ചൈനക്ക് സ്വയം ന്യായീകരിക്കാനുള്ള അവസരം പ്രധാനമന്ത്രി നല്‍കരുത് -മന്‍മോഹന്‍ സിങ്

ന്യൂഡല്‍ഹി: പ്രധാനമന്ത്രി വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കണമെന്ന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്. ലഡാക്കിലെ ഗാല്‍വാന്‍ താഴ്വരയിലുണ്ടായ ഇന്ത്യ-ചൈന സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ചേര്‍ന്ന, സര്‍വകക്ഷിയോഗത്തിലെ പ്രധാനമന്ത്രിയുടെ പ്രസ്താവനയെ ചൊല്ലിയുള്ള ആശയക്കുഴപ്പത്തിന്റെ പശ്ചാത്തലത്തിലാണ് മന്‍മോഹന്‍ സിങ്ങിന്റെ മുന്നറിയിപ്പ്.

രാജ്യത്തിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ എപ്പോഴും രാജ്യതാല്പര്യം മുന്നില്‍വേണം. അതിര്‍ത്തിയിലെ പ്രശ്‌നത്തെ രാജ്യം ഒറ്റക്കെട്ടായി നേരിടണം. ഇത് സംബന്ധിച്ച് തെറ്റായ വിവരങ്ങള്‍ പുറത്തുവിടരുത്. ഉറച്ച തീരുമാനങ്ങളും നയതന്ത്രവുമാണ് ഇപ്പോള്‍ വേണ്ടത്. കള്ളപ്രചാരണം നയതന്ത്രത്തിന് പകരമാവില്ലെന്നും അദ്ദേഹം പറഞ്ഞു.

ചൈനയുടെ ഭീഷണിക്ക് മുന്നില്‍ കീഴടങ്ങരുത്. നിലവിലെ പ്രതിസന്ധി വലുതാക്കരുതെന്നും മന്‍മോഹന്‍ സിങ് പറഞ്ഞു.

ഗല്‍വാന്‍ താഴ്വരയിലെ സംഘര്‍ഷത്തില്‍ വീരമൃത്യു വരിച്ച ഇന്ത്യന്‍ സൈനികര്‍ക്ക് നീതി ഉറപ്പാക്കണം.രാജ്യത്തിന് വേണ്ടിയാണ് ധീര സൈനികര്‍ ജീവത്യാഗം ചെയ്തത്. അവരുടെ വീരമൃത്യു വെറുതെയാകരുത്. രാജ്യത്തിന് വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച കേണല്‍ ബി സന്തോഷ് ബാബുവിനും മറ്റു ജവാന്മാര്‍ക്കും നീതി ഉറപ്പാക്കുന്നതിന് വേണ്ടി സാഹചര്യത്തിന് അനുസരിച്ച് പ്രധാനമന്ത്രിയും സര്‍ക്കാരും ഉയര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും മന്‍മോഹന്‍ സിംഗ് പറഞ്ഞു.

ചൈന പലപ്പോഴായി ഇന്ത്യന്‍ അതിര്‍ത്തി പ്രദേശങ്ങള്‍ തങ്ങളുടേതാണെന്ന അവകാശവാദം ഉന്നയിക്കുകയാണ്. രാജ്യത്തിന്റെ പരമാധികാരത്തില്‍ വിട്ടുവീഴ്ച ചെയ്യരുത്.പ്രധാനമന്ത്രിയുടെ വാക്കുകളെടുത്ത് ചൈനയെ തങ്ങളുടെ ഭാഗം ന്യായീകരിക്കാന്‍ അനുവദിക്കരുത്. സര്‍ക്കാരിന്റെ എല്ലാ മന്ത്രാലയങ്ങളും ഈ വിഷയം ഒരേ രീതിയില്‍ കൈകാര്യം ചെയ്യണം. പലരീതിയില്‍ സംസാരിക്കുന്നത് രാജതാല്പര്യത്തിന് ചേര്‍ന്നതല്ലെന്നും മന്‍മോഹന്‍സിങ് മുന്നറിയിപ്പ് നല്‍കി.

Top