പ്രഖ്യാപനങ്ങള്‍ വാഗ്ദാനങ്ങള്‍ മാത്രം : രാജ്യത്തിന്റെ കാവല്‍ക്കാരന് അടിപതറുമോ . . . ?

രാജ്യം തെരഞ്ഞെടുപ്പ് ചൂടിലേക്ക് നീങ്ങുമ്പോള്‍ പ്രഖ്യാപനങ്ങള്‍ വാഗ്ദാനങ്ങള്‍ ആക്കി മാത്രം നിലനിര്‍ത്തിയാണ് പ്രധാനമന്ത്രി ഉള്‍പ്പെടെ ഉള്ളവര്‍ കളത്തിലിറങ്ങുന്നത്. രാജ്യത്തിന്റെ നെഞ്ചിലേറ്റ പ്രഹരമായ ബാലക്കോട്ടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ജവാന്മാരുടെ പേരില്‍ മോദി കളിക്കാനൊരുങ്ങുന്ന രാഷ്ട്രീയ നാടകം ഇനി വിലപോവില്ല. പ്രത്യാക്രമണത്തില്‍ തിരിച്ചടി നല്‍കി രാജ്യത്തിന്റെ ജനങ്ങളുടെ മനസ്സ്‌ തനിക്കും ബിജെപിക്കൊപ്പവുമാണെന്ന് മോദി കണക്ക് കൂട്ടുന്നത് അബദ്ധമാണ്. ബിജെപിയെന്ന രാജ്യം ഭരിക്കുന്ന പാര്‍ട്ടിയില്‍ നിന്ന് ജനങ്ങള്‍ പ്രതീക്ഷിച്ചിരുന്ന അല്ലെങ്കില്‍ ആഗ്രഹിച്ചിരുന്ന കുറച്ചധികം കാര്യങ്ങള്‍ ഉണ്ടായിരുന്നു. എന്തേ പ്രധാനമന്ത്രി അത്തരം കാര്യങ്ങളോട് മുഖം തിരിച്ചത്. ?

കര്‍ഷക പ്രക്ഷോഭവും ,റാഫേല്‍ കേസും, നീരവ് മോദി , ജി എസ്.ടി , ആധാര്‍ വിഷയവും ഒക്കെ കത്തിപടര്‍ന്നിട്ടും കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിക്കും അതിന്റെ തലപ്പത്തിരിക്കുന്ന ഉന്നത നേതാക്കള്‍ക്കും നാളിതുവരെ വ്യക്തമായ മറുപടി നല്‍കാന്‍ സാധിച്ചിട്ടില്ല .ഇന്ത്യന്‍ ഗവണ്‍മെന്റ് ഏറ്റവും മികച്ച രീതിയില്‍ നീരവ് മോദിയെ ഇന്ത്യയിലെത്തിക്കാന്‍ ശ്രമിക്കുന്നൂ എന്നാണ് മോദി സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ അധികാരികള്‍ പറയുന്നതനുസരിച്ച് നീരവ് മോദിയെ കുറിച്ചുള്ള അന്വേഷണങ്ങള്‍ ഇന്ത്യന്‍ സര്‍ക്കാരിന് കൈമാറുന്നുണ്ടെങ്കിലും ഒരു തരത്തിലുമുള്ള മറുപടി സര്‍ക്കിരിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നില്ല എന്നതാണ് യാതാര്‍ഥ്യം.

പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് 13,000 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ നീരവ് മോദിയെക്കുറിച്ച് 2018 ഫെബ്രുവരിയിലാണ് ഇന്ത്യന്‍ ഗവണ്‍മെന്റ് ആദ്യമായി ബ്രിട്ടീഷ് സര്‍ക്കാരിന് ജാഗ്രത പുറപ്പെടുവിച്ചത്. നീരവ് മോദിക്കും കുടുംബത്തിനുമെതിരായി അന്ന് ക്രിമിനല്‍ കേസും ചാര്‍ജ്ജ് ചെയ്തിരുന്നു.സീരിയസ് ഫ്രോഡ് ഓഫീസായ എസ്ഫ്ഒ ലണ്ടന്റെ റിപ്പോര്‍ട്ടനുസരിച്ച് ഒരുമാസത്തിന് ശേഷം നീരവ് മോദി യുകെയില്‍ തന്നെ ഉണ്ടെന്ന് ഇന്ത്യയെ അറിയിക്കുകയും ചെയ്തിരുന്നു.

പിന്നീട് എസ്എഫ് ഒയുടെ ആലോചന പ്രകാരം നിയമോപദേശകരും മറ്റ് വിദഗ്ദരും ഉള്‍പ്പെടെ ഇന്ത്യക്ക് പലതവണകളിലായി വിവരങ്ങള്‍ കൈമാറുകയും മറ്റും ചെയ്തിരുന്നു. നീരവ് മോദിയെ കുറിച്ചുളള കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ തങ്ങള്‍ ഇന്ത്യയിലേക്ക് എത്താന്‍ തയ്യാറെണെന്നും അറിയിച്ചു. പക്ഷെ ഇതിനൊന്നും മോദി സര്‍ക്കാര്‍ ചെവിക്കൊടുത്തില്ല എന്നതാണ് വാസ്തവം. നീരവ് മോദി ബ്രിട്ടനിലുണ്ടെന്നും ഇന്ത്യയിലേക്ക് വിട്ടുകിട്ടാനുള്ള എല്ലാ പഴുതടച്ച മാര്‍ഗങ്ങളും സ്വീകരിച്ചിട്ടുണ്ടെന്നുമാണ് മാര്‍ച്ച് 9ന് വിദേശകാര്യമന്ത്രാലയം നടത്തിയ അറിയിപ്പില്‍ പറഞ്ഞിരുന്നത്. എന്നാല്‍ ഇന്ത്യയുടെ ഭാഗത്ത് നിന്നും വേണ്ടത്ര വിവരങ്ങള്‍ ലഭിക്കാത്തതും കേസുമായി ബന്ധപ്പെട്ട് ഇന്ത്യകാട്ടുന്ന മനോഭാവത്തെ തുടര്‍ന്നും 2018 ഡിസംബറില്‍ എസ്എഫ്ഒ നീരവ് മോദിയുടെ കേസ് അന്വേഷണം അവസാനിപ്പിച്ചു.

എന്നാല്‍ ഇപ്പോഴും നീരവ് മോദി ലണ്ടനില്‍ ആഢംബര ജീവിതം നയിക്കുകയാണ്. യുകെ മാധ്യമമായ ടെലിഗ്രാഫാണ് നീരവ് മോദിയുടെ ലണ്ടന്‍ വാസം സംബന്ധിച്ച വാര്‍ത്തകള്‍ പുറത്തു വിട്ടത്. ബ്രിട്ടനില്‍ അഭയം തേടിയോയെന്നടക്കമുള്ള മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് ഒരു മറുപടിയും പറയാതെ ഒകു കൂസലും കൂടാതെ ലണ്ടന്‍ വീഥികളില്‍ വളരെ മാന്യനായി നടക്കുകയാണ് നീരവ് മോദി. ലണ്ടനില്‍ പുതിയ വജ്ര ബിസിനസ് ആരംഭിച്ചിരിക്കുകയാണെന്നും എട്ട് മില്ല്യണ്‍ പൗണ്ടിന്റെ അതായത് 75 കോടിയോളം രൂപയുടെ ആഢംബര ഫ്‌ളാറ്റിലാണ് ഇവിടെ കഴിയുന്നത് എന്നുമുള്ള വാര്‍ത്തകളാണ് പുറത്തുവരുന്നത്. ലണ്ടനില്‍ തെരുവുകളിലൂടെ നടന്നു പോകുന്ന നീരവിന്റെ വീഡിയോയും ഇവര്‍ പുറത്തു വിട്ടിട്ടുണ്ട്. ഇതില്‍ ഇയാള്‍ ധരിച്ചിരിക്കുന്ന ജാക്കറ്റിന് മാത്രം ഏകദേശം ഒന്‍പത് ലക്ഷം രൂപയോളം വിലവരുമെന്നാണ് കണക്കാക്കപ്പെടുന്നത്.

13,000 കോടിയുടെ തട്ടിപ്പ് നടത്തി സുഖവാസം നടത്തുന്ന നീരവ് മോദിയെ ഇന്ത്യയിലെത്തിക്കാനോ നിയമത്തിന് മുന്നില്‍ ഹാജരാക്കാനോ മോദി സര്‍ക്കാരിന് ഇതുവരെ സാധിച്ചിട്ടില്ല. ഒരുലക്ഷം രൂപയോ അതില്‍ താഴയോ കാര്‍ഷിക കടം തിരിച്ചടയ്ക്കാന്‍ ശേഷിയില്ലാതെ ആത്മഹത്യ ചെയ്യുന്ന കര്‍ഷകരുടെ എണ്ണം ദിനംപ്രതി വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് നീരവ് മോദിയെ പോലുള്ളവര്‍ കോടികള്‍ തട്ടിയെടുത്ത് നാടുംവിട്ട് സുഖമായി നടക്കുന്നത്. മോദിയെവിടെ മോദി എന്ന് പ്രധാനമന്ത്രിയോട് തന്നെ ചോദിക്കേണ്ട ഗതികേടിലാണ് ഇപ്പോള്‍ ഇന്ത്യയിലെ ജനങ്ങള്‍. ഒരു തരത്തിലുള്ള ക്രിമിനലുകളേയും തട്ടിപ്പ്കാരേയും രാജ്യത്ത് വെച്ചുപൊറുപ്പിക്കില്ലെന്ന് പ്രസംഗിക്കുന്ന മോദിയെന്തെ നീരവ് മോദിയേയും വിജയ് മല്യയേയുമൊക്കെ ഇങ്ങനെ സുഖവാസത്തിന് വിട്ടിരിക്കുന്നത്. കേര്‍പ്പറേറ്റ് രാഷ്ട്രീയത്തില്‍ മുങ്ങി ഇന്ത്യയെ പുരോഗതിയിലേക്ക് നയിക്കാം എന്ന് കണക്ക് കൂട്ടുന്നത് തന്നെ രാജ്യത്തെ സാധാരണക്കാരന്റെ നെഞ്ചത്ത് കുത്തുന്നതിന് സമാനമാണ്.

രാജ്യത്ത്‌ എല്ലാ യുവാക്കള്‍ക്കും സൗജന്യ തൊഴില്‍ ഏര്‍പ്പെടുത്തും എന്ന് പറഞ്ഞ നരേന്ദ്ര മോദി ഇപ്പോള്‍ അറിയേണ്ടത് ഇതാണ്. ജോലി പോയിട്ട് ഒരുനേരത്തെ ഭക്ഷണം പോലും ലഭിക്കാതെ പിടഞ്ഞു വീഴുന്ന കുഞ്ഞുങ്ങളുണ്ട് രാജ്യത്ത്. പ്രത്യേകിച്ച് മോദിയുടെ മണ്ഡലമായ വാരണാസിയില്‍. പട്ടിണിയും പോഷകാഹാരക്കുറവും മൂലം കുഞ്ഞുങ്ങള്‍ മരിച്ചു വീഴുന്നതായി ഏഷ്യന്‍ ബ്രിഡ്ജ് ഇന്ത്യ സന്നദ്ധസംഘടനയാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ തന്നെ കണക്കനുസരിച്ച് പോഷകാഹാരക്കുറവുള്ള ഒരുലക്ഷത്തി ഇരുപത്തി ഒമ്പതിനായിരം കുഞ്ഞുങ്ങള്‍ സംസ്ഥാനത്തുണ്ട്. ഇതില്‍ നല്ലൊരു പങ്കും നരേന്ദ്രമോദിയും മുഖ്യമന്ത്രി യോഗി ആദിത്യനാഥും പ്രതിനിധാനം ചെയ്യുന്ന പൂര്‍വ്വാഞ്ചല്‍ മേഖലയിലാണ്. ഇത്തരം കുഞ്ഞുങ്ങളെ ഏറ്റെടുക്കാന്‍ ഫണ്ടും പദ്ധതിയും ഉണ്ടായിട്ടും അധികൃതര്‍ തിരിഞ്ഞു നോക്കിയില്ലെന്നാണ് ആരോപണം.

രാജ്യത്തെ ജനങ്ങളുടെ അടിസ്ഥാന കാര്യങ്ങള്‍ ഉറപ്പാക്കിയിട്ടു പോരെ അന്താരാഷ്ട്ര കാര്യങ്ങളിലേക്ക് കടക്കല്‍..രാജ്യത്തിന്റെ കാവല്‍ക്കാരന്‍ എന്ന് മോദി തന്നെ പ്രഖ്യാപിക്കുമ്പോഴും ഇവിടെ സ്ഥിതിഗതികള്‍ മറിച്ചാണ്. വേലി തന്നെ വിളവ് തിന്നുന്ന ഏര്‍പ്പാടാണ് ഇവിടെ നടക്കുന്നത്. സമൂഹത്തിലെ അഴിമതിയും തിന്മയും തുടച്ചു നീക്കാന്‍ പ്രവര്‍ത്തിക്കുന്ന ഓരോ വ്യക്തിയും രാജ്യപുരോഗതിക്കായി,കഠിനമായി പരിശ്രമിക്കുന്ന ഓരോരുത്തരും ചൗക്കീദാറാണ്, അഥവാ കാവല്‍ക്കാരനണെന്ന് പറഞ്ഞ് ട്വിറ്റര്‍ അക്കൗണ്ടില്‍ പേരിനോടൊപ്പം മാത്രം അത് കൂട്ടിച്ചേര്‍ത്തത് കൊണ്ട് കാര്യമില്ല. റഫാല്‍ കരാറിലെ ക്രമക്കേടുകള്‍ മുന്‍നിരത്തി രാഹുല്‍ ഗാന്ധി പൊതു പരിപാടികളില്‍ രാജ്യത്തിന്റെ കാവല്‍ക്കാരന്‍ കള്ളനാണെന്ന് ആവര്‍ത്തിച്ച് ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബിജെപി സര്‍ക്കാരിന്റെ ഭരണനേട്ടങ്ങള്‍ കോര്‍ത്തിണക്കി തയ്യാറാക്കിയ വീഡിയോ പുറത്തിറക്കിയതിനൊപ്പം മേം ഭി ചൗക്കീദാരെന്ന ടാഗ് ലൈന്‍ മോദി ട്വിറ്ററില്‍ കുറിച്ചത്.

പരസ്പരം ചെളിവാരിയെറിഞ്ഞും ശീതയുദ്ധം നടത്തിയുമല്ല രാജ്യത്തിന്റെ കാവല്‍ക്കാരാകേണ്ടത്. ജനങ്ങളുടെ മനസ്സറിഞ്ഞാണ് .അത് ഏത് പാര്‍ട്ടിയായാലും എത്ര വലിയ മുന്നണിയായാലും . ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വിജയിക്കാനായി ഏതടവും പയറ്റുന്ന കോര്‍പ്പറേറ്റ് രാഷ്ടീയമല്ല ഇന്ത്യക്ക് വേണ്ടത്. പ്രകടനപത്രികയുടെ കനം കൂട്ടിയിട്ട് മാത്രം കാര്യമില്ലെന്ന്‌ ഇനിയങ്കിലും നേതാക്കള്‍ മനസ്സിലാക്കണം.

Jasmin Anshad

Top