പാക്കിസ്ഥാനു മുകളിലൂടെ മോദി പറക്കില്ല, നിലപാട് കടുപ്പിച്ച് ഇന്ത്യ

ന്യൂഡല്‍ഹി : ഷാങ്ഹായ് സഹകരണ ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി കിര്‍ഗിസ്ഥാനിലേക്കുള്ള യാത്രയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി പാക്കിസ്ഥാന്‍ വഴിയുള്ള വ്യോമ പാത ഉപയോഗിക്കില്ലെന്ന് വിദേശകാര്യ മന്ത്രാലയം.
പകരം ഒമാന്‍, ഇറാന്‍, മധ്യ ഏഷ്യന്‍ രാജ്യങ്ങള്‍ വഴിയായിരിക്കും പ്രധാനമന്ത്രി കിര്‍ഗിസ്ഥാനിലെത്തുക.

വ്യാഴാഴ്ചയും വെള്ളിയാഴ്ചയുമായി നടക്കുന്ന എസ്സിഒ സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനാണ് പ്രധാനമന്ത്രി കിര്‍ഗിസ്ഥാനിലേക്ക് പോകുന്നത്. പാക്ക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും ഈ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്. പ്രധാനമന്ത്രിയായി നരേന്ദ്രമോദി അധികാരമേറ്റ ശേഷം ആദ്യമായി പങ്കെടുക്കുന്ന അന്താരാഷ്ട്ര ഉച്ചകോടിയാണിത്.

ഫെബ്രുവരി 26 ലെ ബാലാകോട്ട് ആക്രമണത്തിന് ശേഷം വ്യോമാതിര്‍ത്തി അടച്ചിടാന്‍ പാകിസ്ഥാന്‍ തീരുമാനിക്കുകയായിരുന്നു. പാക്കിസ്ഥാന്റെ 11 വ്യോമപാതകളില്‍ 9 എണ്ണവും താല്‍ക്കാലികമായി അടച്ചിരുന്നു. ഇന്ത്യയുടെ ആവശ്യത്തെ തുടര്‍ന്ന് പ്രധാനമന്ത്രിക്കായി വ്യോമയാന പാത തുറക്കാമെന്ന് പാക്കിസ്ഥാന്‍ അറിയിച്ചിരുന്നു. എന്നാല്‍ ഇതുവഴി പറക്കാനുള്ള തീരുമാനം മന്ത്രാലയം പിന്നീട് മാറ്റുകയായിരുന്നു. അതേസമയം കഴിഞ്ഞ മാസം 21 ന് വിദേശകാര്യ മന്ത്രിയായിരുന്ന സുഷമസ്വരാജിന് കിര്‍ഗിസ്ഥാനിലേക്ക് പോകാനായും ഇന്ത്യന്‍ അഭ്യര്‍ത്ഥനപ്രകാരം പാകിസ്ഥാന്‍ വ്യോമപാത തുറന്ന് നല്‍കിയിരുന്നു.

പാക്കിസ്ഥാന്‍ വ്യോമപാത അടച്ചതിനെ തുടര്‍ന്ന് ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ വന്‍ നഷ്ടം സഹിച്ചാണ് സര്‍വീസ് നടത്തുന്നത്. എയര്‍ ഇന്ത്യക്ക് മാത്രം ദിവസം അഞ്ചു മുതല്‍ ഏഴു കോടി വരെ നഷ്ടമുണ്ടാകുന്നുണ്ടെന്നാണ് കണക്ക്.

Top