വിവാഹപ്രായം ഉയര്‍ത്തല്‍ പെണ്‍കുട്ടികളുടെ പഠനവും തുല്യതയും മുന്‍നിര്‍ത്തിയെന്ന് മോദി

ന്യൂഡല്‍ഹി: സ്ത്രീകള്‍ക്ക് വിദ്യാഭ്യാസത്തിന് കൂടുതല്‍ അവസരമൊരുക്കാനാണ് വിവാഹപ്രായ ഏകീകരണ ബില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഇതിലൂടെ സ്ത്രീകള്‍ക്കും തുല്യഅവസരങ്ങള്‍ ലഭിക്കുമെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. സ്ത്രീകള്‍ വീടുകളില്‍ ഒതുങ്ങാന്‍ ആഗ്രഹിക്കുന്നില്ല. തങ്ങള്‍ക്കുവേണ്ടി ഒന്നും ചെയ്യാത്ത മുന്‍ സര്‍ക്കാരുകളെ അവര്‍ തിരികെ കൊണ്ട് വരില്ലെന്നും മോദി പറഞ്ഞു.

ഏത് പാര്‍ട്ടിയാണ് തങ്ങളുടെ നേട്ടത്തിനായി പ്രവര്‍ത്തിക്കുന്നതെന്ന് ഇന്ന് സ്ത്രീകള്‍ക്ക് അറിയാം. സ്ത്രീകളുടെ വികസനത്തിനും ശാക്തീകരണത്തിനുമായി ബിജെപി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ രാജ്യം മുഴുവന്‍ ഉറ്റുനോക്കുകയാണ്. പെണ്‍മക്കളെ ഗര്‍ഭപാത്രത്തില്‍ കൊല്ലരുതെന്നും അവര്‍ ജനിക്കണമെന്നും മോദി പറഞ്ഞു. ഉത്തര്‍പ്രദേശില്‍ പ്രയാഗ്രാജ് റാലിയെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

സ്ത്രീകളുടെ വിവാഹപ്രായം 18ല്‍ നിന്ന് 21 ആയി ഉയര്‍ത്തുന്നത് ഉള്‍പ്പെടെ ഏഴ് വിവാഹ നിയമങ്ങളില്‍ മാറ്റം വരുത്തുന്നതാണ് ബില്‍. രാജ്യമാകെ ഒരേ വിവാഹ നിയമമാണ് ബില്ലിലൂടെ ലക്ഷ്യമിടുന്നതെന്ന് ബില്‍ അവതരിപ്പിച്ച വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി സ്മൃതി ഇറാനി പറഞ്ഞു. എല്ലാ വ്യക്തിനിയമങ്ങള്‍ക്കും മേലെയാകും വിവാഹ നിയമം. 2 വര്‍ഷത്തിനു ശേഷമായിരിക്കും ബില്‍ കര്‍ശനമായി നടപ്പിലാക്കി തുടങ്ങുകയെന്നും സ്മൃതി ഇറാനി വ്യക്തമാക്കി.

എന്നാല്‍ പ്രതിപക്ഷ എംപിമാര്‍ ബില്‍ കീറി എറിഞ്ഞു. ബില്‍ ഭരണഘടനാ വിരുദ്ധമാണെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍ ലോക്‌സഭയില്‍ പറഞ്ഞു. അസദുദ്ദീന്‍ ഉവൈസി, എന്‍.കെ പ്രേമചന്ദ്രന്‍, കനിമൊഴി തുടങ്ങിയ എംപിമാരും ബില്ലിനെ എതിര്‍ത്തു സംസാരിച്ചു. ബില്‍ അവതരിപ്പിക്കും മുന്‍പ് ആരുമായും കൂടിയാലോചന നടത്തിയില്ലെന്ന് കനിമൊഴി വിമര്‍ശിച്ചു.

അതേസമയം പെണ്‍കുട്ടികളുടെ വിവാഹപ്രായം ഉയര്‍ത്തുന്ന ബില്‍ സ്റ്റാന്‍ഡിങ് കമ്മിറ്റിക്ക് വിടണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. പ്രതിപക്ഷ ബഹളത്തിനിടെ ബില്‍ സ്റ്റാന്‍ഡിങ് കമ്മിറ്റിക്കു വിട്ടു. സ്റ്റാന്‍ഡിങ് കമ്മിറ്റിയുടെ റിപ്പോര്‍ട്ട് ലഭിച്ച ശേഷം ലോക്‌സഭ ബില്‍ വീണ്ടും പരിഗണിക്കും.

Top