പാവപ്പെട്ട 80 കോടി ജനങ്ങള്‍ക്ക് വരുന്ന അഞ്ചു മാസത്തേയ്ക്ക് സൗജന്യ ഭക്ഷ്യധാന്യങ്ങള്‍

ന്യൂഡല്‍ഹി: രാജ്യത്തെ പാവപ്പെട്ട 80 കോടി ജനങ്ങള്‍ക്ക് വരുന്ന അഞ്ചു മാസത്തേയ്ക്ക് സൗജന്യമായി ഭക്ഷ്യധാന്യങ്ങള്‍ നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.

പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന നവംബര്‍ അവസാനം വരെ ദീര്‍ഘിപ്പിക്കാന്‍ തീരുമാനിച്ചതായി പ്രധാനമന്ത്രി വ്യക്തമാക്കി. രണ്ടാം ഘട്ട ലോക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

വരുന്ന മാസങ്ങള്‍ ഉത്സവങ്ങളുടെ കാലമാണ്. മാസം അഞ്ച് കിലോ അരി, ഒരു കിലോ പരിപ്പ് എന്നിവ സൗജന്യമായി ലഭിക്കുന്ന പദ്ധതി ദീപാവലി, ഛാത് പൂജ തുടങ്ങിയ ഉത്സവങ്ങള്‍ക്കു ശേഷം നവംബര്‍ വരെ ദീര്‍ഘിപ്പിച്ചതായും പ്രധാനമന്ത്രി പറഞ്ഞു.

കോവിഡ് മഹാമാരിയുടെ കാര്യത്തില്‍ ലോകത്തെ മറ്റു രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യ ഇപ്പോഴും സ്ഥിരതയുള്ള അവസ്ഥയിലാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യം അണ്‍ലോക്ക്-2ലേക്ക് കടന്നിരിക്കുന്നു.ഓരോ പൗരനും ആരോഗ്യകാര്യത്തില്‍ ശ്രദ്ധ പുലര്‍ത്തണമെന്നും പറഞ്ഞു.

ലോക്ഡൗണ്‍ പ്രഖ്യാപിച്ചത് ഉചിതമായ സമയത്താണ്. അണ്‍ലോക്ക് ആരംഭിച്ചപ്പോള്‍ കോവിഡ് പ്രതിരോധത്തില്‍ അലംഭാവം കാണുന്നു. ചട്ടങ്ങള്‍ പാലിക്കാന്‍ എല്ലാവരും തയ്യാറാകണം. ജനങ്ങള്‍ ജാഗ്രതക്കുറവ് കാട്ടരുതെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.

കോവിഡ് മുന്‍കരുതലുകള്‍ ലംഘിക്കുന്നവരെ നിരുത്സാഹപ്പെടുത്തണമെന്നും മറ്റു രോഗങ്ങള്‍ക്കെതിരെ മുന്‍കരുതല്‍ വേണമെന്നും മോദി പറഞ്ഞു.

Top