ലോക്ഡൗണ്‍ നീട്ടല്‍; പ്രധാനമന്ത്രിയുടേത് ശരിയായ തീരുമാനമെന്ന് അരവിന്ദ് കെജ്രിവാള്‍

ന്യൂഡല്‍ഹി: രാജ്യത്ത് ലോക്ക്ഡൗണ്‍ നീട്ടിയെന്ന് സ്ഥിരീകരിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. ലോക്ക്ഡൗണ്‍ നീട്ടാനുള്ള പ്രധാനമന്ത്രിയുടെ തീരുമാനത്തെ ശരിയായ തീരുമാനം എന്നാണ് കെജ്രിവാള്‍ വിശേഷിപ്പിച്ചത്. ട്വിറ്ററിലൂടെയായിരുന്നു പ്രതികരണം.

ഇന്ന്, വികസിത രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയുടെ സ്ഥാനം മികച്ചതാണ്. കാരണം നമ്മള്‍ നേരത്തെ ലോക്ക്ഡൗണ്‍ ആരംഭിച്ചു. അത് ഇപ്പോള്‍ അവസാനിപ്പിക്കുകയാണെങ്കില്‍ ഇതുവരെയുള്ള നേട്ടങ്ങളെല്ലാം നഷ്ടപ്പെടുമെന്നും
കെജ്രിവാള്‍ ട്വിറ്ററില്‍ കുറിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ച സംസ്ഥാന മുഖ്യമന്ത്രിമാരുടെ യോഗത്തിലാണ് കൊവിഡ് വ്യാപനം തടയാന്‍ രാജ്യത്ത് ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണ്‍ രണ്ടാഴ്ചത്തേക്ക് കൂടി നീട്ടാന്‍ ധാരണയായത്. എന്നാല്‍ ഇക്കാര്യം ഇതുവരേയും ഔദ്യോഗിക സ്ഥിരീകരണമായിട്ടില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇക്കാര്യം രാജ്യത്തെ അറിയിക്കുമെന്നാണു കരുതുന്നത്.

രാജ്യത്ത് ലോക്ക് ഡൗണ്‍ നീട്ടണമെന്നാണ് മിക്ക സംസ്ഥാനങ്ങളും അഭിപ്രായപ്പെട്ടതായാണ് റിപ്പോര്‍ട്ട്. കോവിഡ്-19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് രാജ്യത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. മാര്‍ച്ച് 24ന് ആരംഭിച്ച ലോക്ക്ഡൗണ്‍ ഏപ്രില്‍ 14ന് അവസാനിക്കാനിരിക്കുകയായിരുന്നു. ഈ സാഹചര്യത്തിലാണ് പുതിയ തീരുമാനം.

Top