിച്ച സൈനികര്‍ക്ക് അദ്ദേഹം ആദരാജ്ഞലികള്‍ അര്‍പ്പിച്ചു. ഇത്തവണ ദീപാവലി ദിനത്തില്‍ സൈനികര്‍ക്കായി എല്ലാവരും ഒരു ദീപം തെളിയിക്കണമെന്നും പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു. വിവിധ രാജ്യങ്ങളുമായി ദീര്‍ഘദൂര അതിര്‍ത്തി പങ്കിടുന്ന രാജ്യമാണ് ഇന്ത്യ. എന്നാല്‍, ലോഗെവാല അതിര്‍ത്തി ഓരോ ഇന്ത്യക്കാരനും പരിചിതമാണെന്നും മോദി പ്രഭാഷണത്തിൽ പറഞ്ഞു. പ്രതിരോധ മേധാവി ബിപിന്‍ റാവത്ത്, കരസേന മേധാവി എം.എം നരവണെ ബി.എസ്.എഫ് മേധാവി ജനറല്‍ രാകേഷ് അസ്താന എന്നിവര്‍ പ്രധാനമന്ത്രിക്കൊപ്പം ജയ്‌സാല്‍മര്‍ സന്ദര്‍ശിച്ചു.

Top