നിമുവിലെ സൈനിക പോസ്റ്റുകള്‍ സന്ദര്‍ശിച്ച് മോദി; സൈനികരുമായി കൂടിക്കാഴ്ച നടത്തും

ന്യൂഡല്‍ഹി: ലഡാക്ക് തലസ്ഥാനമായ ലേയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി നിമുവിലെ സൈനിക പോസ്റ്റുകള്‍ സന്ദര്‍ശിച്ചു. അവിടെ വെച്ച് കര, വ്യോമ, ഐടിബിപി സേനകളെ ഒരുമിച്ച് പ്രധാനമന്ത്രി അഭിസംബോധന ചെയ്തു. സംയുക്ത സേനാ മേധാവി ബിപിന്‍ റാവത്തും കരസേനാ മേധാവി എം.എം.നരവനെയും ഒപ്പമുണ്ട്.

11,000 അടി ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ഏറ്റവും കഠിനമായ ഭൂപ്രദേശങ്ങളില്‍ ഒന്നാണ് നിമു. ലഫ്.ജനറല്‍ ഹരീന്ദര്‍ സിങ് പ്രധാനമന്ത്രിയോട് സ്ഥിതിഗതികള്‍ വിശദീകരിച്ചു. ചൈനയുമായുള്ള സൈനികതല ചര്‍ച്ചയുടെ പുരോഗതിയും പ്രധാനമന്ത്രി വിലയിരുത്തി. തുടര്‍ന്ന് ഗല്‍വാന്‍ സംഘര്‍ഷത്തില്‍ പരിക്കേറ്റ സൈനികരെ കാണുന്നതിനായി അദ്ദേഹം സൈനിക ആശുപത്രിയിലേക്ക് തിരിച്ചു.

പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ലഡാക്ക് സന്ദര്‍ശനം ഒഴിവാക്കിയതിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ അപ്രതീക്ഷിത സന്ദര്‍ശനം.ലഡാക്ക് സന്ദര്‍ശനത്തിന് ശേഷം ഡല്‍ഹിയിലെത്തുന്ന പ്രധാനമന്ത്രി ഉന്നതതല യോഗം വിളിച്ചിട്ടുണ്ട്.

ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, വിദേശകാര്യ മന്ത്രി എസ്.ജയ്ശങ്കര്‍, അജിത് ഡോവല്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ട്.

ജൂണ്‍ 15-ന് ലഡാക്കിലുണ്ടായ സംഘര്‍ഷത്തിന് ശേഷം ആദ്യമായിട്ടാണ് മന്ത്രിസഭാ സുരക്ഷാ സമിതിയില്‍ നിന്നൊരംഗം ഇവിടം സന്ദര്‍ശിക്കുന്നത്.ലഡാക്കിലെ ഗല്‍വാനില്‍ ഇന്ത്യചൈന സൈനികര്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 20 ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിച്ചിരുന്നു. ഇതിനു പിന്നാലെ ഇരു രാജ്യങ്ങളിലും തമ്മിലുള്ള സംഘര്‍ഷം മൂര്‍ധന്യാവസ്ഥയിലാണ്. അതിര്‍ത്തിയിലെ ഏഴ് സ്ഥലങ്ങളില്‍ ഇരു രാജ്യങ്ങളുടെയും സേനാവിന്യാസമുണ്ട്.

Top