ക്ഷേത്ര ദര്‍ശനം കഴിഞ്ഞു; മോദി ‘അഭിനന്ദന്‍ സമ്മേളന്‍’ ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു

തൃശൂര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദി ഗരുവായൂരിലെത്തി ക്ഷേത്ര ദര്‍ശനം പൂര്‍ത്തിയാക്കി. ശേഷം ശ്രീകൃഷ്ണ ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ ബി.ജെ.പി.യുടെ ‘അഭിനന്ദന്‍ സമ്മേളന്‍’ ഉദ്ഘാടനം ചെയ്തു.

ക്ഷേത്രത്തില്‍ എത്തിയ മോദിയെ ദേവസ്വം ചെയര്‍മാന്‍ കെ.ബി.മോഹന്‍ദാസിന്റെ നേതൃത്വത്തിലാണ് പൂര്‍ണകുംഭം നല്‍കി സ്വീകരിച്ചത്. കേന്ദ്ര മന്ത്രിമാരായ വി. മുരളീധരന്‍, പീയുഷ് ഗോയല്‍, എച്ച്. രാജ, ഗവര്‍ണര്‍ പി. സദാശിവം, ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ എന്നിവര്‍ മോദിക്കൊപ്പം ക്ഷേത്ര ദര്‍ശനത്തിനെത്തി.

അതേസമയം മോദി ഗുരുവായൂരപ്പന് മുമ്പില്‍ താമരപ്പൂവ് കൊണ്ട് തുലാഭാരവും നടത്തി. 111 കിലോ താമരയാണ് തുലാഭാരത്തിനായി ക്ഷേത്രത്തില്‍ എത്തിച്ചത്. 12.40-ന് യോഗം പൂര്‍ത്തിയാക്കി മോദി നെടുമ്പാശ്ശേരിയിലേക്ക് മടങ്ങും.

രാവിലെ 8.55-ഓടെ കൊച്ചിയിലെ ഗസ്റ്റ് ഹൗസില്‍നിന്ന് യാത്രതിരിച്ച അദ്ദേഹം ദക്ഷിണമേഖല നാവിക ആസ്ഥാനത്തെ വിമാനത്താവളത്തില്‍നിന്ന് പ്രത്യേക ഹെലികോപ്റ്ററിലാണ് ഗുരുവായൂരിലേക്ക് പുറപ്പെട്ടത്. രാവിലെ 9.45-ഓടെ പ്രധാനമന്ത്രി ഗുരൂവായൂര്‍ ശ്രീകൃഷ്ണ കോളേജിലെ ഹെലിപ്പാഡിലിറങ്ങി. ശേഷം കാറില്‍ ദേവസ്വത്തിന്റെ ശ്രീവത്സം ഗസ്റ്റ് ഹൗസിലേക്ക് പുറപ്പെട്ടു. ശ്രീവത്സം ഗസ്റ്റ് ഹൗസില്‍ അല്‍പ സമയം വിശ്രമിച്ച ശേഷമാണ് ക്ഷേത്രത്തിലേക്ക് പോയത്.

ഒരു മണിക്കൂറോളം പ്രധാനമന്ത്രി ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ചെലവഴിച്ചു. ക്ഷേത്രം കിഴക്കേഗോപുരകവാടത്തില്‍ പ്രധാനമന്ത്രിയെ പൂര്‍ണകുംഭം നല്‍കിയാണ് എതിരേറ്റത്. ഭഗവാനെ തൊഴുത് സോപാനപ്പടിയില്‍ കാണിക്ക സമര്‍പ്പിച്ചു. ഉപദേവന്മാരെ തൊഴുത്, ചുറ്റമ്പലപ്രദക്ഷിണം കഴിഞ്ഞതിന് ശേഷമാണ് തുലാഭാരം നടത്തിയത്.

പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തെ തുടര്‍ന്ന് കനത്ത സുരക്ഷാ സംവിധാനങ്ങളാണ് കൊച്ചിയിലും ഗുരുവായൂരിലും ഒരുക്കിയിട്ടുള്ളത്. രാവിലെ ഏഴ് മണി മുതല്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഭക്തര്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ സുരേഷ് ഗോപി എം.പി., മേയര്‍ സൗമിനി ജെയിന്‍, ചീഫ് സെക്രട്ടറി ടോംജോസ്, ഡി.ജി.പി. ലോക്‌നാഥ് ബെഹ്റ, വൈസ് അഡ്മിറല്‍ എ.കെ. ചൗള, കമ്മഡോര്‍ വി.ബി. ബെല്ലാരി, പ്രിന്‍സിപ്പല്‍ സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ, ഐ.ജി. വിജയ് സാഖറെ, ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ. സഫിറുള്ള, സിറ്റി പോലീസ് കമ്മിഷണര്‍ എസ്. സുരേന്ദ്രന്‍ തുടങ്ങി നിരവധി ഉദ്യോഗസ്ഥരും ജനപ്രതിനിധികളും എത്തിയിരുന്നു. ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരന്‍ പിള്ളയുടെ നേതൃത്വത്തില്‍ എന്‍.ഡി.എ. നേതാക്കളുടെ വന്‍സംഘവും പ്രധാനമന്ത്രിയെ സ്വീകരിക്കാനെത്തി.

വീണ്ടും പ്രധാനമന്ത്രിയായി ചുമതലയേറ്റ ശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യ പൊതുസമ്മേളനമാണ് ഗുരുവായൂരില്‍ നടക്കുന്നത്.

Top