പരമോന്നത കോടതി മാതൃക; ലിംഗവിവേചനം കൊണ്ട് ഒരു രാജ്യത്തിനും മുന്നോട്ട് പോകാനാകില്ല

ന്യൂഡല്‍ഹി: രാജ്യത്തിന്റെ പരമോന്നത കോടതിയായ സുപ്രീം കോടതി സമീപകാലത്ത് വളരെ സുപ്രധാന വിധികള്‍ പുറപ്പെടുവിച്ചിരുന്നു. ആഗോളതലത്തില്‍ തന്നെ ചര്‍ച്ചയ്ക്ക് വഴിവെച്ചിരുന്ന വിധികളായിരുന്നു അത്. എന്നാല്‍ ഇവയെല്ലാം രാജ്യത്തെ ജനങ്ങള്‍ ഇരുകൈയ്യും നീട്ടി സ്വാഗതം ചെയ്തുവെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഇപ്പോള്‍ വാദിക്കുന്നത്. ഡല്‍ഹിയില്‍ നടന്ന അന്താരാഷ്ട്ര ജുഡീഷ്യല്‍ സമ്മേളനത്തില്‍ സംസാരിക്കുകായിരുന്നു പ്രധാനമന്ത്രി.

കൂടാതെ, 1500-ഓളം കാലഹരണപ്പെട്ട നിയമങ്ങള്‍ ഈ അടുത്ത് രാജ്യം ഒഴിവാക്കിയെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

അതേസമയം ലിംഗസമത്വത്തിനും വനിതകളുടെ ഉന്നമനത്തിനും വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാരിന്റെ പ്രാഥമിക ലക്ഷ്യമെന്നാണ് മോദിയുടെ വാദം. ലിംഗവിവേചനം കൊണ്ട് ഒരു രാജ്യത്തിനും മുന്നോട്ട് പോകാനാവില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. സൈന്യത്തിലെ വനിതകളുടെ അവകാശം ഉറപ്പാക്കിക്കൊണ്ടുള്ള വിധിയെ പ്രകീര്‍ത്തിക്കാനും മോദി മറന്നില്ല.

എല്ലാ സംസ്‌കാരങ്ങളെയും ഒരുപോലെ സ്വാഗതം ചെയ്യുന്ന രാഷ്ട്രമാണ് ഇന്ത്യ എന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡേ സമ്മേളനത്തെ അഭിസംബോധന ചെയ്തു കൊണ്ടു സംസാരിക്കവെ ചൂണ്ടിക്കാട്ടി. വ്യക്തിസ്വാതന്ത്ര്യത്തിന് വലിയ പ്രാധാന്യം നല്‍കുന്നതാണ് ഇന്ത്യന്‍ ഭരണഘടനയെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.

ചീഫ് ജസ്റ്റിസിന് പുറമെ നിയമമന്ത്രി രവിശങ്കര്‍ പ്രസാദ്, സുപ്രീംകോടതി ജഡ്ജിമാര്‍ എന്നിവര്‍ സമ്മേളനത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.

Top